Article

അയലത്തെ മരം അപകടകാരിയായാല്‍?- How to remove nuisance from trees?

അയലത്തെ മരം അപകടകാരിയായാല്‍?

അയല്‍വാസികളുമായി നല്ല ബന്ധം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നവര്‍ തന്നെയായിരുന്നു അവരും. പക്ഷെ അയല്‍പക്കത്ത് താമസിക്കുന്നവരുടെ പറമ്പിലുള്ള മരത്തില്‍ നിന്ന്  ഇലകളും ഉണക്കച്ചില്ലകളും പുരയിടത്തിനു മുകളിലേയ്ക്ക് വീണ് നിരന്തരം ശല്യമായപ്പോള്‍ വളരെ നല്ല അയല്‍പക്കബന്ധമായിട്ടും പ്രശ്നം ഗുരുതരമായി.  മാത്രമല്ല കാററും മഴയുമുളള ദിവസങ്ങളില്‍ മാവിന്‍െറ തടിയന്‍ കൊമ്പുകള്‍ ഒടിഞ്ഞു വീഴാന്‍ സാധ്യതയുളളതുകൊണ്ട് ജീവനും ഭീഷണിയായി തീര്‍ന്നു.  മാവിന്‍െറ അപകടകാരികളായ ശിഖരങ്ങല്‍ വെട്ടി മാറ്റാന്‍ അഭ്യര്‍ത്ഥിച്ചു നോക്കി; കര്‍ക്കശ സ്വരത്തില്‍ ആവശ്യപ്പെട്ടു; ഒടുവില്‍ ഭീഷണിയും മുഴക്കി.  പക്ഷേ ബന്ധം കൂടുതല്‍ വഷളായി എന്നല്ലാതെ മററ് പ്രയോജനമൊന്നു മുണ്ടായില്ല.  മാവ് ഇപ്പോഴും ശല്യക്കാരനായിത്തന്നെ നില്‍ക്കുന്നു.

പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും നടപടിയെടുക്കാം

നഗരങ്ങളിലായാലും ഗ്രാമങ്ങളിലായാലും ശല്യമായിത്തീരുന്ന മാവും പുളിയും മററ് മരങ്ങളും മൂലം 'അയല്‍ക്കാരനെ തന്നെപ്പോലെ സ്നേഹിക്കാന്‍' നിശ്ചയിച്ചുറപ്പിച്ചവര്‍ക്കും പാളിച്ചകള്‍ സംഭവിക്കുക സ്വാഭാവികം.  അനുനയത്തിന്‍െറ എല്ലാ വാതിലുകളും അടഞ്ഞു കഴിഞ്ഞാല്‍ ഭീഷണിക്കും കൈയൂക്കിനും പകരം നിയമത്തിന്‍െറ സഹായം തേടുന്നതാണ് നല്ലത്.  ആള്‍  നാശമോ ഏതെങ്കിലും കെട്ടിടത്തിന് നാശനഷ്ടമോ ഉണ്ടാകുന്ന രീതിയില്‍ അപകടകാരികളായി തീരുന്ന മരങ്ങളും ശിഖരങ്ങളും വെട്ടിമാററുന്നതിന് പഞ്ചായത്തില്‍/മുനിസിപ്പാലിറ്റിയില്‍ പരാതി നല്‍കാവുന്നതാണ്.  മേല്‍പ്പറഞ്ഞ രീതിയില്‍ അപായമുണ്ടാക്കാനിടയുളള വൃക്ഷമോ ശിഖരമോ ഫലമോ വെട്ടിമാററണമെന്നോ സുരക്ഷിതമായി കെട്ടി നിര്‍ത്തണമെന്നോ ഫലം നീക്കം ചെയ്യണമെന്നോ ഉടമസ്ഥനോട് പഞ്ചായത്തിന്/മുനിസിപ്പാലിറ്റിക്ക് നോട്ടീസു മൂലം ആവശ്യപ്പെടാം.  അപകടം ഒഴിവാക്കുന്നതിനായി അടിയന്തിരമായി എന്തെങ്കിലും ചെയ്യേണ്ടുന്ന സാഹചര്യങ്ങളില്‍ നോട്ടീസു കൂടാതെ തന്നെ ഉചിതമായ സംരക്ഷണ നടപടികള്‍ സ്വീകരിക്കാവുന്നതും ആയതിലേയ്ക്ക് വരുന്ന ചിലവ് ഉടമസ്ഥനില്‍ നിന്ന് ഈടാക്കാവുന്നതുമാണ്.  പൊതു നിരത്തിലേയ്ക്ക് ചാഞ്ഞു കിടക്കുന്ന ശിഖരങ്ങള്‍ വെട്ടിമാററാനും പഞ്ചായത്തുരാജ് നിയമമനുസരിച്ച് പഞ്ചായത്ത് /മുനിസിപ്പാലിറ്റി  അധികാരികള്‍ക്ക് സാധിക്കും.  

റവന്യൂ അധികാരികള്‍ക്കും നടപടിയെടുക്കാം 

പഞ്ചായത്ത് അധികാരികളില്‍ നിന്നുളള നിവൃത്തിക്കു പുറമെ ക്രിമിനല്‍ നടപടി നിയമമനുസരിച്ച് ജില്ലാ മജിസ്ട്രേററിനോ (കളക്ടര്‍) സബ്ബ് ഡിവിഷണല്‍ മജിസ്ട്രേററിനോ (ആര്‍ ഡി ഒ) ഇത്തരം കാര്യങ്ങളില്‍ പരാതി നല്‍കാവുന്നതാണ്.  ശ്യലമാണെന്ന് ആരോപിക്കപ്പെട്ട  ശിഖരമോ മരമോ വെട്ടിമാററുന്നതിന് ബന്ധപ്പെട്ട മജിസ്ട്രേറ്റിന് താല്‍ക്കാലിക ഉത്തരവിറക്കാം.  ആയതു സംബന്ധിച്ച് കാരണം ബോധിപ്പിക്കുന്നതിന്  എതിര്‍കക്ഷിക്ക് സമന്‍സും അയയ്ക്കും.  തെളിവെടുപ്പ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ പ്രാദേശിക അന്വേഷണങ്ങള്‍ക്കായി കമ്മീഷനെ നിയോഗിക്കാറുണ്ട്.  അന്വേഷണത്തിനു ശേഷം താല്‍ക്കാലിക ഉത്തരവ് സ്ഥിരപ്പെടുത്തുന്നതിനും അധികാരമുണ്ട്.  ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് നടപടിയെടുക്കാനും ഉത്തരവ് നടപ്പിലാക്കുന്നതിലേയ്ക്കായിവരുന്ന ചെലവ്  മുറിച്ചുമാറ്റിയ മരങ്ങളോ എതിര്‍കക്ഷിയുടെ മററ് വസ്തുക്കളോ വിററ് ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
അടിയന്തിര ഘട്ടങ്ങളില്‍ അപകടം തടയുന്നതിന് അന്വേഷണത്തിനിയില്‍ തന്നെ നിരോധന ഉത്തരവിടുന്നതിനും എതിര്‍കക്ഷിക്ക് നോട്ടീസ് ഇല്ലാതെ തന്നെ ഉത്തരവിറക്കാനും മജിസ്ട്രേററിന് അധികാരമുണ്ട്. ഇത്തരത്തിലുളള പരാതികള്‍ പരാതിക്കാരന്‍െറയും എതിര്‍കക്ഷികളുടെയും പൂര്‍ണ്ണ മേല്‍വിലാസം വെളിവാക്കുന്ന രീതിയില്‍ കാര്യകാരണങ്ങള്‍ വിശദീകരിച്ച് വെളളക്കടലാസില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കാം. 

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *