Article

ഡ്രൈവിംഗ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കാൻ സർക്കുലർ - നിരത്തിൽ വണ്ടിയോടിക്കുന്നവർ എങ്ങനെ പെരുമാറണം എന്ന് പഠിപ്പിക്കുകയാണ് ആദ്യം വേണ്ടത്

ഡ്രൈവിംഗ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കാൻ സർക്കുലർ - നിരത്തിൽ വണ്ടിയോടിക്കുന്നവർ എങ്ങനെ പെരുമാറണം എന്ന് പഠിപ്പിക്കുകയാണ് ആദ്യം വേണ്ടത്

കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ സർക്കുലർ നമ്പർ 4/3024 ഡ്രൈവിംഗ് ടെസ്റ്റ് കാര്യക്ഷമമാക്കാൻ പുതിയ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിനായി ഉപയോഗിക്കരുത്, ഓട്ടോമാറ്റിക് ഗിയർ, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല, വാഹന ഗതാഗതമുള്ള റോഡിൽതന്നെ ടെസ്റ്റ് നടത്തണം ഗ്രൗണ്ടിൽ ടെസ്റ്റ് നടത്തുന്നത് ഉദ്യോഗസ്ഥന്റെ കൃത്യനിർവതനത്തിലെ വീഴ്ചയായി കണക്കാക്കും, വാഹനത്തിൻറെ ഡാഷ്ബോർഡിൽ ക്യാമറ ഉണ്ടാകണം, മെമ്മറി കാർഡ് എംവിഐ കൈവശം കൊണ്ടുപോയി ഡാറ്റ മാറ്റി തിരികെ നൽകണം, ഡാറ്റ മൂന്നുമാസം ഓഫീസിലെ കമ്പ്യൂട്ടറിൽ സൂക്ഷിക്കണം, പാർക്കിംഗ് ടെസ്റ്റ് മുതലായവ സംബന്ധിച്ച് പുതിയ നിർദ്ദേശങ്ങൾ  ഉൾപ്പെടുന്നതാണ് പുതിയ സർക്കുലർ.

ഒരു ദിവസം ടെസ്റ്റ് നടത്തേണ്ട അപേക്ഷകളുടെ എണ്ണം 30 ആയി നിജപ്പെടുത്തി.  ഇതിൽ ഇരുപതെണ്ണം പുതിയ അപേക്ഷകരും പത്തെണ്ണം നേരത്തെ പരാജയപ്പെട്ട അപേക്ഷകരും ആയിരിക്കണം. 

പുതിയ കാലഘട്ടത്തിൽ ഇത്തരം പരിഷ്കാരങ്ങൾ നല്ലതാണ്. എന്നാൽ പ്രായോഗികമല്ലാത്ത ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ഡ്രൈവിംഗ് സ്കൂളുകളുടെ ഭാഗത്തുനിന്ന് പ്രതിഷേധം ശക്തമാണ്. 

അടിയന്തരമായി പഠിപ്പിക്കേണ്ടത് വാഹനം ഓടിക്കുന്നതല്ല, ഓടിക്കുമ്പോൾ ഡ്രൈവർ പ്രകടമാക്കേണ്ട സ്വഭാവ
ത്തെ പറ്റിയാണ്. അത് കുടുംബത്തിൽ നിന്നും സഹവാസികളിൽ നിന്നും കിട്ടണം മോട്ടോർ വാഹന വകുപ്പിന് പഠിപ്പിക്കാനാവുന്നതല്ല. 

ഇത്രയും വർഷം   ടെസ്റ്റ് പാസായി ഓടിക്കുന്ന ഡ്രൈവർമാരൊക്കെ ഓടിക്കാൻ അറിയാത്തതുകൊണ്ടല്ല അപകടങ്ങളും അനിഷ്ട സംഭവങ്ങളും ഉണ്ടാക്കുന്നത്. റോഡിൽ പാലിക്കേണ്ട മര്യാദകൾ കൈവിടുന്നതാണ് ഭൂരിഭാഗം അപകടങ്ങളുടെയും കാരണം. 

ഗതാഗതക്കുരുക്കിൽ അല്പം പോലും ക്ഷമയോടെ കാത്തിരിക്കാൻ പറ്റാത്ത സ്വഭാവം, എതിർഭാഗത്തുള്ള വാഹന ഡ്രൈവറുമായി ഒന്ന് ചിരിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ അഹങ്കാരത്തിന്റെയും ഈഗോയുടെയും വ്യക്തിത്വ വൈകല്യങ്ങളുടെയും പേരിൽ അടിയും ഇടിയും കത്തിക്കുത്ത് വരെയായി മാറുന്ന വാർത്തകൾ. സുലഭമായി എവിടെയും ലഭ്യമാക്കുന്ന മദ്യവും ലഹരിയും ഒപ്പം ചേർത്ത് വായിക്കണം.

ഇവയൊക്കെ ഏതുതരം ടെസ്റ്റ് നടത്തിയാലും ഇനിയും ഉണ്ടാകും. വാഹനത്തിനു മുകളിൽ ഇരുന്ന് വാഹനം നിയന്ത്രിക്കുന്നവൻ മനുഷ്യൻറെ മനസ്സുള്ളവനായിരിക്കണം - ആ പരിശീലനമാണ് ആത്യന്തികമായി നമ്മുടെ നാട്ടിൽ വേണ്ടത്. 
#Driving_Test_circular_Kerala

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *