Article

അവര്‍ക്കിനിയുമുണ്ട് ജീവിതം ബാക്കി ....... Rights of Senior Citizens

അവര്‍ക്കിനിയുമുണ്ട് ജീവിതം ബാക്കി .......


അവറാച്ചന്‍ അഭിമാനിയാണ്. എല്ലുമുറിയെ പണിയെടുത്ത് സാമാന്യം മെച്ചപ്പെട്ട നിലയില്‍ ജീവിച്ചുപോരാനുള്ള സംഗതികള്‍ ഉണ്ടാക്കിയതിന്‍റെ തെല്ല് അഹങ്കാരവുമണ്ട്. രണ്ട് മക്കളാണ് അവറാച്ചന് - ഒരാണും പെണ്ണും. മകളെ കല്യാണം കഴിപ്പിച്ചയച്ചു. നല്ല തുക പാരിതോഷികമായും കൈയ്യും കഴുത്തും മുഴുവന്‍ സ്വര്‍ണ്ണവും അണിയിച്ചാണ് മകളുടെ കല്യാണം നടത്തിയത്. പഴയ തറവാട് വീട്  വലിയ തുക മുടക്കി പുതുക്കിപ്പണിയാന്‍ മകന്‍ ഉത്സാഹം കാണിച്ചപ്പോള്‍ അതിനും അവറാച്ചന് സമ്മതമായിരുന്നു. വയസ്സായതിനാല്‍ ഇനി ബാങ്ക് ലോണ്‍ മകന്‍റെ പേരില്‍ ആകട്ടെയെന്നും കരുതി. ബാങ്ക് ലോണ്‍ കിട്ടണമെങ്കില്‍ ഭൂമി മകന്‍റെ പേരിലായിരിക്കണം. അതിനായി മകന്‍റെ പേരില്‍ ധനനിശ്ചയാധാരവും എഴുതി. അവറാച്ചന് ഇനി ആ ഭൂമിയില്‍ മരണം വരെ പെരുമാറാനുള്ള അവകാശം മാത്രം നില നിര്‍ത്തി. മകന്‍റെ പേരില്‍ ഭൂമി പോക്കുവരവും നടത്തി.  
മകന്‍റെയും വിവാഹം കഴിഞ്ഞു. അവറാച്ചന്‍ അപകടം മണത്തുതുടങ്ങി. താന്‍ ഉണ്ടാക്കിയ വസ്തുവകകളില്‍ അന്യനായി മാറുന്നതുപോലെ തോന്നിത്തുടങ്ങി. മാസങ്ങള്‍ക്കുള്ളില്‍ അന്യനായി മാറി. അവഗണന അവറാച്ചന് സഹിക്കാനായില്ല, അഹങ്കാരഭാവം അപമാനമായി മാറി. ഭൂമി എഴുതിക്കൊടുത്തതോടെ സകല അവകാശങ്ങളും ആ വീട്ടില്‍ ഇല്ലാതൊയെന്ന് അവറാച്ചന് മനസ്സിലായി. ഭൂമി  എഴുതി നല്‍കിയത് റദ്ദാക്കാന്‍ ശ്രമിച്ചെങ്കിലും പോക്കുവരവ് ചെയ്തുപോയതിനാല്‍ ഇനി അതിന് സാധ്യത കുറവാണെന്നും മനസ്സിലായി. 2008 സെപ്തംബര്‍ മാസത്തിനു ശേഷമാണ് ആധാരം ചെയ്തിരുന്നതെങ്കില്‍ ആര്‍ ഡി ഒ ക്ക് അപേക്ഷ നല്‍കിയാല്‍ ധനനിശ്ചയാധാരം റദ്ദാക്കാമായിരുന്നുവെന്ന് അറിഞ്ഞു. പക്ഷെ ഇത് അതിനു മുന്നെ ആയതിനാല്‍ ആ വഴിയും അടഞ്ഞു. പക്ഷെ എന്നാലും തന്നെപ്പോലെയുള്ള മുതിര്‍ന്ന പൗരന്‍മാരെ സംരക്ഷിക്കാന്‍ നിയമം വന്ന കാര്യം അന്ന് അവറാച്ചന്‍ അറിഞ്ഞു. 

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക അവകാശങ്ങള്‍

പ്രായമേറിയാലുള്ള ജിവിതം കാലിക സമൂഹത്തില്‍ ഒരു വെല്ലുവിളിയായി മാറുകയാണ്. വിധവകളുള്‍പ്പെടെ ധാരാളം പ്രായമായവര്‍ ആരാലും പരിപാലിക്കപ്പെടാനില്ലാതെ അംഗീകൃതമായതും അല്ലാത്തതുമായ വൃദ്ധസദങ്ങളെ ആശ്രയിച്ച് കഴിയുന്നുണ്ട്. അവരെ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കാനുള്ള ബാധ്യത ഭരണകൂടത്തിനാണ്. ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 125 പ്രകാരം മുതിര്‍ന്നവര്‍ക്ക് മക്കളില്‍ നിന്ന് ജീവനാംശം ലഭിക്കുന്നതിന് അവകാശമുണ്ടെങ്കിലും അത്തരം നടപടികള്‍ സമയദൈര്‍ഘ്യവും പണച്ചിലവും ഏറിയതാണെന്ന നിഗമനത്തിലാണ് മുതിര്‍ന്നവര്‍ക്കും മാതാപിതാക്കള്‍ക്കും ജീവനാംശവും ക്ഷേമവും  ലഭിക്കാനുള്ള പുതിയ നിയമം (Welfare and Maintenance of Parents and Senior Citizens Act 2007) പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. മക്കള്‍ മാത്രമല്ല മുതിര്‍ന്നവരുടെ വസ്തുവഹകള്‍ അവരുടെ കാലശേഷം പിന്തുടര്‍ച്ചാവകാശനിയമപ്രകാരം ലഭിക്കുന്നവരും ഈ നിയമപ്രകാരം മുതിര്‍ന്നവരെ പരിപാടിക്കാന്‍ ബാധ്യസ്ഥരാണ്.  ഈ നിയമം കേരളത്തില്‍ 24-9-08 ല്‍ പ്രാബല്യത്തില്‍ വന്നു. 

ആര്‍ക്കൊക്കെ ഈ നിയമത്തിന്‍റെ പ്രയോജനം ലഭിക്കും ?

മാതാപിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമാണ് ഈ നിയമപ്രകാരം മക്കളില്‍ നിന്നോ അനന്തരാവകാശികളില്‍ നിന്നോ ജീവനാംശവും ക്ഷേത്തിനായുള്ള മറ്റ് സൗകര്യങ്ങളും അവകാശപ്പെടാവുന്നത്. യഥാര്‍ത്ഥ മാതാപിതാക്കള്‍, ദത്തെടുക്കലിലൂടെയുള്ള മാതാപിതാക്കള്‍,  രണ്ടാനച്ഛന്‍/ രണ്ടാനമ്മ എന്നിവര്‍ക്ക്  ഈ നിയമത്തിന്‍റെ ആനുകൂല്യം ലഭിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ എന്നതുകൊണ്ട് ഈ നിയമം ഉദ്ദേശിക്കുന്നത് 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരെയാണ്. 

എങ്ങനെ പ്രയോജനം ലഭിക്കും ?

# സ്വയം വരുമാനം കണ്ടെത്തി ജീവിക്കാനാകാത്ത മുതിര്‍ന്ന പൗരന്‍മാര്‍ക്കും മാതാപിതാക്കള്‍ക്കും ഈ നിയമപ്രകാരം അപേക്ഷ നല്‍കാം. നിയമത്തിലെ വകുപ്പ് 5 പ്രകാരം ഇതിനായി പ്രത്യേകം സ്ഥാപിച്ച ട്രൈബ്യൂണലിലാണ് അപേക്ഷ നല്‍കേണ്ടത്. 
# പ്രായപൂര്‍ത്തിയായ മക്കളും പേരക്കുട്ടികളും ഇതിന്‍റെ ഇതിന്‍റെ പരിധിയില്‍ വരും. മക്കളില്ലാത്ത മുതിര്‍ന്നവര്‍ക്ക്  കാലശേഷം തങ്ങളുടെ വസ്തുവഹകള്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം കൈവശം ലഭിക്കുന്നവരില്‍ നിന്നോ ജീവിതകാലം തന്നെ തങ്ങളുടെ വസ്തു കൈവശം വച്ച് ഉപയോഗിക്കുന്നവരില്‍ നിന്നോ (ബന്ധുക്കള്‍) ജീവനാംശവും ക്ഷേമവും ആവശ്യപ്പെടാം. 
# സാധാരണയായ ഒരു ജീവിതം നയിക്കാന്‍ ഒരു മുതിര്‍ന്ന പൗരന് എന്തൊക്കെയാണോ ആവശ്യം; അവയെല്ലാം നല്‍കാന്‍ മക്കളോടൊ പേരക്കുട്ടികളോടൊ ഇതിന്‍റെ പരിധിയില്‍ വരുന്ന ബന്ധുക്കളോടൊ ആവശ്യപ്പെടാം. പരമാവധി പതിനായിരം രൂപവരെ ജീവനാംശമായി ലഭിക്കാം. ഈ നിയമത്തിലെ നിര്‍വ്വചനപ്രകാരമുള്ള ഒന്നിലധികം ബന്ധുക്കള്‍ ഉണ്ടെങ്കില്‍, പിന്തുടര്‍ച്ചാവകാശമനുസരിച്ച് അവര്‍ക്ക് ഏത് അളവിലാണോ വസ്തുവഹകള്‍ ലഭിക്കുന്നത്, അതേ അളവില്‍ ജീവനാംശം നല്‍കേണ്ടുന്ന തുകയും വീതിക്കാം. 
# സ്വന്തമായി അപേക്ഷ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് മറ്റേതെങ്കിലും വ്യക്തികള്‍ മുഖേനയൊ രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ മുഖേനയോ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കാം. അതല്ലാതെയും ട്രൈബ്യൂണലിന് സ്വമേധയാ നടപടികളെടുക്കാനും അധികാരമുണ്ട്. 
# ട്രൈബ്യൂണലില്‍ ജീവനാംശത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ എതിര്‍കക്ഷിക്ക് നോട്ടീസ് നല്‍കി 90 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണം. ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളില്‍ കാരണം രേഖപ്പെടുത്തിയ ശേഷം പരമാവധി 30 ദിവസം കൂടി സമയം നീട്ടീ നല്‍കാം. അപേക്ഷ തീര്‍പ്പാക്കുന്നതിനു മുമ്പുതന്നെ ഇടക്കാല ഉത്തരവിലൂടെയും ട്രൈബ്യൂണലിന് ജീവനാംശം അനുവദിക്കാവുന്നതാണ്. 
# ട്രൈബ്യൂണലിന്‍റെ ഉത്തരവ് പ്രകാരം ജീവനാംശം നല്‍കാത്തവര്‍ക്കെതിരെ വാറന്‍റ് പുറപ്പെടുവിച്ച് ഒരു മാസം വരെയോ പണം അടയ്ക്കുന്നതുവരെയോ ജയില്‍ ശിക്ഷ വിധിക്കാം. ഉത്തരവുപ്രകാരം ലഭിക്കാനുള്ള തുക കുടിശ്ശിക വന്ന് 3 മാസത്തിനുള്ളില്‍ തന്നെ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കേണ്ടതാണ്. 

എവിടെ അപേക്ഷ നല്‍കണം ?

അപേക്ഷകന്‍ താമസിക്കുന്നതോ അവസാനം താമസിച്ചതോ ആയ ജില്ലയിലെ ട്രൈബ്യൂണലില്‍ ജീവനാംശത്തിനായി അപേക്ഷ നല്‍കാം. അതല്ലെങ്കില്‍ എതിര്‍കക്ഷി (മക്കള്‍/ബന്ധുക്കള്‍) താമസിക്കുന്ന ജില്ലയിലെ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കാം. ട്രൈബ്യൂണലില്‍ ലഭിക്കുന്ന അപേക്ഷകള്‍, ആവശ്യമെന്നുതോന്നിയാല്‍ കണ്‍സീലിയേഷന്‍ ഓഫീസര്‍ക്ക് അയച്ചുകൊടുക്കുന്നതും ഒരു മാസത്തിനം കണ്‍സീലിയേഷന്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണ്. വിഷയം ഒത്തുതിര്‍പ്പാവുകയാണെങ്കിലും അക്കാര്യം രേഖപ്പെടുത്തി ട്രൈബ്യൂണലിന് ഉത്തരവിറക്കാവുന്നതാണ്. ജീവനാംശം നല്‍കാന്‍ ഉത്തവായിക്കഴിഞ്ഞാല്‍ എതിര്‍കക്ഷി 30 ദിവസത്തിനുള്ളില്‍ തുക കെട്ടിവയ്ക്കണം. 5 ശതമാനത്തില്‍ കുറയാത്തതും 18 ശതമാനത്തില്‍ കൂടാത്തതുമായ പലിശ സഹിതം പണം നല്‍കാനും ട്രൈബ്യൂണലിന് ഉത്തരവിടാം.  മുതിര്‍ന്ന പൗരന്‍മാരെ മനപൂര്‍വ്വം ഉപേക്ഷിക്കുന്നതോ അനാഥമാക്കുന്നതോ ഈ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. 3 മാസം തടവും 5000 രൂപ പിഴയും ശിക്ഷയായി ഈടാക്കാവുന്നതാണ്.

വസ്തു ഇടപാടുകളും അസാധുവാക്കാം

മുതിര്‍ന്നവര്‍ക്കും മാതാപിതാക്കള്‍ക്കും ജീവനാംശവും ക്ഷേമവും നല്‍കാനുള്ള നിയമത്തിലെ വകുപ്പ് 23 പ്രകാരം 24-9-08 നുശേഷം തങ്ങള്‍ നടത്തിയിട്ടുളള വസ്തു സംബന്ധമായ ക്രമയവിക്രയങ്ങള്‍ മുതിര്‍ന്നവരുടെ അപേക്ഷ പ്രകാരം ആവശ്യമെങ്കില്‍ ട്രൈബ്യൂടണലിന് റദ്ദാക്കാവുന്നതാണ്. തന്നെ പരിപാലിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റിത്തരുകയും ചെയ്യണമെന്ന നിബന്ധനയോടെ എഴുതിയിട്ടുളള ഇഷ്ടധാനാധാരങ്ങളും മറ്റ് ആധാരങ്ങളും അതിലെ നിബന്ധനകള്‍ പാലിക്കാതെ വരുന്ന പക്ഷം  റദ്ദാക്കുന്നതിന് മുതിര്‍ന്ന പൗരന്‍മാര്‍ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കണം. 
മുതിര്‍ന്നവര്‍ക്ക് ജീവനാംശം ലഭിക്കുന്നതിന് അര്‍ഹതയുള്ള വസ്തുവഹകള്‍ മറ്റ് അവകാശികള്‍ കൈമാറ്റം ചെയ്താല്‍ (വാങ്ങുന്നയാള്‍ക്ക് അറിവുണ്ടെങ്കില്‍) വസ്തു വാങ്ങിയ ആളില്‍ നിന്ന് ജീവനാംശം ഈടാക്കാം. സൗജന്യ കൈമാറ്റമാണെങ്കിലും ജീവനാംശം ഈടാക്കാം. 

Related Articles

1 Comments

  • RonaldosPhews
    dav.eflemi.n.g78.19@gmail.com
    harga obat kuat cialis 20mg http://www.cialisle.com/# - cialis online generic cialis trial offer free buy tadalafil online can you buy cialis from canada
    February 17, 2020
    Replay

Leave a Reply

Your email address will not be published. Required fields are marked *