Article
Article on Rights and Morality - അവകാശങ്ങളുടെ ഘോഷയാത്ര ധാർമികതയുടെ വിലാപയാത്ര ആകുമോ
അവകാശങ്ങളുടെ ഘോഷയാത്ര ധാർമികതയുടെ വിലാപയാത്ര ആകുമോ
എന്താണ് ധാർമികത എന്ന് പരിശോധിച്ചാൽ പൊതു നിഘണ്ടുവിൽ നിന്ന്ആദ്യം കിട്ടുന്ന മറുപടി "ശരിയും തെറ്റും തിരിച്ചറിയുന്ന തത്വങ്ങൾ അല്ലെങ്കിൽ നല്ലതും ചീത്തയുമായ സ്വഭാവം എന്തെന്ന് വ്യക്തമാക്കുന്ന തത്വങ്ങൾ" എന്നൊക്കെയാണ്.
ഇതേ മറുപടി തന്നെയായിരിക്കും മധ്യകേരളത്തിലെ തൊമ്മി കുട്ടിയും തിരുവിതാംകൂറിലെ രാജപ്പൻ നായരും പറയുന്നത്. പക്ഷേ നിഘണ്ടു നോക്കി ആയിരിക്കില്ല തങ്ങളുടെ ജീവിത കാലയളവിലെ പരിചയം നൽകിയ പാഠങ്ങൾ വച്ചും പാലിച്ചുപോന്ന ശീലങ്ങൾ വച്ചും അവർ മനസ്സിലാക്കിയിട്ടുള്ളത് അവർ പറയും. ഒരുകാലത്ത് ശരിയായി കരുതിയിരുന്നത് പിൽക്കാലത്ത് തെറ്റാണെന്ന് ബോധ്യപ്പെട്ട് തിരുത്തപ്പെട്ട നിരവധി സംഭവങ്ങളും ഉണ്ടാകും.
ധാർമികതയും നിയമവും
ധാർമികമായി ശരിയായത് ഒക്കെ നിയമപരമായി അനുവദിനീയം ആകണമെന്നില്ല. ഏറ്റവും നല്ല ഉദാഹരണം കുട്ടികൾക്ക് നൽകുന്ന ശിക്ഷണമാണ്. കുട്ടികൾ നല്ല ശീലത്തിൽ വളരാൻ മാതാപിതാക്കളും രക്ഷകർത്താക്കളും അധ്യാപകരുമൊക്കെ ചെറിയ ശിക്ഷകൾ കൊടുത്ത് അവരെ വളർത്തി പോകുന്ന ശീലം ആണ് നമുക്കുള്ളത്. പക്ഷേ
ജുവനൈൽ ജസ്റ്റിസ് നിയമം വകുപ്പ് 75 വായിച്ചാൽ കുട്ടികളെ വഴക്ക് പറയുക പോലും സൂക്ഷിച്ചു വേണം എന്ന് ബോധ്യമാകും. പക്ഷേ നല്ല ശിക്ഷണത്തിന് ഭാഗമായി കുട്ടികളെ തെറ്റുകണ്ടാൽ വഴക്കു പറയുന്നതിൽ ധാർമികമായി യാതൊരു കുറ്റബോധവും തോന്നേണ്ട കാര്യമില്ല. അതേസമയം അങ്ങനെ അങ്ങനെ ചെയ്യുന്നത് നിയമപരമായി ജയിൽശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണ് എന്നതാണ് വസ്തുത. അതിൻറെ പേരിൽ സംഭവത്തിൽ നേരിട്ട് ബന്ധമില്ലാത്തവർ എങ്കിലും കുട്ടികളുടെ രക്ഷാകർത്ത ചുമതലയുള്ളവർ വരെ ക്രിമിനൽ കേസിൽ ഉൾപ്പെടാം.
ഏത് ധാർമ്മികതയുടെ അടിസ്ഥാനത്തിൽ ചിന്തിച്ചാലും മറ്റൊരുവനെ ഭാര്യയെ പ്രാപിക്കണമെന്ന ഉദ്ദേശ്യത്തോടെ ചെന്നു കയറുന്നവന് ശിക്ഷ നൽകേണ്ടത് ഉചിതമാണെന്നേ പറയാൻ പറ്റുകയുള്ളൂ. അതിന് കൂട്ടു നിൽക്കുന്ന സ്ത്രീയും കുറ്റത്തിൽ പങ്കാളിയായി ശിക്ഷ അനുഭവിക്കേണ്ടത് രീതിയിലേക്ക് നിയമനിർമാണം നടത്തേണ്ട സാഹചര്യം ഇന്ന് നിലവിൽ വന്നിരിക്കുന്നു. എന്നാൽ വർഷങ്ങളായി പാലിച്ച് പോന്ന നിയമപ്രകാരം ഇത്തരം കുറ്റങ്ങളിൽ പുരുഷൻ മാത്രം ശിക്ഷിക്കപ്പെടുകയും ഭർത്താവിൻറെ സമ്മതം വാങ്ങി സംഗമം നടത്താമെന്ന രീതിയിൽസ്ത്രീയെ ഒരു ഉപഭോഗവസ്തുവായി വ്യാഖ്യാനിക്കപ്പെട്ടതിനാൽ ആ നിയമം തന്നെ ഇല്ലാതായി. (ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 497 അഡൾട്ടറി).
