Article
ചെക്ക് കേസുകളിൽ ഇടക്കാല നഷ്ടപരിഹാരം എല്ലാവർക്കും ലഭിക്കുമോ
ചെക്ക് കേസുകളിൽ ഇടക്കാല നഷ്ടപരിഹാരം എല്ലാവർക്കും ലഭിക്കുമോ
Adv NILTON REMELO niltonremelo@gmail.com
പണ ഇടപാടുകളിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒരു സംവിധാനമാണ് ബാങ്ക് ചെക്ക് മുഖേനയുള്ള പണം കൈമാറ്റം. ചെക്ക് നൽകിയ അക്കൗണ്ടിൽ മതിയായ തുകയില്ലാതെ മടങ്ങിയാൽ അതുകൊണ്ടുതന്നെ ചെക്ക് നൽകിയ ആർക്കെതിരെ ക്രിമിനലായും സിവിലായും കേസുകൾ നിലനിൽക്കും. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് നിയമത്തിൽ വരുത്തിയ 143A(1) പ്രകാരം കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ 20 ശതമാനം തുക പ്രതി വാദിക്ക് നൽകണമെന്ന് മജിസ്ട്രേറ്റ് കോടതിക്ക് ഉത്തരവിടാം. അത് നിർബന്ധമായും എല്ലാ കേസുകളിലും ചെയ്യേണ്ടതാണോ, ഏതൊക്കെ സാഹചര്യങ്ങളിൽ അങ്ങനെ നൽകാൻ ഉത്തരവിടാം എന്നതാണ് ചോദ്യം !
ചെക്ക് കേസുകളിൽ ആദ്യഘട്ടത്തിൽ തന്നെ നൽകാവുന്ന 20% തുക സംബന്ധിച്ച ഉത്തരവുകൾ കോടതിയുടെ വിവേചന അധികാരത്തിൽ ഉൾപ്പെടുന്നതാണ്. നിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം 'may' എന്നായതുകൊണ്ട് അത് നിർബന്ധപൂർവ്വമുള്ള ഒരു നിർദ്ദേശമല്ല എന്ന് സുപ്രീം കോടതി രാകേഷ് രഞ്ജൻ ശ്രീവാസ്തവ കേസിൽ (2024 2 KHC 481) അസന്നിഗ്ദമായി പരാമർശിച്ചിട്ടുണ്ട്.
ഇടക്കാല ഉത്തരവ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാം ?
കേസിലെ പ്രഥമ ദൃഷ്ടിയാ ഉള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും കണക്കിലെടുക്കണം, പ്രതി മുന്നോട്ടുവയ്ക്കുന്ന ഡിഫൻസ് കൂടി ഈ ഘട്ടത്തിൽ കണക്കിലെടുക്കണം. ഒപ്പം തന്നെ പ്രതിയുടെ സാമ്പത്തിക പരാധീനതകളും ഒരു ഘടകം ആകാം. വാദി ഇത്തരത്തിൽ പ്രഥമ ദൃഷ്ടിയാ ഒരു കേസ് ഉണ്ട് എന്ന് ബോധ്യപ്പെടുത്തിയാൽ മാത്രമാണ് ഇടക്കാല ഉത്തരവ് നൽകുന്ന സാഹചര്യം പരിഗണിക്കപ്പെടേണ്ടതുള്ളൂ. ഒപ്പം തന്നെ പ്രതി ഉന്നയിക്കുന്ന മറുപടി നീതികരിക്കപ്പെടാവുന്നതാണ് എന്ന് പ്രഥമ ദൃഷ്ടിയാ തോന്നിയാലും ഇടക്കാല ഉത്തരവ് നൽകേണ്ടതില്ല. ഇടക്കാല നഷ്ടപരിഹാരം അനുവദിച്ചാൽ തന്നെയും നൽകാവുന്ന തുക, വിനിമയത്തിന്റെ സ്വഭാവം, കക്ഷികൾ തമ്മിലുള്ള ബന്ധം മുതലായ ഘടകങ്ങൾ കൂടി കണക്കിലെടുക്കണം. ഇതിനുപുറമേയും നിരവധി ഘടകങ്ങളും വസ്തുതകളും ഇക്കാര്യത്തിന് മാനദണ്ഡമായി തീരാവുന്നതാണ് എന്നും ഈ വിധിയിൽ പ്രസ്താവിക്കുന്നുണ്ട്.
ഇടക്കാല ഉത്തരവ് പ്രകാരം തുക നൽകിയില്ലെങ്കിൽ
വ്യവഹാരത്തിനിടെ ഉണ്ടാകുന്ന ഇടക്കാല ഉത്തരവ് മൂലമുള്ള തുക പ്രതി നൽകിയില്ലെങ്കിൽ അത് ഒരു ഫൈൻ ഈടാക്കുന്നത് പോലെയുള്ള നടപടിക്രമങ്ങളിലൂടെ വീണ്ടെടുക്കാം. ക്രിമിനൽ നടപടിക്രമം 421 (ബി എൻ എസ് എസ് 461) പ്രകാരമുള്ള നടപടികളാണ് ഇതിനുവേണ്ടി ഉണ്ടാവുന്നത്. വസ്തു അറ്റാച്മെൻ്റും വില്പനയും നടത്തിയോ, ജില്ലാ കളക്ടർ മുഖേനയുള്ള വാറണ്ടിലൂടെ നികുതി കുടിശിക പിടിച്ചെടുക്കുന്നത് പോലെയോ ആകാം.
കേസിനു ശേഷം പ്രതിയെ വെറുതെ വിടുകയാണെങ്കിൽ ഇത്തരത്തിൽ ലഭിച്ച ഇടക്കാല ഉത്തരവ് പലിശ സഹിതം തിരികെ നൽകാൻ വാദി ബാധ്യസ്ഥനാണ്. അതിനുവേണ്ടതായ നടപടിക്രമങ്ങൾ ഒന്നും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് സ് നിയമത്തിൽ പറയുന്നില്ല.
വാറണ്ട് കേസും സമൻസ് കേസും എന്നിങ്ങനെ രണ്ട് തരത്തിലുള്ള വിചാരണ കേസുകൾ നിയമപ്രകാരം ഉണ്ട്. ചെക്ക് കേസുകൾക്കുള്ള പരമാവധി ശിക്ഷ രണ്ട് വർഷം വരെ മാത്രം ആയതുകൊണ്ട് സമൻസ് കേസുകളായാണ് വിചാരണ നടക്കുന്നത്. സമൻസ് കേസുകളിൽ പ്രതി ഹാജരായി കുറ്റം നിഷേധിക്കുമ്പോഴാണ് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് നിയമത്തിലെ വകുപ്പ് 143 A(1) പ്രകാരമുള്ള നടപടികൾ ചെയ്യാവുന്നത്.
0 Comments
Leave a Reply