Article
മധുവിന് ഇനി ഇരുന്നും ജോലി ചെയ്യാം ! സഹോദരിക്ക് രാത്രിയും ജോലിക്ക് പോകാം. - Article on amendment in Shops and Commercial Establishment Act - Article by Sherry J Thomas
മധുവിന് ഇനി ഇരുന്നും ജോലി ചെയ്യാം ! സഹോദരിക്ക് രാത്രിയും ജോലിക്ക് പോകാം.
Adv Sherry J Thomas @ 9447200500
പ്രായമായ അമ്മയും കൈകാലുകള്‍ക്ക്സ്വാധീനശേഷി ഇല്ലാത്ത സഹോദരിയും വിവാഹം കഴിച്ചിട്ടില്ലാത്ത ഇളയ സഹോദരിയും അടങ്ങുന്നതാണ് മധുവിന്‍റെ കുടംബം. അമ്മയെയും സഹോദരിയെയും നോക്കാനുള്ളതുകാരണം മധുവും ഇളയ സഹോദരിയും വിവാഹത്തെപ്പറ്റി ആലോചിച്ചിട്ടില്ല. മധുവും സഹോദരിയും പകല്‍ ജോലിക്കുപോകും, ചില സമയം അമ്മയെയും സുഖമില്ലാത്ത സഹോദരിയെയും നോക്കാന്‍ ലീവ് എടുത്ത് നില്‍ക്കേണ്ടതായും വരും.
സൈക്കിളില്‍ നിന്ന് വീണ് അപകടം പറ്റിയതിനു ശേഷം അധിക സമയം നിന്ന് ജോലിചെയ്യാന്‍ മധുവിന് സാധിക്കില്ല, കഠിനമായ നടുവ് വേദന തന്നെ കാര്യം. പക്ഷെ ഉള്ള ജോലി കളയാനുമാകില്ല ആകെയുള്ള വരുമാനം അതാണ്. വലിയ ഒരു ഹോള്‍സെയില്‍ കടയിലാണ് അയാള്‍ക്ക് ജോലി. അത്യാവശ്യം ശമ്പളവും ഉണ്ട് പക്ഷെ മരുന്നിനു തന്നെ നല്ലൊരു തുകയാകും. ഇളയ സഹോദരിക്ക് ജോലി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിലാണ്. അവിടെ രാത്രി ഷിഫ്റ്റുമുണ്ട്. പലപ്പോഴും മധുവും സഹോദരിയും വിചാരിക്കാറുണ്ട്, അവള്‍ക്ക് രാത്രി ഷിഫ്റ്റ് ജോലി ആയാല്‍ പകല്‍ സമയം അമ്മയെയും സഹോദരിയെയും നോക്കാന്‍ ആളുണ്ടാകുമായിരുന്നു. പക്ഷെ രാത്രി സ്ത്രീകളെ ജോലിക്കു നിര്‍ത്താന്‍ അവരുടെ സ്ഥാപനത്തിന് അധികാരമില്ലത്രെ.
അവര്‍ കാത്തിരുന്ന ആശ്വാസം
കേരള ഷോപ്സ് ആന്‍ഡ് കൊമ്മേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തില്‍ ഏറെനാള്‍ കാത്തിരുന്ന നിയമഭേദഗതി വന്നതോടുകൂടി ജോലിക്കിടയില്‍ ഇരിക്കുക എന്നുള്ളത് നിയമമായി മാറി. സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഓഡിനന്‍സ് പുറത്തിറക്കിയതോടെയാണ് ഈ അവകാശം സ്ഥാപിതമായത്. ജോലിക്കാര്‍ക്ക് ഇരിപ്പിട സൗകര്യം തൊഴിലുടമ ഒരുക്കണം എന്ന് സൂചിപ്പിക്കുന്ന പുതിയ വകുപ്പു തന്നെ നിയമത്തില്‍ എഴുതിച്ചേര്‍ത്തു. ജോലി ചെയ്യുന്നതിനിടയില്‍ ഇരിക്കാന്‍ സാഹചര്യമുണ്ടായാല്‍ അതിനു സൗകര്യം ഒരുക്കാനാണ് ഇത്.
സ്ത്രീകളുടെ ജോലിസമയം ഉപാധികളോടുകൂടി, യാത്രാസൗകര്യം ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് മതിയായ സംരക്ഷണമൊരുക്കി രാത്രി 9 മുതല്‍ രാവിലെ ആറുവരെ കൂടി നീട്ടി നല്‍കുന്നതിനും നിയമം ഭേദഗതി ചെയ്തു. (നിലവില്‍ വൈകീട്ട്ഏഴ് മുതല്‍ രാത്രിഒന്‍പത് വരെ മാത്രമാണ് സ്ത്രീകളുടെ ജോലി സമയം നീട്ടിനല്‍കാന്‍ വ്യവസ്ഥയുള്ളത്). ചുരുങ്ങിയത് അഞ്ചു ജോലിക്കാരും അതില്‍ രണ്ടു പേരെങ്കിലും സ്ത്രീകള്‍ ഉള്ള ബാച്ചുകള്‍ ആയിട്ട് വേണം ഈ സമയത്ത് ജോലിക്ക് നിയോഗിക്കേണ്ടത്.
നിയമ ലംഘനങ്ങള്‍ക്ക് പിഴ നിലവിലെ 5000 രൂപയില്‍നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു. തുടര്‍ച്ചയായ നിയമലംഘനത്തിന് നിലവിലെ പതിനായിരം രൂപയില്‍ നിന്ന് 2 ലക്ഷം രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു. തൊഴിലാളി എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെട്ട് ജോലിചെയ്യുന്ന അപ്രന്‍റീസ്കള്‍ക്കും ഈ അവകാശങ്ങള്‍ ലഭ്യമാണ്.
ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധമായും അടച്ചിടണമെന്ന വ്യവസ്ഥയ്ക്കും ഭേദഗതിവരുത്തി. അതിനുപകരം ആഴ്ചയിലൊരിക്കല്‍ തൊഴിലാളിക്ക് നിര്‍ബന്ധമായും അവധി നല്‍കിയിരിക്കണം എന്ന ഭേദഗതി ഉള്‍പ്പെടുത്തി. പരിശോധനക്ക് വരുന്ന വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞാലും അവര്‍ ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കാതിരുന്നാലും ശിക്ഷ നേരിടേണ്ടിവരും.
0 Comments
Leave a Reply