ശരിയും തെറ്റും
അഡൾട്ടറി എന്ന വാക്ക് ഉത്ഭവിച്ചത് അഡൾട്ടേറിയം എന്ന ലത്തീൻ പദത്തിൽ നിന്നാണ്. പരസ്പര സമ്മതത്തോടുകൂടി വിവാഹം കഴിഞ്ഞ ഒരു സ്ത്രീയും അവരുടെ ഭർത്താവല്ലാത്ത മറ്റൊരാളുമായി ഏർപ്പെടുന്ന ലൈംഗിക ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അതിൻറെ മലയാള അർത്ഥം നോക്കിയാൽ പരസ്ത്രീഗമനം, പരപുരുഷ സംഗമം, ജാരവൃത്തി, പാതിവൃത്യഭംഗം എന്നൊക്കെ കാണാം. ഇങ്ങനെ ചെയ്യുന്നത് ശരിയല്ല എന്ന് ലോകത്തിലെ എല്ലാ മതങ്ങളും പഠിപ്പിക്കുകയും അത് പൊറുക്കാനാവാത്ത തെറ്റാണെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു. അതേസമയം അതിൻറെ പേരിൽ ക്രിമിനൽ കുറ്റം ഒഴിവാക്കണമെന്ന് ഈയിടെ പുറത്തുവന്ന വിധിയിൽ പോലും വിവാഹമോചനത്തിനുള്ള ഒരു കാരണമായി അതിനെ കാണാമെന്ന നിലവിലെ കുടുംബ നിയമത്തെ സാധൂകരിക്കുന്നു. അതിനർത്ഥം ചില കാര്യങ്ങൾ ധാർമികമായി തെറ്റാണെങ്കിൽ കൂടി നിയമപരമായി ശിക്ഷാർഹം ആകണമെന്നില്ല എന്നില്ല എന്നതാണ്.
അതേസമയം ദ്വാഭാര്യത്വം, ദിഭർതൃത്വം, ഒരേസമയം രണ്ടു ഭാര്യമാർ അല്ലെങ്കിൽ ഭർത്താക്കന്മാർ ഉണ്ടാകുന്ന അവസ്ഥ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 494 പ്രകാരം ഏഴുവർഷംവരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. അപ്രകാരം രണ്ടാം വിവാഹ ബന്ധത്തിലേർപ്പെടുന്ന ഭാര്യയാണെങ്കിലും ഭർത്താവ് ആണെങ്കിലും ശിക്ഷ തുല്യമാണ്. എന്നാൽപരപുരുഷബന്ധത്തിൻറെ പേരിലുള്ള നിയമം റദ്ദാക്കിയ തത്വം സ്ത്രീപുരുഷ അവസര സമത്വത്തിനുവേണ്ടിയുള്ള വാദത്തിന്റെ പേരിൽ ഉണ്ടായതാണ്. അതിൻറെ അർത്ഥം പരസ്ത്രീഗമനം പരപുരുഷ സംഗമം എന്നീ കേസുകളിൽ അതിലുൾപ്പെടുന്ന സ്ത്രീക്കും പുരുഷനും ഒരേപോലെ ശിക്ഷ നൽകിയാൽ പിന്നെ അവിടെ നിയമപരമായി വിവേചനം ഉണ്ടാകുന്നു എന്ന പേരിൽ ഒരു ഇടപെടൽ സാധ്യമാവില്ല എന്നതാണ് ഇപ്പോൾ ഉയർന്നു വരുന്ന മറ്റൊരു ചർച്ച.
മൂന്നാമതൊരാൾ വിവാഹത്തിലൂടെ വരുന്നത് ഇനിയും കുറ്റമായി തന്നെ നിലനിൽക്കും
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 494 നിലനിൽക്കുന്നിടത്തോളം കാലം ദാമ്പത്യ ജീവിതത്തിനിടയിൽ ബന്ധം നിയമപരമായി നിലനിൽക്കെ മറ്റൊരു വിവാഹം ഭാര്യയോ ഭർത്താവോ നടത്തിയാലും കുറ്റകരമാണ്. അവിടെ വിഷയം വിവാഹത്തിലൂടെ അല്ലാത്ത ഇടപെടലുകൾ ഇനി എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ്.
ഇപ്പോൾ റദ്ദാക്കിയ നിയമത്തിൽ (വകുപ്പ് 497) സ്ത്രീയെ ഒരു വസ്തുവായി കാണുകയും പുരുഷന് മാത്രം ശിക്ഷ നൽകുകയും ചെയ്യുന്ന രീതിയാണ് ചോദ്യം ചെയ്യപ്പെട്ടത്. ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങളുടെ ലംഘനമായി കോടതി അതിനെ കാണുകയും ചെയ്തു. അതേസമയം ഇങ്ങനെ ഒരു പ്രവർത്തി വീണ്ടും കുറ്റമായി തന്നെ നിലനിർത്തണമെന്ന് പൊതുസമൂഹത്തിന് ആവശ്യമായി കണ്ടാൽ നിയമനിർമ്മാണസഭ കൾക്ക് പോംവഴികൾ കണ്ടെത്താവുന്നതേയുള്ളൂ.
നിയമവും ഭയവും
നിയമങ്ങൾ പാലിക്കപ്പെടേണ്ട സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ്. ധാർമികമായ ശരിതെറ്റുകൾക്കപ്പുറത്ത് നിയമം അനുശാസിക്കുന്ന നടപടികളെ ഭയന്ന് കൂടിയാണ് മനുഷ്യർ ചിലരെങ്കിലും നിയമത്തെ അനുസരിക്കുന്നത്. നിയമം ലംഘിച്ചാൽ നേരിടേണ്ടിവരുന്ന ഭവിഷത്ത് മനസ്സിൽ സൃഷ്ടിക്കുന്ന ഭയമാണ് ഒരു വിഭാഗം ആളുകളെ നിയമവാഴ്ചയ്ക്ക് വിധേയരായി ജീവിക്കാൻ പ്രതികൂല സാഹചര്യങ്ങളിലും പ്രേരണ നൽകുന്നത്. ഭയം ഇല്ലാതായാൽ ചില കാര്യങ്ങൾ ചെയ്യരുത് എന്ന ഉൾപ്രേരണയും ഇല്ലാതാകും. കൊളോണിയൽ നിയമ സങ്കൽപ്പങ്ങളുടെ അടിസ്ഥാനപരമായ ഒരു തത്വമാണ് നിയമം ലംഘിച്ചാൽ ശിക്ഷയുണ്ടാകും എന്ന ഭയം സൃഷ്ടിച്ച് നിയമ വിധേയരായി ജീവിക്കാൻ ആളുകളെ പ്രേരിപ്പിച്ച ചിട്ടയായ ഒരു സാമൂഹിക ക്രമം ഉണ്ടാക്കുക എന്നത്. മദ്യത്തിൻറെ ലഹരിയിലും പ്രതികാര ഉന്മാദത്തിലും ഒക്കെ നിയമത്തെ ഭയപ്പെടണം എന്ന മാനസികാവസ്ഥ നഷ്ടമാകുന്നത് കൊണ്ടാണ് പല കുറ്റകൃത്യങ്ങളും നടക്കുന്നത് എന്നും വ്യക്തമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റ പേരിൽ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ വകുപ്പ് 66 എ രാജ്യത്തെ പരമോന്നത നീതിപീഠം ഇല്ലാതാക്കിയപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചിലരെങ്കിലും ഒരുകാലത്ത് ഭയപ്പെട്ട ഉപയോഗിക്കാതിരുന്ന പദങ്ങളും വ്യക്തിഹത്യകളും ഇന്ന് നിർലോഭം ഉപയോഗിച്ചു വരുന്നു എന്ന കാര്യങ്ങളൊക്കെ ഇവിടെ ചേർത്തുവായിക്കാവുന്നതാണ്.
അവകാശങ്ങളും ധാർമികതയും ഒരുമിച്ച് നിലനിൽക്കണം
അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതോടൊപ്പംതന്നെ ചിരപുരാതനമായ കീഴ്‌വഴക്കങ്ങൾ പാലിച്ച് കാലത്തിൻറെ പുരോഗമന പരീക്ഷകൾ വിജയിച്ച ശരിയും തെറ്റും നിലനിർത്തി പോരുക തന്നെ വേണം. അവകാശങ്ങൾ ആഘോഷമാക്കുമ്പോൾ ഇനിയും നിലനിൽക്കണമെന്ന് എല്ലാവരും കാംക്ഷിക്കുന്ന മൂല്യങ്ങൾ നിലനിർത്തപ്പെടുന്ന തന്നെ വേണം.
0 Comments
Leave a Reply