Article

EPIDEMIC DISEASES ORDINANCE 2020 - KERALA EPIDEMIC DISEASE ORDINANCE

കേരള പകർച്ചവ്യാധികൾ നിയമം 2020

പകർച്ചവ്യാധി തടയുന്നതിന് നിലവിലുള്ള നിയമങ്ങൾ  ഏകോപിപ്പിച്ച് 26.03.2020 തീയതി കേരളത്തിൽ പ്രസിദ്ധപ്പെടുത്തിയ നിയമമാണ് കേരള പകർച്ചവ്യാധികൾ  ഓർഡിനൻസ് 2020. (Kerala Epidemic Diseases Ordinance 2020) നിയമസഭാസമ്മേളനം ഇല്ലാത്തതുകൊണ്ട് അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 213(1) പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ഗവർണർ ഈ  നിയമം പ്രഖ്യാപിച്ചത്. 

എന്താണ് പകർച്ചവ്യാധി

ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ അസുഖങ്ങളും പകർച്ചവ്യാധി എന്ന നിർവചനത്തിൽ ഉൾപ്പെടും.  (വകുപ്പ് 2എ)


 എന്താണ് അധികാരം ? 

ഏതെങ്കിലും പകർച്ചവ്യാധി വ്യാപനം നടക്കുന്നു എന്ന അഭിപ്രായം സർക്കാരിന് ഉണ്ടായാൽ അതിൻറെ വ്യാപനം തടയുന്നതിന് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നതും അത് നടപ്പിൽ വരുത്തുന്നതിന് ജില്ലാ കളക്ടർമാർക്ക് അധികാരം നൽകാവുന്നതുമാണ്. 

എന്തൊക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താം

പകർച്ചവ്യാധിയുടെ വ്യാപനം തടയുന്നതിന് കൂട്ടംകൂടൽ, ആഘോഷങ്ങൾ, ആരാധന, മുതലായ കാര്യങ്ങൾ നിരോധിക്കാം.

റോഡ് മാർഗം, വായു മാർഗം, ജലമാർഗ്ഗം, മറ്റു മാർഗ്ഗങ്ങളിലൂടെ സംസ്ഥാനത്ത് എത്തുന്ന ആളുകളെ പരിശോധിക്കാനും, വീടുകളിലോ, ആശുപത്രികളിലോ നിരീക്ഷണത്തിൽ ആകാനും, ഒറ്റപ്പെട്ട് താമസിക്കാൻ നിർദേശിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അധികാരം ലഭിക്കും. 

സംസ്ഥാനത്തിന്റെ അതിർത്തികൾ അടയ്ക്കുക, 

പൊതു-സ്വകാര്യ യാത്രാ  സംവിധാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, 

സാമൂഹിക അകലം പാലിക്കാൻ ഉത്തരവുകൾ, 

പൊതുസ്ഥലത്തും ആരാധനാലയങ്ങളിലും സഭ കൂടുന്നത് തടയുക, സർക്കാർ ഓഫീസുകൾ സ്വകാര്യ ഓഫീസുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യുക,

വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ ഫാക്ടറികൾ, വർക്ക് ഷോപ്പുകൾ ഗോഡൗണുകൾ മുതലായവയുടെ പ്രവർത്തനം നിരോധിക്കുക, 

അവശ്യ സേവന വിഭാഗങ്ങളായ ബാങ്കുകൾ മാധ്യമങ്ങൾ ആരോഗ്യപരിപാലനം ഭക്ഷണ വിതരണം വൈദ്യുതി വെള്ളം ഇന്ധനം മുതലായവയുടെ പ്രവർത്തന സമയം നിയന്ത്രിക്കുക, 

പകർച്ചവ്യാധി നിയന്ത്രിക്കുന്നതിന് അനുയോജ്യമായ മറ്റു പൊതുവായ നിയന്ത്രണങ്ങൾ ഉചിതമായ രീതിയിൽ നടപ്പിലാക്കുന്നതിനോം ഈ നിയമം സർക്കാരിന് അധികാരം നൽകുന്നു. (വകുപ്പ് 4)

എന്താണ് ശിക്ഷ

ഈ നിയമപ്രകാരം പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങൾ ലംഘിക്കുക, അനുസരിക്കാതിരിക്കുക, ഈ നിയമപ്രകാരം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുക മുതലായ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടാൽ രണ്ടു വർഷം തടവോ, പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്നതാണ്. (വകുപ്പ് 5)

പ്രേരണാകുറ്റം

ഈ നിയമ പ്രകാരമുള്ള കുറ്റങ്ങൾ ചെയ്യുന്നതിന് ആരെയെങ്കിലും പ്രേരിപ്പിക്കുകയും അത്തരം പ്രേരണയാൽ കുറ്റം ചെയ്യുകയും ചെയ്താൽ  അവർക്കും രണ്ടു വർഷം തടവോ, പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്നതാണ്.(വകുപ്പ് 6 )

പോലീസിന് അറസ്റ്റ് ചെയ്യാം, ജാമ്യം ലഭിക്കും

ഈ നിയമ പ്രകാരമുള്ള എല്ലാ കുറ്റങ്ങളും പോലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ളവ ആയിരിക്കും. അതേസമയം ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളും ആയിരിക്കും. (വകുപ്പ് 7)


സദുദ്ദേശത്തിൽ ചെയ്ത പ്രവർത്തികൾക്ക് സംരക്ഷണം 

ഈ നിയമപ്രകാരം സദുദ്ദേശപരമായി, സദുദ്ദേശപരം  എന്ന് ഉദ്ദേശിച്ച്,  ചെയ്ത പ്രവർത്തികൾക്കെതിരെ നിയമ നടപടികൾ ഒന്നും നിലനിൽക്കുന്നതല്ല. (വകുപ്പ് 9)

ഈ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിന് വേണ്ടി ചട്ടങ്ങൾ ഉണ്ടാക്കുകയോ മാറ്റങ്ങൾ വരുത്തുകയോ ചെയ്യുന്നതിന് സർക്കാരിന് അധികാരമുണ്ട്. 1072 (M E) ലെ കൊച്ചിൻ പകർച്ചവ്യാധി നിയമം, 1073 (M E) ലെ തിരുവിതാംകൂർ പകർച്ചവ്യാധി നിയമം,  പകർച്ചവ്യാധികൾ നിയമം 1897 എന്നിവ എന്നിവ ഈ പുതിയ നിയമത്തോട്കൂടി റദ്ദാക്കി.

Adv Sherry J Thomas 

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *