Article
ഉത്സവങ്ങളിലും മതപരിപാടികളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻപുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ
ഉത്സവങ്ങളിലും മതപരിപാടികളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻപുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ
അമ്പലങ്ങൾ, പള്ളികൾ, മോസ്കുകൾ മുതലായ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് വൻ ജനക്കൂട്ടങ്ങൾ എത്തിച്ചേരുന്ന പരിപാടികൾ മൂലം ഉണ്ടാകുന്ന ഗതാഗത തടസ്സവും അനുബന്ധ വിഷയങ്ങളും പരിഹരിക്കുന്നതിന് കേരള ഹൈക്കോടതി മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. എറണാകുളം ജില്ലയിലെ ഒരു ഉത്സവവുമായി ബന്ധപ്പെട്ട കാവടി ഘോഷയാത്ര മൂലമുള്ള ഗതാഗത തടസ്സം സംബന്ധിച്ച ഹർജിയിലാണ് പൊതുവായ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
പൊതുനിരത്തുകളിലെ തടസ്സമില്ലാത്ത സഞ്ചാരം ഉറപ്പാക്കുന്ന കേരള പബ്ലിക് വേയ്സ് (റെസ്ട്രിക്ഷൻ ഓഫ് അസംബ്ലീസ് ആൻഡ് പ്രൊസഷൻസ്) ആക്ട്, 2011 പ്രകാരം പൊതു റോഡുകളിൽ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുക എന്നത് പോലീസിന്റെ ചുമതലയാണ്. ഈ നിയമത്തിലെ വകുപ്പ് മൂന്ന് പ്രകാരം പൊതുജനത്തിന് തടസ്സമില്ലാതെ പൊതുനിരത്തുകളിലൂടെ സഞ്ചരിക്കുന്നതിന് അവകാശമുണ്ട്.
എന്നിരുന്നാലും ജില്ലാ പോലീസ് മേധാവിക്ക് മതപരമായ ആഘോഷങ്ങളുടെ ഭാഗമായും പൊതു പ്രാധാന്യമുള്ള സാമൂഹിക സാംസ്കാരിക സമ്മേളനങ്ങളും പൊതുയോഗങ്ങളും റാലികളും ഒക്കെ സംബന്ധിച്ച് 24 മണിക്കൂറിൽ അധികരിക്കാത്ത തരത്തിൽ ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നതാണ്. ഇതു സംബന്ധിച്ച് ഏഴ് ദിവസത്തിന് മുമ്പ് തന്നെ ജില്ലാ പോലീസ് മേധാവിക്ക് നടത്തിപ്പുകാർ അപേക്ഷ കൊടുക്കണം. 2011 മുതൽ നിയമം നിലവിൽ ഉണ്ടെങ്കിലും ഇപ്പോഴും പല സ്ഥലത്തും ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ഘോഷയാത്രകളുടെയും പേരിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു എന്ന് കണക്കിലെടുത്താണ് കോടതി മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കിയത്.
മാർഗ്ഗനിർദ്ദേശങ്ങൾ
1. ഉത്സവത്തിന് മുൻപ് സ്വീകരിക്കേണ്ട നടപടികൾ:
മുൻകൂട്ടി അറിയിക്കുക:ഉത്സവ കമ്മിറ്റികൾ അല്ലെങ്കിൽ സംഘാടകർ ഉത്സവത്തിന്റെ തീയതി, ഘോഷയാത്രയുടെ വിവരങ്ങൾ, സമയം എന്നിവ ഉൾപ്പെട്ട ചാർട്ട് കുറഞ്ഞത് മൂന്നാഴ്ച മുൻപെങ്കിലും ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിക്ക് നൽകണം.
നോഡൽ ഓഫീസറെ നിശ്ചയിക്കുക: അറിയിപ്പ് ലഭിച്ചാൽ ജില്ലാ പോലീസ് മേധാവി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (Dy.SP) റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ഉത്സവത്തിന്റെ ക്രമസമാധാന ചുമതലയ്ക്കായി നിയോഗിക്കണം.
പരിശോധനയും കൂടിയാലോചനയും: നിയോഗിക്കപ്പെട്ട പോലീസ് ഓഫീസർ ഉത്സവ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുകയും സംഘാടകർ, തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥർ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവരുമായി ചർച്ച നടത്തി ആക്ഷൻ പ്ലാൻ തയ്യാറാക്കുകയും വേണം.
പാർക്കിംഗ് സൗകര്യം: വാഹനങ്ങൾക്കായി മതിയായ പാർക്കിംഗ് സൗകര്യം സംഘാടകർ ഒരുക്കിയിട്ടുണ്ടെന്ന് പോലീസ് ഓഫീസർ ഉറപ്പുവരുത്തണം.
2. ഉത്സവ സമയത്ത് പാലിക്കേണ്ടവ
ഗതാഗത നിയന്ത്രണം: റോഡരികുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയണം. ആംബുലൻസുകൾക്കും അടിയന്തര വാഹനങ്ങൾക്കും കടന്നുപോകാൻ പ്രത്യേക പാത ഒരുക്കുകയും തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക എൻട്രി, എക്സിറ്റ് പോയിന്റുകൾ സ്ഥാപിക്കുകയും വേണം.
സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം: സ്ത്രീകൾക്കും കുട്ടികൾക്കും ചടങ്ങുകൾ കാണുന്നതിനായി സ്വകാര്യതയും മാന്യതയും ഉറപ്പാക്കുന്ന രീതിയിൽ പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ചു നൽകണം.
ഗ്രീൻ പ്രോട്ടോക്കോൾ:സർക്കാർ നിശ്ചയിച്ചിട്ടുള്ള ഹരിത ചട്ടം കർശനമായി പാലിക്കണം. മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കാൻ സംവിധാനം വേണം.
പോലീസ് വിന്യാസം:വനിതാ പോലീസ് ഓഫീസർമാർ ഉൾപ്പെടെ ആവശ്യമായ പോലീസ് സേനയെ സ്ഥലത്ത് വിന്യസിക്കണം.
3. ഉത്സവത്തിന് ശേഷം
ശുചീകരണം:ഉത്സവം കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ സംഘാടകർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രദേശം വൃത്തിയാക്കി പഴയപടിയാക്കണം.
ഉത്സവങ്ങൾ സുരക്ഷിതമായി നടത്തുക എന്നത് സംഘാടകരുടെ പ്രാഥമിക ഉത്തരവാദിത്തമാണ്. പൊതുനിരത്തുകളിലെ തടസ്സമില്ലാത്ത സഞ്ചാരം ഉറപ്പാക്കുന്ന കേരള പബ്ലിക് വേയ്സ് (റെസ്ട്രിക്ഷൻ ഓഫ് അസംബ്ലീസ് ആൻഡ് പ്രൊസഷൻസ്) ആക്ട്, 2011 കർശനമായി പാലിക്കപ്പെടണം. ഘോഷയാത്രകൾ നടക്കുമ്പോൾ റോഡിന്റെ മുഴുവൻ വീതിയും ഉപയോഗിക്കാതെ ഒരു വശം ഗതാഗതത്തിനായി തുറന്നിടണമെന്നും കോടതിയുടെ രണ്ടംഗ ബഞ്ച് നിർദ്ദേശിച്ചു.ഈ വിധിപ്പകർപ്പ് (WPC 3534/2026) സംസ്ഥാന പോലീസ് മേധാവിക്കും എല്ലാ ദേവസ്വം ബോർഡുകൾക്കും അടിയന്തരമായി കൈമാറാൻ രജിസ്ട്രിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
0 Comments
Leave a Reply