Article

വനിതാ സംവരണം + മണ്ഡല പുനർനിർണയം !

വനിതാ സംവരണം +  മണ്ഡല പുനർനിർണയം ! 

നമ്മുടെ രാജ്യത്തിന്റെ ഭരണഘടന രൂപീകരിച്ചത് രണ്ട് വർഷവും പതിനൊന്ന് മാസവും പതിനേഴ് ദിവസവും നീണ്ടുനിന്ന സുദീർഘമായ ചർച്ചകളിലൂടെയാണ്. ഭരണഘടന എന്നത് കേവലം ഒരു പ്രമാണമല്ല, അത് ഒരു ജനതയുടെ ശാശ്വതമായ നിലനിൽപ്പാണ്. അതുകൊണ്ട് തന്നെ അതിലെ ചർച്ചകളും ഭേദഗതികളും അതീവ വിവേകത്തോടും അവധാനതയോടും കൂടി മാത്രമേ നടപ്പിലാക്കാവൂ എന്നതാണ് പൊതുതത്വം.

വനിതാ സംവരണം തദ്ദേശ ഭരണകൂടങ്ങൾക്ക് മാത്രം മതിയോ ?


രാജ്യത്ത് വനിതകൾക്ക് സഭകളിൽ സംവരണം വേണം എന്നുള്ളത് കാലങ്ങളായി നിലനിൽക്കുന്ന ആവശ്യമാണ്. തദ്ദേശ ഭരണകൂടങ്ങളിൽ മാത്രമായി ഒതുക്കാനുള്ളതല്ല വനിതകളുടെ പ്രാതിനിധ്യം. പല കാരണങ്ങളാൽ ഉപസംവരണങ്ങളും മറ്റു ചർച്ചകളും  ഉണ്ടായി നടപ്പിലാകാതെ വന്ന വനിതാ സംവരണം 2023 ലാണ് ഒടുവിൽ തത്വത്തിൽ നടപ്പിലായത്. പക്ഷേ അത് പ്രയോഗത്തിൽ ആവണമെങ്കിൽ വീണ്ടും നിബന്ധനകൾ ഉണ്ടായിരുന്നു.

നാരീശക്തി വന്ദൻ അധിനിയം വിജ്ഞാപനം ഇറക്കിയിട്ട് വർഷം മൂന്നായി


2023 സെപ്റ്റംബർ 28-ന് വനിതാ സംവരണ ഭരണഘടന ഭേദഗതി  ഔദ്യോഗികമായി വിജ്ഞാപനം ചെയ്തതാണ്. ഇതു സംബന്ധിച്ച നിയമഭേദഗതി ബില്ലുകൾ ലോകസഭയിൽ 2023 സെപ്റ്റംബർ 20-നും രാജ്യസഭയിൽ 2023 സെപ്റ്റംബർ 21-നും പാസായതിനെ തുടർന്നാണ് ഇങ്ങനെ വിജ്ഞാപനം ചെയ്തത്. 106-ാമത് ഭരണഘടനാ ഭേദഗതി നിയമം 2023 എന്ന പേരിൽ അത് അറിയപ്പെട്ടു.

15 വർഷത്തേക്ക് മാത്രമായി കൊണ്ടുവന്നിട്ടുള്ള ഈ സംവരണം ഭരണഘടനയുടെ ആർട്ടിക്കിൾ 334A എന്ന ഭേദഗതിയിലൂടെ പാസാക്കിയപ്പോൾ, ഈ ഭേദഗതിക്ക് ശേഷമുള്ള ആദ്യത്തെ സെൻസസ് കണക്കുകൾ പ്രകാരമുള്ള മണ്ഡല പുനർനിർണ്ണയത്തിന് (delimitation) ശേഷമാണ് നടപ്പിലാവുക എന്നൊരു നിബന്ധന കൂടിയുണ്ട്. അതിനർത്ഥം വനിതാ സംവരണം നടപ്പിലാകണമെങ്കിൽ 2023-ന് ശേഷമുള്ള സെൻസസ് പ്രകാരമുള്ള മണ്ഡല പുനർനിർണ്ണയം ഉണ്ടാകണം.

നിലവിൽ ലോകസഭാ സീറ്റുകളുടെ എണ്ണം 1971-ലെ സെൻസസ് പ്രകാരമാണ് നിശ്ചയിച്ചിരിക്കുന്നത്. 2026 വരെ സീറ്റുകളുടെ എണ്ണത്തിൽ മാറ്റം വരുത്താൻ പാടില്ലെന്നും 84-ാമത് ഭരണഘടനാ ഭേദഗതിയിലൂടെ തീരുമാനിച്ചിട്ടുണ്ട്. അത്തരത്തിൽ 2026 വരെ അത് മരവിപ്പിച്ചു വെച്ചിരിക്കുന്നത് ജനസംഖ്യാ നിർണ്ണയം സംബന്ധിച്ച അജണ്ടയിൽ നിന്ന് സംസ്ഥാനങ്ങൾ പിന്നോട്ട് പോകാതിരിക്കാനുള്ള ഒരു ആർജ്ജവത്തിന് വേണ്ടി കൂടിയായിരുന്നു. അതായത് രാജ്യത്തിന്റെ പൊതുതാൽപര്യമനുസരിച്ച് ജനസംഖ്യാ നിയന്ത്രണം പല സംസ്ഥാനങ്ങളും നടപ്പിലാക്കി, എന്നാൽ ചില സംസ്ഥാനങ്ങൾ അത്രത്തോളം നടപ്പിലാക്കാത്തതിനാൽ  ജനസംഖ്യയിൽ കുറവില്ലാതിരിക്കുകയും ചെയ്യുന്നു എന്നത് ഒരു വസ്തുതയാണ്.

കാര്യങ്ങൾ ഇങ്ങനെയിരിക്കെയാണ്  ലോകസഭയിൽ 2026-ലെ ബിൽ നമ്പർ 107 ആയി ഇപ്പോൾ ചർച്ചയിലായിരിക്കുന്ന പുതിയ ഭേദഗതി ബിൽ അവതരിപ്പിച്ചത്. ആ ബിൽ ലോകസഭയിൽ പാസായില്ല എന്ന യാഥാർത്ഥ്യം നമുക്കറിയാം.  ഭരണഘടനയുടെ ആർട്ടിക്കിൾ 82  പ്രകാരം മണ്ഡല പുനർനിർണ്ണയം നടത്തണമെങ്കിൽ 2026-ന് ശേഷം എടുത്തിട്ടുള്ള പുതിയ സെൻസസ് പ്രകാരമുള്ള കണക്കുകൾ മാത്രമേ സാധ്യമാകൂ.

അവതരിപ്പിക്കപ്പെട്ട നിയമഭേദഗതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ എന്ത്


ഇപ്പോൾ അവതരിപ്പിച്ച് പരാജയപ്പെട്ട ഈ ഭേദഗതിയുടെ ഉദ്ദേശലക്ഷ്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ് - ഭരണഘടനാപരമായ മണ്ഡല പുനർനിർണ്ണയം 2026 വരെ മരവിപ്പിച്ചു വെച്ചിരിക്കുന്നത് പൊതുവായ ഉദ്ദേശത്തോടു കൂടി ആണെങ്കിലും, ജനസംഖ്യാപരമായി വലിയ മാറ്റങ്ങൾക്ക് പല മണ്ഡലങ്ങളും വിധേയമായിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ പല തരത്തിലുള്ള ആനുപാതികമായ പൊരുത്തക്കേടുകൾ ഉണ്ട്.
അതുകൂടാതെ തന്നെ 2023-ൽ നടപ്പിലാക്കിയ നാരീശക്തി വന്ദൻ അധിനിയം എന്ന വനിതാ സംവരണ ഭേദഗതിയുടെ കാര്യവും കൂടി  ഈ ഭേദഗതിയിൽ ഉൾപ്പെടുത്തി. അങ്ങനെ 2023-ന് ശേഷമുള്ള സെൻസസ് പ്രകാരമുള്ള പുനർനിർണ്ണയത്തിന് ശേഷം മാത്രമാണ് വനിതാ സംവരണം നടപ്പിലാവുക  എന്നുള്ളത് ഇപ്പോൾ പരാജയപ്പെട്ട ബില്ലുമായി കൂട്ടിച്ചേർത്തു തമ്മിൽ ബന്ധിപ്പിച്ചാണ് ഏറ്റവും ഒടുവിൽ ലോകസഭയിൽ അവതരിപ്പിച്ചത്.


അതായത് 2023-ൽ നടപ്പിലാക്കിയ വനിതാ സംവരണ ഭേദഗതി പ്രയോഗത്തിൽ വരണമെങ്കിൽ ആ ഭേദഗതി പ്രകാരം ആവശ്യമായിട്ടുള്ള ഏറ്റവും ഒടുവിലത്തെ സെൻസസ് പ്രകാരമുള്ള മണ്ഡല നിർണ്ണയം നടപ്പിലാക്കേണ്ടതുണ്ട്.
അത് ഒഴിവാക്കി പുതിയ സെൻസസ്  ഇല്ലാതെ തന്നെ മണ്ഡല പുനർനിർണയം നടത്താൻ സാഹചര്യമൊരുക്കാൻ  ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി ആർട്ടിക്കിൾ 82-ന്റെ തുടക്കത്തിൽ "ഓരോ സെൻസസിനു ശേഷവും" എന്നത് എടുത്തു മാറ്റാൻ ശ്രമിക്കുകയും, "ഓരോ സെൻസസും പൂർത്തീകരിക്കുന്നത്" എന്ന ഭാഗവും എടുത്തുമാറ്റാൻ ശ്രമിക്കുകയും, പകരം അവസാനത്തെ സെൻസസ് നടന്നില്ലെങ്കിലും മണ്ഡല പുനർനിർണ്ണയം നടത്താൻ ഉതകുന്ന തരത്തിലുള്ള വാക്കുകൾ ഉൾപ്പെടുത്തുകയും ചെയ്തു. ഫലത്തിൽ സെൻസസ് എന്ന പദങ്ങൾ അവിടെ ഒഴിവാക്കാൻ ശ്രമിച്ച ഭേദഗതിയാണ് പരാജയപ്പെട്ടത്. ഇവിടെ അർത്ഥമാക്കേണ്ടത് ഈ അവസാനത്തെ ഭേദഗതിയിൽ വനിതാ ഭേദഗതിയിലെ ഭാഗങ്ങളിൽ ഏറ്റവും ഒടുവിലത്തെ സെൻസസ് പ്രകാരം മണ്ഡല പുനർനിർണ്ണയം നടത്തിയതിനു ശേഷമേ അത് നടപ്പിലാകൂ എന്നതും കൂടി  ഉൾച്ചേർത്ത്, അത് രണ്ടും ഈ ഒരു ഭേദഗതിയിലൂടെ നടപ്പിലാകുന്ന രീതിയിൽ അവതരിപ്പിച്ചു.

വനിതാ  സംവരണം   പ്രയോഗത്തിൽ  വരുന്നതിന് ഇനി നടക്കേണ്ടിയിരിക്കുന്ന സെൻസസ് ഇല്ലാതെ തന്നെ മണ്ഡല പുനർനിർണയം നടത്തി പാർലമെൻറിൽ പരമാവധി 550 അംഗങ്ങൾ ആകാം എന്നുള്ളത് 850 വരെ ആകാം എന്ന രീതിയിലേക്ക് കൂടി ഈ  ഭേദഗതിയിലൂടെ അവതരിപ്പിച്ച് ഫലത്തിൽ രണ്ടും തമ്മിൽ ബന്ധപ്പെടുത്തി  പ്രയോഗത്തിൽ വരുത്താനാണ് ശ്രമിച്ചത്.

അടുത്ത പാർലമെൻറ് തെരഞ്ഞെടുപ്പിന് മുമ്പ് തിടുക്കത്തിൽ മണ്ഡല  പുനർനിർണയം നടത്തുന്നതിനെ എതിർക്കുമ്പോൾ കൂടെ വനിതാ സംവരണം നടപ്പിലാക്കുന്നതിനെ കൂടി എതിർക്കുന്നു എന്ന സാഹചര്യം വരും. ഈ സാഹചര്യത്തെ ഭരണപക്ഷവും പ്രതിപക്ഷവും എങ്ങനെ ഉപയോഗപ്പെടുത്തി വിശദീകരിക്കുന്നു എന്നതാകും ഇത് സംബന്ധിച്ച് ഇനി വരാനിരിക്കുന്ന ചർച്ചകളും നിലപാടുകളും.

കുറിപ്പ് - എന്തിനാണ് മണ്ഡല പുനർനിർണയത്തെ വനിതാ സംവരണവുമായി കൂട്ടിയിണക്കുന്നത് ?  മണ്ഡല പുനർനിർണയം അടുത്ത സെൻസസിനു ശേഷം അതിൻറെ വഴിയെ വരട്ടെ.  അതേസമയം വനിതാ സംവരണം എത്രയും പെട്ടെന്ന് നടപ്പിലാക്കാനുള്ളതാണ് എന്നതാണ് നിലപാട് എങ്കിൽ, ആർട്ടിക്കിൾ 334 എ (1) ൽ  വനിതാ സംവരണം സഭകളിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച് 2023ന് ശേഷമുള്ള സെൻസസ് പ്രകാരമുള്ള മണ്ഡല പുനർനിർണയത്തിന് ശേഷം ആയിരിക്കണം എന്ന ഭാഗത്തിൽ ഭേദഗതി വരുത്തി നിലവിലുള്ള സീറ്റുകളിൽ തന്നെ അത് നടപ്പിലാക്കുന്ന തരത്തിലാക്കിയാൽ യഥാർത്ഥ സ്ത്രീപക്ഷക്കാർക്ക് ആർക്കും അതിനെ ഒരു തത്വവും  പറഞ്ഞ് എതിർക്കാൻ ആവുകയില്ല എന്ന് മാത്രമല്ല ഉടനടി നടപ്പിൽ വരികയും ചെയ്യും.

സൂചനകൾ-
1. ആർട്ടിക്കിൾ 82 ഇന്ത്യൻ ഭരണഘടന
2. ആർട്ടിക്കിൾ 334 എ ഇന്ത്യൻ ഭരണഘടന (106 മത് ഭരണഘടന ഭേദഗതി നിയമം 2023 ലൂടെ ഉൾചേർത്തത്)
3.  ലോകസഭയിൽ 2026 ഏപ്രിൽ 16ന്  അവതരിപ്പിച്ച് പരാജയപ്പെട്ട ബിൽ നമ്പർ 107/2026 ലെ ആർട്ടിക്കിൾ 82, 334എ എന്നിവയിൽ കൊണ്ടുവരാൻ ഉദ്ദേശിച്ച ഭേദഗതികളും  
4. 2026 ഏപ്രിൽ 16ന് ലോകസഭയിൽ അവതരിപ്പിച്ച ഡി ലിമിറ്റേഷൻ ബിൽ 2026



Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *