Article
എന്താണ് പകർച്ചവ്യാധി നിയമം ? The Epidemic Diseases Act 1897
എന്താണ് പകർച്ചവ്യാധി നിയമം ?
The Epidemic Diseases Act 1897
മാരകമായ പകർച്ചവ്യാധികൾ തടയുന്നതിന് നിയമപരമായ പരിരക്ഷ ഒരുക്കുന്നതിനായാണ് 1897 ഫെബ്രുവരി 4 ന് പകർച്ചവ്യാധി നിയമം നടപ്പിലാക്കിയത്. അന്നത്തെ ബോംബെ സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട ബ്യൂബോണിക് പ്ലേഗിന്റെ പകര്ച്ചവ്യാധി നേരിടാനാണ് ആകെ 4 വകുപ്പുകൾ മാത്രമുള്ള ഈ ചെറിയ നിയമം ബ്രിട്ടീഷുകാര് നടപ്പിലാക്കിയത്. (1956 നവംബർ ഒന്നിന് മുമ്പ് പാർട്ട് ബി സ്റ്റേറ്റുകളുടെ ഭാഗമായ സ്ഥലങ്ങളിൽ ഇത് ബാധകമല്ല എന്നും ഒന്നാം വകുപ്പിൽ പറയുന്നു- തിരുവിതാംകൂർ-കൊച്ചി പാർട്ട് ബി സ്റ്റേറ്റുകളുടെ ഗണത്തിൽ വരുന്നവയായിരുന്നു)
കൊറോണ വൈറസ് (കോവിഡ്-19) രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിൽ 1897-ലെ പകർച്ചവ്യാധി തടയൽ നിയമത്തിന്റെ രണ്ടാം വകുപ്പനുസരിച്ച് നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
പകർച്ചവ്യാധി തടയുന്നതിന് പ്രത്യേക നിയന്ത്രണങ്ങളേർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നതാണ് പകർച്ചവ്യാധി നിയമത്തിന്റെ രണ്ടാംവകുപ്പ്. മാരകമായ എന്തെങ്കിലും പകർച്ചവ്യാധികൾ ഉണ്ടാകുന്നു, ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് ഏതെങ്കിലുമൊരു ഘട്ടത്തിൽ സംസ്ഥാന സർക്കാറുകൾക്ക് ബോധ്യം വരികയും നിലവിലുള്ള നിയമം പകർച്ചവ്യാധി തടയുന്നതിന് പര്യാപ്തമല്ല എന്നും തോന്നുകയാണെങ്കിൽ, സംസ്ഥാന സർക്കാരിന് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. പരിശോധന നടത്തുന്നതിനും വേർതിരിക്കുന്നതിനും താൽക്കാലിക താമസ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഈ നിയമപ്രകാരം ചുമതലപ്പെടുത്തിയിരിക്കുന്നവർക്ക് അധികാരമുണ്ടാകും.
ഈ നിയമപ്രകാരമുള്ള നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഐപിസി 188 വകുപ്പ് പ്രകാരം കേസെടുക്കാം. ഔദ്യോഗികമായി നിഷ്കർഷിക്കുന്ന നിയമങ്ങളുടെ ലംഘനം നടത്തുന്നവർക്കെതിരെ ചുമത്തുന്ന കുറ്റമാണ് ഐപിസി വകുപ്പ് 188. ഇത്തരത്തിൽ ലഭിക്കുന്ന നിയമപരമായ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുന്നതിലൂടെ - തടസ്സങ്ങൾ, മുറിവുകൾ, ശല്യങ്ങൾ, അപായങ്ങൾ മുതലായവ ഉണ്ടാവുകയോ ഉണ്ടാകുന്നതിന് സാധ്യത ഉണ്ടാക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. (ഒരു മാസം തടവ്/ 200 പിഴ / ഇവ രണ്ടും കൂടിയോ ലഭിക്കാം)
കൂടാതെ അനുസരണക്കേട് മൂലം മനുഷ്യ ജീവന് അപകടം ഉണ്ടാവുന്നതും, ലഹളയോ തമ്മിലടിയോ ഉണ്ടാവുന്നതും അതിനു സാധ്യത ഉണ്ടാവുകയോ ചെയ്യുന്നതും ശിക്ഷാർഹമാണ്. ( ആറുമാസം തടവ് /1000 പിഴ/ ഇവ രണ്ടും കൂടിയോ ലഭിക്കാം).
കുറ്റകൃത്യം കണ്ടാൽ പോലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാവുന്ന (cognizable) വകുപ്പാണ് ഐപിസി 188. ആരോപിക്കപ്പെടുന്ന പ്രവർത്തി മനപ്പൂർവ്വം പ്രശ്നങ്ങളുണ്ടാക്കാൻ ചെയ്തത് ആകണമെന്നില്ല, നിയമപരമായി നിർദ്ദേശങ്ങൾ ഉണ്ട് എന്ന അറിവ് മതി.
ഈ നിയമം നടപ്പിലാക്കുന്നതിന് വേണ്ടി സദുദ്ദേശത്തോടുകൂടി പ്രവർത്തിക്കുന്നവർക്കെതിരെ സിവിൽ അന്യായങ്ങളോ, മറ്റു നിയമനടപടികളോ നിലനിൽക്കില്ല എന്നും നിയമത്തിൽ പറയുന്നു.
0 Comments
Leave a Reply