Article
വഖഫ് നിയമഭേദഗതി ബിൽ 2024
വഖഫ് നിയമഭേദഗതി ബിൽ 2024
വഖഫ് നിയമ ഭേദഗതി സംബന്ധിച്ച് പലതരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. അവയിൽ ചിലത് വിദ്വേഷ പ്രചാരണങ്ങളിലും എത്തിനിൽക്കുന്നു. എന്താണ് വസ്തുതകൾ എന്ന് മനസ്സിലാക്കിയുള്ള ചർച്ചകൾ കൂടുതൽ ആരോഗ്യപ്രദവും ഗുണകരവും ആയിരിക്കും.
ചർച്ചകളും തീരുമാനങ്ങളും ആരോഗ്യകരവും സൗഹാർദ്ദപരവും ആകണം
നിലവിൽ കൊണ്ടുവരുന്ന ഭേദഗതികൾ സംസ്ഥാന വഖഫ് ബോർഡുകളുടെ അധികാരം സംബന്ധിച്ചും, വഖഫ് ഭൂമിയുടെ രജിസ്ട്രേഷൻ സർവ്വേ എന്നിവ സംബന്ധിച്ചും, അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് സംബന്ധിച്ചുമാണ് എന്നാണ് ബന്ധപ്പെട്ട കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക ഭാഷ്യം. ഏകീകൃത വഖഫ് പരിപാലനം, ശാക്തീകരണം, കാര്യക്ഷമത, വികസനം എന്നിവയൊക്കെ ഉൾപ്പെടുന്ന തരത്തിൽ പേരിൽ തന്നെ മാറ്റം വരുന്ന രീതിയിലാണ് പുതിയ ഭേദഗതി.
വഖഫ് നിയമഭേദഗതി
വഖഫ് ബില്‍ 2024 ഓഗസ്റ്റ് എട്ടിനാണ് ലോകസഭയില്‍ അവതരിപ്പിച്ചത്. 1955 ലെ വഖഫ് നിയമം ഭേദഗതി ചെയ്യുന്നതിനായിരുന്നു അത്. അന്നുതന്നെ അത് സംയുക്ത പാര്‍ലമെന്‍റ് സമിതിക്ക് വിട്ടു.
എന്താണ് വഖഫ്
മുസ്ലിം നിയമം അനുശാസിക്കുന്ന പ്രകാരം മതപരമോ ജീവകാരുണ്യപരമോ ആയി അംഗീകരിക്കുന്ന ഏതൊരു ആവശ്യത്തിനും വേണ്ടിയുള്ള ഒരു വ്യക്തിയുടെ സ്ഥിരമായ സമര്‍പ്പണമാണ് വഖഫ്. ഭൂമി, കെട്ടിടം, മറ്റ് ആസ്തികള്‍ എന്നിവയൊക്കെ അതില്‍ ഉള്‍പ്പെടാം.
എന്തൊക്കെ ഭേദഗതികളാണ് നിര്‍ദ്ദേശിക്കുന്നത്
കല്പിത വഖഫ് സ്വത്തുക്കളുടെ ഉടമസ്ഥാവകാശം വഖഫ് സ്വത്തായി പുതിയ ഭേദഗതി പ്രകാരം പരിഗണിക്കില്ല. രേഖപ്രകാരം വഖഫ് ചെയ്യപ്പെടാത്ത, എന്നാല്‍ വര്‍ഷങ്ങളായി വഖഫ് സ്വത്തായി കണക്കാക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ഭൂമിയും സ്വത്തുവഹകളും ആണ് കല്‍പിത വഖഫ് സ്വത്തുക്കള്‍. (Deemed Waqaf or Waqaf by use). ഇങ്ങനെ കൈവശം വച്ചിരിക്കുന്ന ധാരാളം ഭൂമി ഇപ്പോള്‍ വഖഫ് ഭൂമിയായി നിലവിലുണ്ട്. നിര്‍ദിഷ്ട ഭേദഗതി പ്രകാരം വഖഫ് ആയി നല്‍കുന്ന ഭൂമി ഉടമസ്ഥതയിലുള്ളതായിരിക്കണം, കേവലം കൈവശാവകാശം മാത്രമാകരുത്.
ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും ഇസ്ലാം മതം അനുഷ്ഠിക്കുന്നവരാണ് വഖഫ് നല്‍കേണ്ടത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അനന്തരാവകാശികള്‍ക്ക് പിന്തുടര്‍ച്ചാവകാശം നിഷേധിക്കുന്ന തരത്തില്‍ ആകരുത് വഖഫ് അലല്‍ ഉലാദ് എന്നും ഭേദഗതിയില്‍ പറയുന്നു.
ഈ നിയമപ്രകാരം ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മുഴുവന്‍ വഖഫ് വസ്തുവഹകളുടെയും വിവരങ്ങള്‍ ഭേദഗതി നിയമം നടപ്പിലായി ആറുമാസത്തിനകം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. അത്തരം വിവരങ്ങളില്‍ വസ്തുവകകളുടെ അതിരുകള്‍, വഖഫ് നല്‍കിയ ആളുടെ വിവരങ്ങള്‍, അതില്‍ നിന്നുള്ള വരുമാനം, കോടതി വ്യവഹാരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എന്നിവ അപ്ലോഡ് ചെയ്യണം.
വഖഫ് ഭൂമി സര്‍ക്കാര്‍ ഭൂമി ആയി കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത് വഖഫ് അല്ലാതാവും. സംശയമുള്ള സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട കളക്ടര്‍ ഉടമസ്ഥത സംബന്ധിച്ച തീരുമാനമെടുത്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. സര്‍ക്കാര്‍ ഭൂമിയായി കണക്കാക്കപ്പെട്ടാല്‍ റവന്യൂ രേഖകളില്‍ മാറ്റം വരുത്തും.
നിലവില്‍ ഉള്ള നിയമത്തില്‍ ഒരു വസ്തു വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിന് അന്വേഷണം നടത്തേണ്ടത് വഖഫ് ബോര്‍ഡ് ആണ്. ആ അധികാരം ഭേദഗതിയില്‍ എടുത്തു മാറ്റിയിരിക്കുന്നു.
വഖഫ് ഭൂമി സര്‍വ്വേ നടത്തുന്നതിന് സര്‍വ്വേ കമ്മീഷണറെ നിയമിക്കാനുള്ള അധികാരം ഇല്ലാതാകും. നിര്‍ദിഷ്ട ഭേദഗതി പ്രകാരം സര്‍വ്വേ നടത്തുന്നതിനുള്ള അധികാരം ജില്ലാ കളക്ടര്‍ക്കാണ്. നിലവില്‍ നടന്നുവരുന്ന സര്‍വ്വേകള്‍ സംസ്ഥാനത്തുള്ള റവന്യൂ നിയമപ്രകാരം നടക്കും.
കേന്ദ്ര വഖഫ് കൗണ്‍സില്‍
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെയും വഖഫ് ബോര്‍ഡുകളെയും ഉപദേശിക്കുന്നതിന് കേന്ദ്ര വഖഫ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നു. വഖഫിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രിയാണ് ഈ കൗണ്‍സിലിന്‍റെ എക്സ് ഒഫീഷ്യോ ചെയര്‍പേഴ്സണ്‍. കൗണ്‍സില്‍ അംഗങ്ങള്‍ എല്ലാവരും മുസ്ലിം ആയിരിക്കണം എന്നും അതില്‍ രണ്ടുപേരെങ്കിലും സ്ത്രീകള്‍ ആയിരിക്കണം എന്നും നിലവിലെ നിയമം പറയുന്നു. എന്നാല്‍ ഭേദഗതിയില്‍ കൗണ്‍സിലിലെ രണ്ട് അംഗങ്ങള്‍ മുസ്ലീങ്ങള്‍ അല്ലാത്തവര്‍ ആയിരിക്കണം എന്ന് പറയുന്നു. കൗണ്‍സിലിലേക്ക് നിയമിക്കപ്പെടുന്ന പാര്‍ലമെന്‍റ് അംഗങ്ങള്‍ മുന്‍ ജഡ്ജിമാര്‍ മറ്റു പ്രഗല്‍ഭരായവര്‍ എന്നിവര്‍ മുസ്ലിം ആകണമെന്നില്ല. അതേസമയം മുസ്ലിം സംഘടനകളുടെ പ്രതിനിധികള്‍, ഇസ്ലാമിക നിയമത്തിലെ പണ്ഡിതന്മാര്‍, വഖഫ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ എന്നിവര്‍ മുസ്ലീങ്ങള്‍ ആകേണ്ടതും അവരില്‍ രണ്ടുപേര്‍ വനിതകള്‍ ആയിരിക്കേണ്ടതുമാണ്.
വഖഫ് ബോര്‍ഡ്
മുസ്ലിം ഇലക്ടറല്‍ കോളേജില്‍ നിന്ന് രണ്ട് എംപിമാര്‍, 2 എംഎല്‍എമാര്‍, രണ്ട് ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുക്കണം എന്നതാണ് നിലവിലെ നിയമം. എന്നാല്‍ നിയമഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാരിന് മേല്‍പ്പറഞ്ഞ വിഭാഗം ആളുകളില്‍ നിന്ന് ഓരോരുത്തരെ വീതം നിയമിക്കാം. അവര്‍ മുസ്ലീങ്ങള്‍ ആകണമെന്നില്ല. ബോര്‍ഡിലും രണ്ട് മുസ്ലിങ്ങള്‍ അല്ലാത്ത അംഗങ്ങള്‍ ഉണ്ടാകണമെന്ന് ഭേദഗതിയില്‍ പറയുന്നു. ചുരുങ്ങിയത് ഒരു അംഗമെങ്കിലും ഷിയാ, സുന്നി, മുസ്ലിം വിഭാഗത്തിലെ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നായിരിക്കണം. ബോഹ്റ, അഖഗാനി വിഭാഗങ്ങള്‍ക്ക് വഖഫ് ഉണ്ടെങ്കില്‍ അവയില്‍ നിന്നും ഓരോ അംഗങ്ങള്‍ ഉണ്ടാകണം. ചുരുങ്ങിയത് രണ്ട് അംഗങ്ങള്‍ എങ്കിലും വനിതകള്‍ ആയിരിക്കണം എന്ന് നിലവിലെ നിയമം പറയുമ്പോള്‍ രണ്ട് മുസ്ലിം അംഗങ്ങള്‍ വനിതകള്‍ ആയിരിക്കണം എന്ന് നിയമഭേദഗതിയില്‍ പറയുന്നു.
ട്രൈബ്യൂണല്‍
സംസ്ഥാനങ്ങള്‍ വഖഫ് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണലുകളെ നിയമിക്കണം. ജില്ലാ ജഡ്ജിയുടെ തത്തുല്യ പദവിയിലുള്ള ആള്‍ ആയിരിക്കണം ട്രൈബ്യൂണല്‍ ചെയര്‍മാന്‍. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്, മുസ്ലിം നിയമത്തില്‍ പാണ്ഡിത്യമുള്ള ഒരാള്‍ എന്നിവര്‍ ആയിരിക്കണം മറ്റ് അംഗങ്ങള്‍. ഭേദഗതിയില്‍ മുസ്ലിം നിയമത്തില്‍ പാണ്ഡിത്യമുള്ള ആളെ ഒഴിവാക്കി. ഭേദഗതി പ്രകാരമുള്ള ട്രൈബ്യൂണലില്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കേണ്ടത് നിലവിലുള്ളതോ മുന്‍ ജില്ലാ ജഡ്ജിയോ ആണ്. കൂടാതെ സംസ്ഥാന സര്‍ക്കാരിന്‍റെ ജോയിന്‍റ് സെക്രട്ടറി പദവിയില്‍ ഉള്ള നിലവിലുള്ളതോ റിട്ടയര്‍ ചെയ്തതോ ആയ ഉദ്യോഗസ്ഥന്‍ എന്നിവരും ആയിരിക്കും അംഗങ്ങള്‍.
നിലവിലെ നിയമത്തില്‍ ട്രൈബ്യൂണല്‍ തീരുമാനങ്ങള്‍ക്കെതിരെ അപ്പീല്‍ നടപടികള്‍ ഇല്ല. ഹൈക്കോടതിക്ക് സ്വമേധയായോ ബോര്‍ഡിന്‍റെ അപേക്ഷയിലോ വിധി മൂലം ബാധിക്കപ്പെട്ട വ്യക്തിയുടെയോ അപേക്ഷയോ പരിഗണിക്കാം. എന്നാല്‍ ബില്ലില്‍ 90 ദിവസത്തിനകം ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ആക്കാനുള്ള വ്യവസ്ഥ കൊണ്ടുവന്നു. ട്രൈബ്യൂണല്‍ തീരുമാനങ്ങള്‍ അന്തിമമെന്ന രീതിക്ക് മാറ്റം വരുത്തി.
ഇപ്പോഴുള്ള നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിന് വഖഫ് ഓഡിറ്റ് ചെയ്യാം. ഭേദഗതി പ്രകാരം കേന്ദ്ര ഗവണ്‍മെന്‍റിനും ഉദ്യോഗസ്ഥരിലൂടെ ഇത് ഓഡിറ്റ് ചെയ്യാനുള്ള അധികാരം നല്‍കുന്നു.
ഷിയാ വിഭാഗത്തിന് 15 ശതമാനത്തില്‍ അധികം വഖഫ് വസ്തുവഹകള്‍ ഉണ്ടെങ്കില്‍ ഷിയാ, സുന്നി വിഭാഗങ്ങള്‍ക്ക് വെവ്വേറെ വഖഫ് ബോര്‍ഡുകള്‍ ഉണ്ടാക്കാം.നിയമ ഭേദഗതിയില്‍ അഖക്കാനി, ബോറ വിഭാഗങ്ങള്‍ക്കും പ്രത്യേകമായി വഖഫ് ബോര്‍ഡ് ഉണ്ടാക്കുന്നതിന് അനുവാദം നല്‍കുന്നു. 44 എണ്ണമായിട്ടാണ് ഭേദഗതി അവതരിപ്പിച്ചിരിക്കുന്നത്. അവയില്‍ പ്രധാനപ്പെട്ടത് എന്ന് തോന്നിയ ഭാഗങ്ങളാണ് ഈ കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. prsindia.org എന്ന വെബ്സൈറ്റില്‍ നിയമ ഭേദഗതിയുടെ മുഴുവന്‍ പിഡിഎഫ് ഫയല്‍ ലഭ്യമാണ്.
ചര്‍ച്ചകള്‍ തുടരുകയാണ്
സംബന്ധിച്ച് സംയുക്ത പാര്‍ലമെന്‍ററി സമിതി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തുമ്പോള്‍ തന്നെ പുറത്തും ചര്‍ച്ചകള്‍ തുടരുകയാണ്. തങ്ങളുടെ സ്വത്ത് ഇന്ന രീതിയില്‍ കൈകാര്യം ചെയ്യപ്പെടും എന്ന നിയമപരമായ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ നല്‍കിയ വഖഫ്, പിന്നീട് ആ നിയമത്തിന് മാറ്റം വരുമ്പോള്‍ എങ്ങനെയാകും എന്ന് ആശങ്കയുള്ളവര്‍ ഉണ്ട്. അതേസമയം കൈവശ ഭൂമി അവകാശ തര്‍ക്കങ്ങള്‍ സംബന്ധിച്ച കേസുകളും ഉണ്ട്. പുതിയ ഭേദഗതിയിൽ ഭൂമി സംബന്ധിച്ച വിവരങ്ങൾ സുതാര്യമായി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത് ഭൂവിനിയോഗത്തിന് കൂടുതൽ ഗുണപ്രദമാകും. തീറാധാരം ഉണ്ടായിട്ടും വഖഫ് ബോര്‍ഡ് അവകാശം ഉന്നയിക്കുന്നതിന്‍റെ പേരില്‍ ഭൂമി അനുഭവിക്കാന്‍ പറ്റാത്ത ഇതര മതസ്ഥര്‍ ഉള്‍പ്പെട്ട കേസുകളും ഉണ്ട്. പ്രായോഗിക തലത്തില്‍ ഇത്തരം കാര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും തെരഞ്ഞെടുപ്പ് മൂലം ഒരു മത വിഭാഗത്തിലെ ആളുകള്‍ കൈകാര്യം ചെയ്തിരുന്ന അധികാരം സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന ആളുകളിലേക്ക് മാറുമ്പോള്‍ ഭരണഘടനാപരമായി നല്‍കിയിട്ടുള്ള ഉറപ്പുകളെ അത് എങ്ങനെ ബാധിക്കുന്നു എന്നതുകൂടി വിശകലനത്തിന് വിധേയമാകും.
അഡ്വ ഷെറി ജെ തോമസ്
13.08.24
0 Comments
Leave a Reply