Article

ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയാണോ മതവിശ്വാസങ്ങള്‍ ? Religious feelings and Offences- Article

ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയാണോ മതവിശ്വാസങ്ങള്‍ ?

അഡ്വ ഷെറി ജെ തോമസ് 

ദൃശ്യ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും എങ്ങനെയൊക്കെ പെരുമാറണമെന്ന് നമുക്ക് നിഷ്കര്‍ഷിക്കാനാവില്ല. പക്ഷേ അവയിലുള്ള പെരുമാറ്റരീതികള്‍ നിയമവിരുദ്ധം എങ്കില്‍ അതിനെതിരെ നിയമ നടപടികള്‍ കൈക്കൊള്ളാന്‍, സാമൂഹ്യ സമ്മര്‍ദ്ദം ഉണ്ടാക്കാന്‍ ഏതൊരു പൗരനും സാധിക്കും. കഴിഞ്ഞ കുറച്ചു നാളുകളായി സാമൂഹ്യ മാധ്യമങ്ങളിലും മറ്റു ദൃശ്യമാധ്യമങ്ങളിലും കുമ്പസാരം ഉള്‍പ്പെടെയുള്ള കൂദാശകളെയും കന്യാസ്ത്രീകളെയും മറ്റും മോശമാക്കി കുറിപ്പുകളും ഹാസ്യ പരിപാടികളും പതിവായി മാറിയിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ കുറിക്കുന്നവര്‍ അടച്ചിട്ട മുറികളില്‍ നിന്ന് ആയിരിക്കും അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നത്; പക്ഷേ പൊതു ഇടത്തില്‍ ആണ് അത് പുറത്തുവരുന്നത്. കുമ്പസാരക്കൂടിനെ അധിക്ഷേപിച്ച് ഈയിടെ ഒരു ചാനലില്‍ വന്ന പരിപാടിയും പലരും പുറമേ കണ്ടപ്പോള്‍ ചിരിച്ചു തള്ളിയെങ്കിലും ഉള്ളില്‍ അത് മതപരമായ വികാരങ്ങള്ക്ക് ഏല്‍പ്പിച്ചിരിക്കുന്ന പരിക്ക് സാരമായതാണ്. ഇത്തരം വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ പരസ്പരം ചെളി വാരി എറിയണം എന്നല്ല പക്ഷേ ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ നിയമം നല്‍കിയിട്ടുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം.

മതത്തിന്‍റെ പേരില്‍ വിദ്വേഷം പുലര്‍ത്തുന്നതും അവഹേളിക്കുന്നതും ക്രമിനല്‍ കുറ്റം 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 153എ പ്രകാരം സംസാരത്തിലൂടെയോ എഴുത്തിലൂടെയോ മറ്റെന്തെങ്കിലും ആശയവിനിമയ രീതിയിലോ മതവിഭാഗങ്ങള്‍ തമ്മില്‍ സൗഹൃദപരം അല്ലാത്ത അന്തരീക്ഷം ഉണ്ടാക്കുകയും ശത്രുതാപരമായ ചിന്തകള്‍ പരത്തുകയും ചെയ്യുന്നത് മൂന്ന് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണ്. മതത്തെയും മത ആചാരങ്ങളെയും അവമതിക്കുന്ന തരത്തില്‍ ഉള്ള വാക്കുകളും എഴുത്തുകളും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295എ വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം ശിക്ഷ ഉള്ളതാണ്. അതുപോലെതന്നെ മതപരമായ ചിന്തകള്‍ക്ക് മുറിവ് ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടെ നടത്തുന്ന പ്രസംഗങ്ങളും സംഭാഷണങ്ങളും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 298 പ്രകാരവും കുറ്റകരമാണ്. ഇത്തരത്തില്‍ പൊതുസമൂഹത്തില്‍ ഇടര്‍ച്ചകള്‍ ഉണ്ടാക്കുന്നത് കേരളപോലീസ് നിയമപ്രകാരവും ശിക്ഷാര്‍ഹമാണ്. 

