Article
വാഹനമിടിച്ച് നിർത്താതെ പോയാൽ ഇനി പഴയപോലെയാകില്ല ശിക്ഷ
വാഹനമിടിച്ച് നിർത്താതെ പോയാൽ ഇനി പഴയപോലെയാകില്ല ശിക്ഷ
രാജ്യത്ത് 1860 ലെ പീനൽ കോഡിന് (IPC)പകരം ഭാരതീയ ന്യായ സംഹിത (BNS) 2023 നടപ്പിൽ വരുകയാണ്. ചില നിയമങ്ങൾക്കും ശിക്ഷയ്ക്കും കാതലായ മാറ്റമുണ്ട്. അതിൽ ഒന്നാണ് വാഹനം ഇടിച്ചിട്ട് നിർത്താതെ പോവുകയും പരിക്കേറ്റയാൾ മരിക്കുകയും ചെയ്താൽ ഉണ്ടാകുന്ന കുറ്റം.
നിലവിലുള്ള ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 304 എ പ്രകാരം അശ്രദ്ധ മൂലം മരണമുണ്ടാക്കിയാൽ രണ്ടുവർഷം വരെ തടവ് ശിക്ഷയോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.
എന്നാൽ പുതിയ നിയമത്തിൽ ഇതേ കുറ്റത്തിന് [106(1)] അഞ്ചുവർഷം വരെ ശിക്ഷ ലഭിക്കാം. ജാമ്യം ലഭിക്കുന്ന കുറ്റം തന്നെയാണ് പുതിയ നിയമത്തിലും. അതേസമയം അലക്ഷ്യമായും അശ്രദ്ധമായും ഓടിച്ച വാഹനമിടിച്ച് ആൾ മരിക്കുകയും അക്കാര്യം ഉടനെ തന്നെ പോലീസ് ഉദ്യോഗസ്ഥനെയോ മജിസ്ട്രേറ്റിനെയോ അറിയിക്കാതിരിക്കുകയും ചെയ്താൽ ജാമ്യം ലഭിക്കാത്ത കുറ്റമാണ് [106(2)]. പത്തുവർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റവുമാകും.
വാഹനാപകട മരണം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ജനക്കൂട്ട ആക്രമണങ്ങൾ ഭയന്ന് വാഹനം നിർത്താതെ പോകുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. പുതിയ നിയമത്തിൽ എപ്രകാരമാണ് അറിയിക്കേണ്ടത് എന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ വ്യക്തമല്ല എന്നും, ഇത്രയും കർക്കശമായ ശിക്ഷ ഉണ്ടാകുന്ന ഈ വകുപ്പ് നടപ്പിലാക്കരുത് എന്നും ആവശ്യപ്പെട്ട് അഖിലേന്ത്യാതലത്തിൽ തന്നെ വാഹന യൂണിയനുകൾ സമരം നടത്തുകയും നിയമം പ്രവർത്തികമാക്കുന്നതിന് മുമ്പ് തുടർച്ചർച്ചകൾ ഉണ്ടാകുമെന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
#Hit_and_Run
© Sherry
0 Comments
Leave a Reply