Article

നീതിക്കും നികുതിയീടാക്കുന്നത് അനീതിയാണ്- അത് പിൻവലിക്കണം..

നീതിക്കും നികുതിയീടാക്കുന്നത് അനീതിയാണ്- അത് പിൻവലിക്കണം.
Adv Sherry J Thomas 

പൊതു താൽപര്യ ഹർജികൾ ഒഴികെ കോടതികളിൽ എത്തുന്ന മുഴുവൻ കേസുകളും, ഇരകൾ തങ്ങളുടെ അവകാശ സംരക്ഷണത്തിനായി അവസാന അത്താണി എന്ന നിലയിൽ എത്തുന്നതാണ്. അങ്ങനെ വരുന്ന കേസുകളിൽ അങ്ങേയറ്റം വ്യഥയോടുകൂടി ഫയൽ ചെയ്യപ്പെടുന്ന കേസുകളാണ് കുടുംബ കോടതികളിലേത്.  വിവിധയിനം നികുതികളും ഫീസും ഉയർത്തിയതിൻ്റെ കൂടെ കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ  കുടുംബ കോടതികളിൽ ഫയലാക്കുന്ന കേസുകളിലും മജിസ്ട്രേറ്റ് കോടതികളിൽ ഫയലാക്കുന്ന ചെക്ക് കേസുകളിലും  കോടതി ഫീസ് പല ഇരട്ടിയായി ഉയർത്തിയത് സാമാന്യനീതിക്കു നിരക്കാത്തതാണ്. പതിനഞ്ചാമത് നിയമസഭയിൽ, ബിൽ നമ്പർ 193 ആയി  അവതരിപ്പിച്ച കേരള ഫിനാൻസ് ബിൽ 2024 ആണ് ഇതിന് കാരണമായത്, തദ്ഫലമായി കേരള കോർട്ട് ഓഫീസ് ആൻഡ് സൂട്ട് വാല്യുവേഷൻ നിയമത്തിൽ ഭേദഗതിയുണ്ടായി, 2024 ഏപ്രിൽ ഒന്നു മുതൽ വർദ്ധനവ് നിലവിൽ വന്നു.  സാമാന്യമായി തങ്ങളെ ബാധിക്കുന്നതല്ല  എന്ന തോന്നൽ പൊതു സമൂഹത്തിന് ഉള്ളതിനാൽ ഇതൊന്നും വലിയ ചർച്ചയായില്ല.

കുടുംബ കോടതി കേസുകൾ 

വിവാഹബന്ധത്തെ തുടർന്നുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കാൻ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് തങ്ങളുടെ സ്വത്തുക്കൾ സംരക്ഷിക്കാനും,  ചെലവ് ലഭിക്കാനുമെക്കെ,  ആശ്രയിക്കാവുന്ന സ്ഥലമാണ് കുടുംബകോടതികൾ. ഇത്തരം തർക്കങ്ങളിൽ യഥാർത്ഥത്തിൽ ഇരുകക്ഷികളും ജയിക്കുന്നില്ല, കുട്ടികൾ ഉണ്ടെങ്കിൽ അവരാണ് യഥാർത്ഥ ഇരകൾ. മുൻകൂട്ടി ശേഖരിച്ചുവയ്ക്കുന്ന കൃത്യമായ തെളിവുകളോടുകൂടി കക്ഷികൾ എത്താൻ സാധ്യതയില്ലാത്ത സ്ഥലം കൂടിയാണ് കുടുംബകോടതികൾ. അവിടെ നൽകുന്ന ഹർജികൾക്ക് നിശ്ചിത കോർട്ട് ഫീ ഉണ്ടായിരുന്നത്, കേസിൽ ആവശ്യപ്പെടുന്ന  തുകകളുടെ ശതമാന കണക്കനുസരിച്ച് കൊടുക്കേണ്ടി വരുന്നത് ഫലത്തിൽ എല്ലാം തകർന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അവിടെനിന്ന് ഒഴിവാക്കുന്നതിന് തുല്യമാണ്. ഒരു ലക്ഷം രൂപ വരെയുള്ള തിന് 200 രൂപയും, ഒരുലക്ഷം മുതൽ 5 ലക്ഷം രൂപ വരെയുള്ളതിന് അര ശതമാനവും, അഞ്ചു ലക്ഷത്തിന് മുകളിൽ ഉള്ളതിന് 1% വും ആയാണ് നിലവിൽ പുതുക്കിയത്. കുടുംബ കോടതികളിലെ സേവനം ഇരകൾ  പണം കൊടുത്ത് വാങ്ങേണ്ട ഒന്നല്ല. ഭരണകൂടത്തിന്റെ ബാധ്യതയാണ്  വൈവാഹിക ജീവിത അവകാശങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്നത്.  കേരളത്തിലെ പല കുടുംബ കോടതികളും ഇപ്പോഴും ഇടുങ്ങിയ മുറികളിലാണ്. കക്ഷികൾക്കും അഭിഭാഷകർക്കും മതിയായ സ്ഥല സൗകര്യങ്ങൾ ഇല്ല, നീണ്ടുപോകുന്ന കേസുകൾ അങ്ങനെ പരാതികൾ പലതാണ്. ഈ പശ്ചാത്തലത്തിലാണ് ചരിത്രത്തിൽ ആദ്യമായി മറ്റു സിവിൽ കേസുകളിൽ ശതമാന കണക്ക് ഈടാക്കുന്നത് പോലെ കുടുംബ കോടതികളിൽ കോടതി ഫീസ് പുതിയതായി ശതമാനക്കണക്കിൽ കൊണ്ടുവന്നിരിക്കുന്നത്.

മജിസ്ട്രേട്ട് കോടതിയിലെ ചെക്ക് കേസുകൾ 

ഇതിനു സമാനമായ മറ്റൊരു വർദ്ധനവാണ് ചെക്ക് കേസുകളിലും. സിവിൽ കേസുകളായി നൽകുന്ന ചെക്ക് കേസുകളിൽ അറ്റാച്ച്മെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇപ്പോൾ തന്നെ 11% കോടതി ഫീസ് അടയ്ക്കണം. ഇതിനോടകം തന്നെ പണം നഷ്ടമായവർ വീണ്ടും പണം മുടക്കാൻ ശേഷിയില്ലാത്തവരാണ് കൂടുതലും മജിസ്ട്രേറ്റ് കോടതികളിൽ ക്രിമിനൽ കേസുകളായി ചെക്ക് കേസുകൾ നൽകുന്നത്. ചെറിയ തുക നിശ്ചിത കോർട്ട് ഓഫീസ് മാത്രം ഉണ്ടായിരുന്ന അത്തരം കേസുകളിൽ ഇപ്പോൾ ചെക്കിലെ തുകയുടെ ശതമാനം അനുസരിച്ച് കോടതി ഫീസ് അടയ്ക്കണം എന്നുള്ളത് നമ്മുടെ സംസ്ഥാനത്തെ ചെക്ക് മുഖാന്തരമുള്ള വാണിജ്യ ഇടപാടുകളെ  ബാധിച്ചേക്കാം. 10000 രൂപ വരെയുള്ള ചെക്കിന് 250 രൂപയും, പതിനായിരത്തിന് മുകളിലുള്ള തുകയ്ക്ക് അഞ്ച് ശതമാനവും ആണ് പുതിയ ഫീസ്.  കേസ് നൽകിയാൽ തന്നെ വർഷങ്ങളോളം പണം കിട്ടുന്നതിനുവേണ്ടി കാത്തിരിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. അതിനു പുറമെയാണ് ഫീസിലെ കുത്തനെയുള്ള വർദ്ധനവ്. പണമില്ലാത്ത ചെക്ക് കൊടുത്ത് നഷ്ടം ഉണ്ടാക്കുന്നത് ഒരുതരത്തിൽ വഞ്ചന എന്ന ക്രിമിനൽ കുറ്റം കൂടിയാണ്, നിയമപരമായി നൽകാനുള്ള തുക,  നൽകുന്നുവെന്ന വാഗ്ദാനത്തിന്റെ പേരിൽ ചെക്ക് കൈമാറുന്നത്  അക്കൗണ്ടിൽ പണം ഇല്ല എന്ന അറിവോടുകൂടിത്തന്നെയാകാം.

വെള്ളത്തിനും വൈദ്യുതിക്കും കെട്ടിടത്തിനും മദ്യത്തിനും ഒക്കെ നികുതി കൂട്ടുന്നതുപോലെ കോടതി ഫീസ് വർദ്ധിപ്പിക്കുന്നത്  നീതിക്കും നികുതിയീടാക്കുന്നത് പോലെയാണ്, അത് തിരുത്തണം.

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *