Article
ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാൻ പുതിയ നിയമം
ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാൻ പുതിയ നിയമം
ഇൻറർനെറ്റ് കണക്ഷൻ വേഗത വർദ്ധിച്ചതിനെ തുടർന്ന് ഓൺലൈൻ ഗെയിമുകൾ കളിക്കുന്നവരുടെ എണ്ണം കൂടുകയും വൻതോതിൽ സാമ്പത്തിക ഇടപാടുകൾ ഈ മേഖലയിൽ ഉണ്ടാവുകയും ചെയ്യുന്നു. രാജ്യത്ത് ഓൺലൈൻ ഗെയിമിംഗ് ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തുന്ന ബില്ലിന് പാർലമെൻറ് അംഗീകാരം നൽകി നിയമമായി. പണം വെച്ചുള്ള ഓൺലൈൻ ഗെയിം ആപ്ലിക്കേഷൻ പ്രവർത്തനം, പരസ്യം എന്നിവ നിരോധിക്കുന്നതാണ് പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിംഗ് നിയമം 2025. ഒട്ടേറെ ഗെയിമിംഗ് ആപ്ലിക്കേഷനുകൾ ഇല്ലാതാകുന്നതോടെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകളെ അത് ബാധിക്കും.
എന്താണ് പുതിയ നിയമം
ഇ- സ്പോർട്ട്സ്, വിദ്യാഭ്യാസ ഗെയിമുകൾ, സോഷ്യൽ ഗെയിമുകൾ മുതലായവ ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യം വെച്ചുകൊണ്ടാണ് The promotion and regulation of online gaming act 2025 (Act 32 of 2025) നടപ്പിലാക്കിയിരിക്കുന്നത്. ഇക്കാര്യങ്ങൾ നിയന്ത്രിക്കുന്നതിനുവേണ്ടി പ്രത്യേക അതോറിറ്റി രൂപീകരിക്കുന്ന കാര്യവും നിയമത്തിൽ ഉണ്ട്. നിരോധിക്കപ്പെട്ട ഗെയിമുകൾ കളിക്കുന്നതും പ്രേരിപ്പിക്കുന്നതും പരസ്യം ചെയ്യുന്നതും അതിനുവേണ്ടി പണം മുടക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ കുറ്റകരമാണ്.
ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ ഡിജിറ്റൽ ഉപകരണങ്ങളിലൂടെയോ ഇൻറർനെറ്റ് ഉപയോഗിച്ചോ മറ്റെന്തെങ്കിലും സാങ്കേതികവിദ്യ ഉപയോഗിച്ചോ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ നടത്തുന്ന കളികളെ ഓൺലൈൻ ഗെയിമുകൾ എന്ന് പറയും.
അങ്ങനെയുള്ള ഓൺലൈൻ ഗെയിമുകൾ പ്രാവീണ്യം, ഭാഗ്യം എന്നിവയിലൂടെയോ ഇവ രണ്ടും കൂടി ഉപയോഗിച്ചോ അല്ലാതെയോ വിജയ സാധ്യതകൾ മുന്നിൽകണ്ട് പണം നിക്ഷേപിച്ച് പണമോ മറ്റെന്തെങ്കിലും ലാഭമോ ഉദ്ദേശിച്ച് ചെയ്യുന്നതെല്ലാം ഓൺലൈൻ മണി ഗെയിം എന്നതിൻറെ പരിധിയിൽ വരും. അതേസമയം ഇ- സ്പോർട്സ് അതിൽ ഉൾപ്പെടില്ല. ഇതുപോലെ ഓൺലൈൻ മണി ഗെയിമിംഗ് സേവനങ്ങൾ നൽകുന്നതിനെ ഓൺലൈൻ മണി ഗെയിമിംഗ് സർവീസ് എന്ന് പറയും.
എന്തൊക്കെയാണ് നിരോധിച്ചിരിക്കുന്നത്
ഓൺലൈൻ മണി ഗെയിമുകളോ ഓൺലൈൻ മണി ഗെയിമിംഗ് സർവീസ് വാഗ്ദാനം ചെയ്യുകയോ അതിന് സഹായിക്കുകയോ പ്രേരിപ്പിക്കുകയോ കൂട്ടുനിൽക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. അതിനുവേണ്ടി പരസ്യങ്ങൾ ഉണ്ടാക്കുന്നതോ പ്രചരിപ്പിക്കുന്നതൊ നേരിട്ടോ അല്ലാതെയോ പ്രോത്സാഹിപ്പിക്കുന്നതൊ കുറ്റകരമാണ്. അതുപോലെതന്നെ അക്കാര്യത്തിനുവേണ്ടി പണം നൽകി സഹായിക്കുന്ന ധനകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഒക്കെ കുറ്റക്കാരാകും.
എന്താണ് ശിക്ഷ
ഈ നിയമത്തിന് വിരുദ്ധമായി ഓൺലൈൻ മണി ഗെയിമിംഗ് സർവീസ് നൽകുന്ന ആളുകൾക്ക് കുറ്റം തെളിഞ്ഞാൽ മൂന്നുവർഷം വരെ തടവ് ശിക്ഷയോ ഒരു കോടി രൂപ വരെയുള്ള പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
നിയമവിരുദ്ധമായ മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് വേണ്ടി പരസ്യം ചെയ്താൽ രണ്ടുവർഷം തടവോ 50 ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
അതുപോലെ ഇക്കാര്യത്തിനായി പണമിടപാട് നടത്തുകയോ അതിന് സാധുതയുണ്ടാക്കുകയോ ചെയ്താൽ മൂന്നുവർഷം വരെ തടവ് ശിക്ഷയോ ഒരു കോടി രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
കേസുകൾ അന്വേഷിക്കുന്നതിന് സർക്കാരിന് പ്രത്യേകമായി ഉദ്യോഗസ്ഥരെ വിജ്ഞാപനത്തിലൂടെ ചുമതലപ്പെടുത്താം. അങ്ങനെയുള്ള ഉദ്യോഗസ്ഥർക്ക് കുറ്റകൃത്യം നടക്കുന്നുവെന്ന് സംശയം ഉള്ളടത്തോ കുറ്റകൃത്യങ്ങൾ നടക്കുന്നിടത്തോ പരിശോധന നടത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും അധികാരമുണ്ട്.
ഓൺലൈൻ മണി ഗെയിമിങ്ങിൽ ഏർപ്പെടുന്നതും ഗെയിമിംഗ് സർവീസുകൾ നടത്തുന്നതും അതിനുവേണ്ടി ധനമിടപാട് നടത്തുന്നതും പോലീസിന് നേരിട്ട് കേസെടുക്കാവുന്ന കോഗ്നൈസബിൾ എന്ന ഗണത്തിൽ വരുന്ന കുറ്റകൃത്യങ്ങളും ജാമ്യം ലഭിക്കാത്തവയുമാണ്.
രണ്ടാമതും കുറ്റം ചെയ്താൽ ശിക്ഷ കൂടും
ഒരിക്കൽ മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് ശിക്ഷ ലഭിച്ച വ്യക്തി വീണ്ടും അതേ കുറ്റം ചെയ്താൽ കുറഞ്ഞത് മൂന്ന് വർഷം വരെ തടവ് ശിക്ഷയും അതേസമയം അഞ്ചുവർഷം വരെ നീളാവുന്നതുമായ തടവും ഒരു കോടിയിൽ കുറയാത്തതും രണ്ടുകോടി വരെ ആകാവുന്നതുമായ പിഴ ശിക്ഷയും ലഭിക്കാം. അതുപോലെ പരസ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിരോധനങ്ങൾ ലംഘിച്ച് വീണ്ടും കുറ്റം ചെയ്താൽ കുറഞ്ഞത് രണ്ടുവർഷം വരെ തടവും മൂന്നുവർഷം വരെ നീളാവുന്നതും 50 ലക്ഷത്തിൽ കുറയാത്തതും ഒരു കോടി വരെ ആകാവുന്നതുമായ പിഴ ശിക്ഷയും ലഭിക്കാം.
0 Comments
Leave a Reply