കന്യാസ്ത്രീ മഠങ്ങളില്‍ കഴിയുന്ന കന്യാസ്ത്രീകളെ വളരെ മ്ലേച്ഛമായി ചിത്രീകരിക്കുന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും കുറിക്കുന്ന കുറിപ്പുകള്‍ മായ്ക്കാനാകാത്ത മുറിവാണ് ഒരു സ്ത്രീയെന്ന നിലയില്‍ ബന്ധപ്പെട്ട കന്യാസ്ത്രീകള്‍ക്കും മതത്തെ അധിക്ഷേപിക്കുന്നു എന്ന നിലയില്‍ അത് വായിക്കുന്ന കത്തോലിക്കാ സമൂഹത്തിനും ഉണ്ടാവുന്നത്. കുമ്പസാരം എന്ന കൂദാശയെ പറ്റിയും മറ്റും പൊതുസമൂഹത്തിനു മുന്നില്‍ ആ കൂദാശ അനുഷ്ഠിക്കുന്ന ആളുകള്‍ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തില്‍ അവതരണങ്ങള്‍ നടത്തുന്നതും ഇതേ കുറ്റം തന്നെ. പൊതുസമൂഹത്തില്‍ ഒരു വിഭാഗം ആകട്ടെ ഇതിലെ ശരിതെറ്റുകള്‍ വിലയിരുത്താതെ തമാശയായും സഭയെ മുഴുവനായും അത്തരം കോണിലൂടെ വീക്ഷിക്കാനും ബോധപൂര്‍വമായ ശ്രമങ്ങളും നടത്തുന്നു. 

എവിടെ പരാതി നല്‍കും

സാമൂഹ്യ മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലും ഉടലെടുക്കുന്ന ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ താമസിക്കുന്ന സ്ഥലത്ത് തന്നെ പരാതി നല്‍കണമെന്നില്ല. ദൂരസ്ഥലങ്ങളില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്നതും കുറിക്കുന്നതും ആയ കാര്യങ്ങള്‍ എവിടെ വച്ചാണ് പരാതി നല്‍കാന്‍ തയ്യാറാകുന്നയാള്‍ കാണുന്നത് അവിടെ പ്രാദേശിക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാം. പ്രതികളുടെ മേല്‍വിലാസവും വിവരങ്ങളും അന്വേഷിച്ചു പോയി അവര്‍ താമസിക്കുന്ന അടുത്ത് തന്നെ ഇത്തരം വിഷയങ്ങളില്‍ പരാതി നല്‍കാനുള്ള പ്രായോഗിക തടസ്സം കണക്കിലെടുത്താണ് ക്രിമിനല്‍ നടപടിക്രമത്തില്‍ വകുപ്പ് 179 ല്‍ പരാതി നല്‍കേണ്ട സ്ഥലത്തെപ്പറ്റി കൃത്യമായി പറയുന്നത്. കുറ്റകൃത്യം ചെയ്തത് എവിടെ വച്ചാണെങ്കിലും അതിന്‍റെ പരിണിതഫലമായി കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും  എവിടെവച്ചാണ,് ഏത് സ്ഥലപരിധിയില്‍ വച്ചാണോ അത്തരം അവമതിപ്പ് തോന്നിയത് അവിടെ പരാതി നല്‍കാം.ഇങ്ങനെ നല്‍കുന്ന പരാതികളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടികളെടുക്കാന്‍ പോലീസും പ്രതിജ്ഞാബദ്ധമാണ്. 

സാമൂഹ്യമാധ്യമങ്ങളില്‍ മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തി വരുന്ന കുറിപ്പുകള്‍ വായിച്ച് തള്ളാതെ അത്തരം ടെലിവിഷന്‍ പരിപാടികള്‍ കണ്ടു മറക്കാതെ അതിനെതിരെ പരാതികളുമായി രംഗത്തുവരാന്‍ ഏതു മതവിശ്വാസികള്‍ ആണെങ്കിലും തയ്യാറാകണം. ഒരു മതത്തെയും ആര്‍ക്കും അധിക്ഷേപിക്കാന്‍ അവകാശമില്ല. മതമില്ലാത്ത പൗരസമൂഹം പടുത്തുയര്‍ത്താന്‍ ചിലരൊക്കെ ബോധപൂര്‍വം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി അതിനെ കാണുന്നവരുമുണ്ട്. എന്താണെങ്കിലും ഭാരതത്തിന്‍റെ മതേതരത്വം എന്ന് പറയുന്നത് ഒരു മതത്തോടും ഒരു താല്‍പര്യവുമില്ലായ്മ എന്നതിനപ്പുറത്ത് എല്ലാ മതങ്ങളോടും തുല്യ താല്‍പര്യമെന്ന വീക്ഷണമാണ്. സൗഹാര്‍ദ്ദപരമായ അന്തരീക്ഷം സമൂഹത്തില്‍ നിലനില്‍ക്കാന്‍ ഇത്തരത്തിലുള്ള കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ വേണം. നൂറുകണക്കിന് പരാതികള്‍ വരുമ്പോള്‍ പൊതു ഇടങ്ങളില്‍ ഇത്തരത്തില്‍ മതവിശ്വാസങ്ങളെ മലിനമാക്കാന്‍ തുനിയുന്നവരുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകും.           

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *