Article

Human Rights Commission - how to lodge complaint - Article Adv Sherry J Thomas അവകാശങ്ങള്‍ക്കായി കാത്തിരിക്കുന്ന മനുഷ്യര്‍ - വീണ്ടും ഒരു മനുഷ്യാവകാശ ദിനം

അവകാശങ്ങള്‍ക്കായി കാത്തിരിക്കുന്ന മനുഷ്യര്‍  -
വീണ്ടും ഒരു മനുഷ്യാവകാശ ദിനം 

അഡ്വ ഷെറി ജെ തോമസ്  

മനുഷ്യനും മൃഗവും തമ്മില്‍ വേര്‍തിരിക്കുന്ന പല ഘടകങ്ങളിലൊന്ന് മനുഷ്യന്‍ ബോധ്യത്തോടുകൂടി പെരുമാറും എന്നതാണ്.  ബോധ്യവും മാന്യതയും എത്രതന്നെ ഉണ്ടെങ്കിലും  എല്ലാ മനുഷ്യരും ഒരുപോലെ അപരന്‍റെ അവകാശങ്ങള്‍ അനുവദിക്കണമെന്നില്ല.  ഒരുവന്‍റെ അവകാശം അപരന്‍റെ മൂക്കിന്‍തുമ്പുവരെ ഉളളൂ എന്ന യാഥാര്‍ത്ഥ്യം പലപ്പോഴും മനുഷ്യന്‍ മറക്കുന്നു. ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രത്യേക നിയമം ഉണ്ടാക്കിയിട്ടുളളത് മനുഷ്യന്‍റെ സംരക്ഷണത്തിന് മറ്റ് നിയമങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല! സിവില്‍, ക്രിമിനല്‍, നഷ്ടപരിഹാരനിയമങ്ങള്‍ക്കൊക്കെയും പുറമേ മനുഷ്യന്‍റെ എല്ലാ അവകാശങ്ങളെയും സംരംക്ഷിക്കുന്നതിനെയാണ് മനുഷ്യാവകാശ സംരക്ഷ നിയമം എന്നു പറയുന്നത്. ഡിസംബര്‍ 10 ന് ലോകമെമ്പാടും മനുഷ്യാവകാശദിനം ആചരിക്കുന്നു.   

എന്താണ് മനുഷ്യാവകാശം?

1993-ലെ മനുഷ്യവകാശ സംരക്ഷണ നിയമപ്രകാരം  ദേശീയതലത്തിലും സംസ്ഥാനതലങ്ങളിലും മനുഷ്യാവകാശകമ്മീഷനുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.  മനുഷ്യാവകാശങ്ങള്‍ എന്നാല്‍ നിയമത്തില്‍ അര്‍ത്ഥമാക്കിയിട്ടുളളത് - ജീവിതം, സ്വാതന്ത്ര്യം, തുല്യത എന്നിവയുമായി ബന്ധപ്പെട്ട് എല്ലാകാര്യങ്ങളും മനുഷ്യാവകാശങ്ങളാണ് എന്നാണ്.  മാന്യതയോടുകൂടി ജീവിക്കുന്നതിന് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കിയിട്ടുളളതും അന്താരാഷ്ട്ര നിയമപ്രകാരമുളള ഇന്ത്യയില്‍ ബാധകമായ എല്ലാ അവകാശങ്ങളും മനുഷ്യാവകാശങ്ങളാണ്.  വളരെ വിപുലമായ ഒരു അര്‍ത്ഥമാണ് മനുഷ്യവകാശം എന്ന നിര്‍വചനത്തിന് നല്‍കിയിരിക്കുന്നത്.  

എന്താണ് മനുഷ്യാവകാശകമ്മീഷന്‍റെ ചുമതലകള്‍?

പരാതി ലഭിക്കുമ്പോഴോ സ്വമേധയാലോ മനുഷ്യാവകാശകമ്മീഷന് അന്വേഷണം നടത്താനുളള അധികാരം ഉണ്ട്.  മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോഴോ അതിന് പ്രേരണ ഉണ്ടാകുമ്പോഴും കമ്മീഷന് ഇടപെടാം.  മനുഷ്യാവകാശങ്ങളുടെ ലംഘനങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ പരാജയപ്പെടുമ്പോഴും ഇടപെടാവുന്നതാണ്.   ജയിലുകള്‍ സന്ദര്‍ശിക്കുന്നതിനും അവരുടെ ജീവിതസാഹചര്യങ്ങള്‍ പഠിക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും കമ്മീഷന് അധികാരമുണ്ട്.  
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിലവില്‍ ഭരണഘടനാപരമായുളള സംവിധാനങ്ങള്‍ പുനരവലോകനം ചെയ്യുകയും കാര്യപ്രാപ്തമായ നടത്തിപ്പിന് ആവശ്യമെങ്കില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യാം.  
ഭീകരവാദം ഉള്‍പ്പെടെയുളള കാലിക സംഭവ വികാസങ്ങളെ പരിശോധിക്കുകയും പരിഹാരമാര്‍ക്ഷങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യാം. മനുഷ്യാവകാശങ്ങളെപ്പറ്റി പഠനം നടത്തുക, മനുഷ്യാവകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കുക എന്നിവയൊക്കെയും മനുഷ്യാവകാശ കമ്മീഷന്‍റെ അധികാരങ്ങളാണ്. 

അന്വേഷണത്തിനുളള അധികാരങ്ങള്‍

അന്വേഷണങ്ങള്‍ നടത്തുന്നതിന് മനുഷ്യാവകാശ കമ്മീഷന് ഒരു സിവില്‍ കോടതിയുടെ എല്ലാ അധികാരങ്ങളും ഉണ്ട്.  സാക്ഷികളെ സമന്‍സ് അയച്ച് വരുത്തുക, രേഖകള്‍  വിളിച്ചുവരുത്തുക മുതലായ അധികാരങ്ങള്‍ എല്ലാം ഉണ്ട്.  ഒരാളുടെ കൈവശത്തിലിരിക്കുന്ന എന്തെങ്കിലും വിവരങ്ങള്‍ കമ്മീഷനെ അിറയുന്നതിന് നിര്‍ദ്ദേശം നല്‍കാനും  അധികാരം ഉണ്ട്.  
ഉദ്ദ്യോഗസ്ഥരിലൂടെ രേഖകള്‍ പിടിച്ചെടുക്കാനും കമ്മീഷന് അധികാരം ഉണ്ട്.  കമ്മീഷന്‍റെ എല്ലാ നടപടിക്രമങ്ങളും കോടതി നടപടി ആയി തന്നെയാണ് കണക്കാക്കുന്നത്. പരാതികളില്‍ അന്വേഷണം നടത്തുന്നതിന് സര്‍ക്കാരിന്‍റെ ഏതെങ്കിലും അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മനുഷ്യാവകാശ കമ്മീഷന് അധികാരം ഉണ്ട്. 
 
പരാതിയും നടപടികളും

പരാതികളിന്‍മേലുളള അന്വേഷണത്തിന്‍റെ ഭാഗമായി സംസ്ഥാന/കേന്ദ്രസര്‍ക്കാറിന്‍റെ ഏത് ഓഫീസില്‍ നിന്നും ഏത് രേഖകളും പിടിച്ചെടുക്കാന്‍ കമ്മീഷന് അധികാരമുണ്ട്.  നിശ്ചിത സമയത്തിനുളളില്‍ റിപ്പോര്‍ട്ട് കിട്ടിയില്ലെങ്കില്‍ തനതായ രീതിയില്‍ അന്വേഷണം നടത്താം. അന്വേഷണത്തിന് ശേഷം നടപടികള്‍ തുടരേണ്ടതില്ലാ എന്ന് കമ്മീഷന് ബോധ്യം വന്നാല്‍ പരാതിക്കാരനെ അറിയിക്കേണ്ടതാണ്.  
എന്തെങ്കിലും മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി അന്വേഷണത്തില്‍ തെളിവായാല്‍ ബന്ധപ്പെട്ട ആളുകള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.  അപകടത്തിന് ഉടനടി എന്തെങ്കിലും ആശ്വാസം നല്‍കാനും ശുപാര്‍ശ ചെയ്യാം.  കമ്മീഷന്‍ അയക്കുന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്ന അധികാര കേന്ദ്രം ഒരു മാസത്തിനുളളില്‍ ആ റിപ്പോര്‍ട്ടിന്‍മേലുളള നടപടികള്‍ ഉള്‍പ്പെടെയുളള തീരുമാനങ്ങള്‍ കമ്മീഷനെ അറിയിക്കേണ്ടതാണ്.  

പരാതികള്‍ അയക്കേണ്ട വിലാസം-

രജിസ്ട്രാര്‍, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍,
ടര്‍ബോ പ്ളസ് ടവര്‍, പി എം ജി ജംഗ്ഷന്‍
വികാസ് ഭവന്‍ പോസ്റ്റ്, തിരുവനന്തപുരം 33

PHONE 0471-2307263,2307148 
FAX-OFFICE 0471 2307490
FAX-INVESTIGATION WING- 0471- 2302570
Email.  hrckeralatvm@gmail.com

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *