Article

തീര നിയന്ത്രണ വിജ്ഞാപനം 2019 CRZ- CZMP Draft

തീര നിയന്ത്രണ വിജ്ഞാപനം 2019 ന്റെ കരട് CZMP മാപ്പ്  തദ്ദേശസ്ഥാപനങ്ങൾക്ക് പരിശോധനയ്ക്കായി അയച്ചു നൽകി, ചിലരൊക്കെ അഭിപ്രായം രേഖപ്പെടുത്തി എന്നാണ് അറിവ്. പ്രദേശവാസികളുടെ ഭവനനിർമ്മാണം സാധ്യമാകണം എന്ന വിഷയം പൊതുവേ എല്ലാവരും ഉന്നയിക്കുന്നതാണെങ്കിലും കേന്ദ്ര വിജ്ഞാപനം ആയതിനാൽ അക്കാര്യത്തിൽ ഘടനാപരമായ ഭേദഗതികൾ വരുത്താൻ ഈ ഘട്ടത്തിൽ അവസരമില്ല. എന്നിരുന്നാലും തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവനനിർമ്മാണം സാധ്യമാക്കുന്നതിന് വിജ്ഞാപനത്തിൽ തന്നെ പല ഇളവുകളും നൽകുന്നുണ്ട്. അത് ഫലപ്രദമായി ഉപയോഗിക്കുന്ന തരത്തിലുള്ള CZMP തയ്യാറാക്കുന്നതിന് ശരിയായ ഇടപെടലുകൾ പ്രാദേശിക ഭരണകൂടത്തൻറെയും മറ്റു അധികാര കേന്ദ്രങ്ങളുടെയും നിലപാട് വ്യക്തമാക്കാൻ കഴിയുന്ന അവസരമാണിത്. പ്ലാൻ അന്തിമമായി ദേശീയ അധികാരികളാൽ, അംഗീകരിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നീട് മാറ്റങ്ങൾ വരുത്തുക ശ്രമകരമാണ്. 

ഈ പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ, CRZ 2019 വിജ്ഞാപനത്തിൻറെയും നിലവിൽ ലഭ്യമായ കരട് പ്ലാനിൻറെയും  അടിസ്ഥാനത്തിൽ, ചില പരാമർശങ്ങൾ കുറിക്കട്ടെ:-

1. പഞ്ചായത്തുകളെ 2011 ലെ ആകെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഒരു സ്ക്വയർ കിലോമീറ്ററിൽ 2161 ൽ അധികം ആളുകൾ താമസിക്കുന്നുണ്ടെങ്കിൽ CRZ IIIA ഗണത്തിൽ ഉൾപ്പെടുത്തിയതായാണ് കാണുന്നത്. എന്നാൽ വിജ്ഞാപനത്തിൻറെ 2.3 ഖണ്ഡിക പ്രകാരം land areas എന്നാണ്  CRZ III വിഭാഗത്തെ വിവക്ഷിച്ചിരിക്കുന്നത്. CRZ IIIA എന്നത് such densely populated CRZ III areas എന്നുമാണ് 2.3.1 ൽ സൂചിപ്പിച്ചിരിക്കുന്നത്. അതിനാൽ മൊത്തം ജനസംഖ്യയുടെ കണക്ക് നോക്കി CRZ III A/B വിഭാഗത്തെ തരംതിരിക്കുന്നതിന് പകരം കര ഭൂമിയുടെ അടിസ്ഥാനത്തിൽ ജനസംഖ്യ കണക്കിലാക്കണം. 

2. ബാക്ക് വാട്ടർ ദ്വീപുകളെ കണക്കാക്കിയിരിക്കുന്നത് ഓരോ ചെറിയ ദീപിൻറെയും വിവരങ്ങൾ രേഖപ്പെടുത്തിയാണ്. ആയത്  ജില്ലാതലത്തിൽ കരട് പ്രസിദ്ധീകരണത്തിന് മുമ്പുതന്നെ, തദ്ദേശസ്വയംഭരണ തലത്തിൽ പരിശോധിക്കാൻ  ബന്ധപ്പെട്ട  സമൂഹത്തിന് മതിയായ അവസരം നൽകണം. നിലവിൽ ദ്വീപ് എന്ന ഗണത്തിൽപ്പെടുത്തി 50 മീറ്റർ നിയന്ത്രണ പരിധി ഉള്ള പ്രദേശങ്ങളെല്ലാം തന്നെ പുതിയ വിജ്ഞാപനത്തിലെ 20 മീറ്റർ എന്ന പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനാകണം.

3. പൊക്കാളി പാടങ്ങളെ പുതിയ കരട് വിജ്ഞാപനത്തിൽ CRZ IB ൽ ഉൾപ്പെടുത്തിയതിയി കാണുന്നു. തദ്ദേശവാസികളുടെ പൊക്കാളി പാടങ്ങൾ കഴിഞ്ഞ വിജ്ഞാപനത്തിലെ പ്ലാനിൽ CRZ I(i) വിഭാഗത്തിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ച് മാറ്റങ്ങൾ ആവശ്യമാണെന്ന് അംഗീകരിക്കുന്ന വിദഗ്ധ സമിതി റിപ്പോർട്ട് (മുളവുകാട് ഗ്രാമപഞ്ചായത്തിലെ പൊക്കാളി പാടങ്ങൾ സംബന്ധിക്കുന്നത്) KCZMA കൈവശം തന്നെ ഉണ്ട് എന്നാണ് അറിവ്. കേരള ഹൈക്കോടതിയിലെ RP No.776.2013 കേസിൽ ഉൾപ്പെടെ ഇക്കാര്യങ്ങൾ രേഖയിൽ വന്നതാണ്. തദ്ദേശവാസികളുമായി ബന്ധപ്പെട്ട പൊക്കാളി പാടങ്ങൾ പുതിയ കരടിൽ CRZ IB ൽ ഉൾപ്പെടുത്തിയത് കാരണം തദ്ദേശവാസികളുടെ ഭവന നിർമ്മാണത്തിനുള്ള സാധ്യത ഇല്ലാതാകരുത്.  ഉപ്പുവെള്ളം കയറാത്ത രീതിയിലാണ് ചില പ്രദേശങ്ങളിലെ പൊക്കാളി ക്രമീകരണം എന്നുള്ള വിഷയവും പരിഗണനയിൽ എടുക്കണം. 5 PPT ഉപ്പുരസം സംബന്ധിച്ച് തർക്കം ഉന്നയിക്കുന്ന പ്രദേശങ്ങളിൽ വിജ്ഞാപനത്തിൽ പറയുന്നതുപോലെ spring tide കാലത്ത് ഉപ്പു രസത്തിൻറെ അളവ് നോക്കി ബോധ്യപ്പെടണം.

4. CRZ III മേഖലയിൽ പരമ്പരാഗത  തീര വാസികളുടെ ഭവന നിർമ്മാണം/പുനർനിർമ്മാണം സുരക്ഷാ നിബന്ധനകളോടെ അംഗീകരിക്കുന്ന കാര്യം വിജ്ഞാപനം 5.3(ii)a ഭാഗത്ത് ഇളവായി പറയുന്നുണ്ട്. അക്കാര്യം നടപ്പിലാക്കുന്നതിനുവേണ്ടി മാനേജ്മെൻറ് പ്ലാൻ തയ്യാറാക്കുന്നത് ഘട്ടത്തിൽ അനുബന്ധം 4 മാർഗരേഖ ഖണ്ഡിക 5 പ്രകാരം detailed plans for long-term housing needs of coastal fisher communities എന്നത് സംസ്ഥാനങ്ങൾ നിർബന്ധമായും ചെയ്യേണ്ട കാര്യമാണ്. പുതിയ കരട് പ്ലാനിൽ ഓരോ പ്രദേശത്തിൻറെയും അവസ്ഥ കണക്കിലെടുത്ത്  അക്കാര്യം ഉൾപ്പെടുത്താൻ പ്രത്യേക ശ്രദ്ധയുണ്ടാകണം. 

5. ടൂറിസം അനുബന്ധ പ്രവർത്തനങ്ങൾക്കായി അനുയോജ്യ പ്രദേശങ്ങളായി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങൾ സംബന്ധിച്ച് പ്രദേശം കൂടുതൽ വാണിജ്യ വൽക്കരിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ തദ്ദേശവാസികളെ എങ്ങനെ ബാധിക്കും എന്നത് കൂടി ഓരോ പ്രദേശത്തിൻറെയും തനതായ അവസ്ഥ കണക്കിലെടുത്ത് വിലയിരുത്തണം.

6. നിലവിൽ CRZ II ൽ ഉൾപ്പെട്ടിരിക്കുന്ന ചില പ്രദേശങ്ങൾ (ഉദാഹരണം- മരട്) പുതിയ കരട് വിജ്ഞാപനത്തിൽ,  ബാക്ക്‌വാട്ടർ ദീപുകളുടെ പരിധിയിൽ വരുമ്പോൾ നിലവിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇളവുകൾക്ക് (അംഗീകൃത നമ്പറിട്ട കെട്ടിടത്തിൻറെയോ റോഡിൻറെയോ കര ഭാഗത്തേക്ക് നിർമ്മാണങ്ങൾ ആകാം എന്നത്) നഷ്ടം ഉണ്ടാകാത്ത രീതിയിൽ ദ്വീപ് എന്ന പരിഗണന കൂടി ലഭിക്കണം.

മേൽപ്പറഞ്ഞവയിൽ ഓരോ പ്രദേശത്തിനും ഉചിതമായ കാര്യങ്ങൾ, കരട് പ്ലാൻ സംബന്ധിച്ച് ചർച്ചയിൽ ഉന്നയിക്കുകയും ആവശ്യമായ പരിശോധനകൾ നടത്തി അധികാരികളുടെ മുന്നിൽ സമർപ്പിക്കുകയും ചെയ്യുന്നത് ഈ വിജ്ഞാപനം മൂലം സ്വന്തമായി സ്ഥലം ഉണ്ടായിട്ടും ഭവനനിർമ്മാണം സാധ്യമാകാത്ത പരമ്പരാഗത തദ്ദേശവാസികൾ ക്കും,   മത്സ്യത്തൊഴിലാളി സമൂഹങ്ങൾക്കും  ഏറെ സഹായകരമാകും എന്നാണ് കരുതുന്നത്. സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം, വിജ്ഞാപനത്തിൻറെ അടിസ്ഥാനത്തിലുളള  വ്യക്തിപരമായ അഭിപ്രായങ്ങളാണ്.
#CRZ2019_draft_CZMP

Adv Sherry J Thomas

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *