Article
വാഹനത്തിലെ ഗ്ലാസിൽ ഫിലിം ഒട്ടിച്ചതിന് ഇനി കേസെടുക്കില്ല
വാഹനത്തിലെ ഗ്ലാസിൽ ഫിലിം ഒട്ടിച്ചതിന് ഇനി കേസെടുക്കില്ല
Article by Adv Anjana P V
നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ നിര. ചിലർ ഫൈൻ അടയ്ക്കുന്ന തിരക്കിൽ. ഒരാൾ വാഹനത്തിൻറെ പുറത്തിറങ്ങി ചില്ലിൽ ഒട്ടിച്ചിരിക്കുന്ന ഫിലിം പറിച്ചെടുക്കുന്ന തിരക്കിൽ. ഇനി തൽക്കാലം കേരളത്തിൽ ഈ കാഴ്ച ഉണ്ടാവില്ല.
2012 ൽ അവിനാഷ് ഗോയങ്ക കേസിൽ (2012 5 SCC 321) മുന്നിലെയും പുറകിലെയും ചില്ലുകളിൽ 70 ശതമാനം കാഴ്ച നൽകുന്നതും, വശങ്ങളിലെ ചില്ലുകളിൽ 50 ശതമാനം കാഴ്ച നൽകുന്നതുമായ സുരക്ഷാ ഗ്ലാസുകൾ മാത്രമേ ഉപയോഗിക്കാവൂയെന്ന് അന്ന് നിലവിലുള്ള ചട്ടങ്ങൾ വ്യാഖ്യാനിച്ച് സുപ്രീം കോടതി കോടതി ഉത്തരവിറക്കിയിരുന്നു. അതിനെ തുടർന്ന് ഈ നിയമം കർക്കശമായി നടപ്പിലാക്കാൻ എല്ലാ സംസ്ഥാനങ്ങളിലും ഉള്ള പോലീസ് മേധാവികൾക്ക് നിർദ്ദേശങ്ങളും നൽകിയിരുന്നു.
ചട്ടങ്ങളിൽ പുതിയ ഭേദഗതി
കേന്ദ്ര മോട്ടോർ വാഹന ചട്ടം 100 - 1.04.2021 ൽ ഭേദഗതി വരുത്തി. നിശ്ചിത ശതമാനം പ്രകാശം കടത്തിവിടുന്ന സേഫ്റ്റി ഗ്ലാസ് അല്ലെങ്കിൽ സേഫ്റ്റി ഗ്ലേസിംഗ് എന്നിവ ഉപയോഗിക്കാവുന്ന തരത്തിൽ ഭേദഗതിയുണ്ടായി. എന്നാൽ അത് വാഹന നിർമ്മാതാക്കൾ തന്നെ ചെയ്യേണ്ടതാണെന്നും വാഹനം രജിസ്റ്റർ ചെയ്ത് പുറത്തിറക്കിയതിനു ശേഷം മാറ്റം വരുത്താൻ ആവില്ല എന്നും സംസ്ഥാന സർക്കാർ നിലപാടെടുത്തുവെങ്കിലും കേരള ഹൈക്കോടതി അത് അംഗീകരിച്ചില്ല.
വാഹന നിർമ്മാതാവ് ഒട്ടിച്ചതല്ല രജിസ്ട്രേഷനു ശേഷം ഒട്ടിച്ചുവെന്നത് കുറ്റമല്ല
കേന്ദ്ര മോട്ടോർ വാഹന ചട്ടം 100(4) പ്രകാരം വാഹന ഉടമ അത്തരത്തിൽ അനുവദിക്കപ്പെട്ട സ്റ്റിക്കർ ഒട്ടിക്കുന്നതിന് നിയമപരമായി വിലക്കില്ല. കൂളിംഗ് ഫിലിം - സേഫ്റ്റി ഗ്ലേസിംഗ് ഒട്ടിക്കാൻ അനുവാദം ഉണ്ടെങ്കിലും വാഹന നിർമ്മാതാവ് ഒട്ടിച്ചതല്ല, വാഹനം വാങ്ങിയതിനു ശേഷം പിന്നീട് ഉടമ ഒട്ടിച്ചു എന്ന പേരിൽ കേസെടുക്കുന്നത് നിയമവിരുദ്ധമാണ് എന്ന് പ്രസ്താവിച്ചുകൊണ്ട് ഫൈൻ അടയ്ക്കാനുള്ള ചലാനുകൾ കേരള ഹൈക്കോടതി റദ്ദാക്കി.
(WPC 23146.2022, WPC 28289.2022: Judgment dated 10.09.24)
0 Comments
Leave a Reply