Article

Article on death penalty - കൊടുക്കാന്‍ അവകാശമില്ലാത്തവര്‍ക്ക് എടുക്കാന്‍ അവകാശമുണ്ടോ ?

കൊടുക്കാന്‍ അവകാശമില്ലാത്തവര്‍ക്ക് എടുക്കാന്‍ അവകാശമുണ്ടോ ? 

അഡ്വ ഷെറി ജെ തോമസ്  

ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ മികവില്‍ മനുഷ്യന് ജീവന്‍ നിലനിര്‍ത്താനും നീട്ടിക്കൊണ്ടുപോകാനും സാധിക്കും, പക്ഷേ ഇല്ലാത്ത ജീവന്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കില്ല. ജീവന്‍ കൊടുക്കാന്‍ സാധിക്കില്ലെങ്കില്‍ എങ്ങനെ ജീവനെടുക്കാന്‍ അധികാരമുണ്ടാകും ? ലോകത്തിലുള്ള 60% ആളുകളും ജീവിക്കുന്നത് വധശിക്ഷ നിയമപരമായി നിലനില്‍ക്കുന്ന ചൈന, ഇന്ത്യ, അമേരിക്ക ഇന്തോനേഷ്യ പാകിസ്ഥാന്‍ ബംഗ്ലാദേശ് ജപ്പാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ്. (അതേസമയം 140 രാജ്യങ്ങള്‍ വധശിക്ഷ നിരോധിച്ചിട്ടുണ്ട്). ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി 2007 ലും 2008 ലും 2010 ലും 2012 ലും 2014 ലും എടുത്ത തീരുമാനങ്ങള്‍ പ്രകാരം ഘട്ടംഘട്ടമായി വധശിക്ഷ നിര്‍ത്തലാക്കുന്നതിന്‍റെ ഭാഗമായി അത്തരം ശിക്ഷകള്‍ക്കു ആഗോള മൊറട്ടോറിയം ഉണ്ടാകണമെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യ അതിനെതിരായിരുന്നു. 
പുരാതനകാലത്ത് വധശിക്ഷ നടപ്പാക്കിയിരുന്ന രീതിയായ ചക്രവധം മുതല്‍ ഇന്ന് കാണുന്ന തൂക്കുമരം വരെയുള്ള ശിക്ഷാരീതികള്‍ പലകാലങ്ങളിലായി വിമര്‍ശന വിധേയമായിട്ടുള്ളതാണ്. മനുഷ്യനാഗരികതയുടെ ആരംഭകാലം മുതല്‍തന്നെ വധശിക്ഷകള്‍ നിലനിന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടു വരെയും ജയില്‍ സംവിധാനങ്ങളൊന്നും നിലവിലില്ലാതിരുന്ന കാലത്ത് കുറ്റവാളികളെ കൈകാര്യം ചെയ്യുന്നതിന് മറ്റ് ഫലപ്രദമായ മാര്‍ഗങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടും ആളുകളില്‍ ഭയം ഉണ്ടാക്കി കുറ്റങ്ങള്‍ ഒഴിവാക്കുന്നതിന് അത് ഉപകരിക്കും എന്നായിരുന്നു ചിന്ത. 
വധശിക്ഷയെ പറ്റിയുള്ള ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്നത് ചൈനയില്‍ 'ടാങ്ങ് ' വാഴ്ചയുടെ കാലത്ത് (618-907) സുവാന്‍സോംഗ് ചക്രവര്‍ത്തി വധശിക്ഷ നിരോധിക്കുകയും പകരമായി ചാട്ടയടിയും നാടുകടത്തലും കൊണ്ടുവരികയും ചെയ്തിരുന്നു. പക്ഷേ 12 വര്‍ഷം മാത്രമേ നിരോധനം നിലനിന്നുള്ളൂ. 

ഇന്ത്യയുടെ നിലപാട്

ഐക്യരാഷ്ട്രസഭയില്‍ ആഗോളതലത്തില്‍ വധശിക്ഷയ്ക്കെതിരെ മൊറട്ടോറിയം ഉണ്ടാകണമെന്ന് തീരുമാനം എടുത്തപ്പോഴും ഇന്ത്യ പരസ്യമായി അതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ 2015 ല്‍ നിയമകാര്യ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ (രാഷ്ട്രത്തിനെതിരെ യുള്ള കുറ്റങ്ങളും ഭീകരവാദ കുറ്റങ്ങളും ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ക്ക്) വധശിക്ഷ നിര്‍ത്തലാക്കണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.  അതിനൊക്കെ മുന്‍പുതന്നെ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ബച്ചന്‍ സിംഗ് കേസില്‍ (1980) അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായി മാത്രമേ വധശിക്ഷ നല്‍കാവൂ എന്ന് പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതിനു മുമ്പുണ്ടായിരുന്ന ജഗ് മോഹന്‍ സിംഗ്, രാജേന്ദ്രപ്രസാദ്കേസ് എന്നിവയൊക്കെ കണക്കിലെടുത്താണ് വിധിന്യായം ഉണ്ടായത്.

മയക്കുമരുന്ന് കേസുകളിലും തീവ്രവാദ കുറ്റങ്ങളിലും വധശിക്ഷ നല്‍കണമെന്ന് സമീപകാലത്ത് ഇന്ത്യയില്‍ നിയമനിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുണ്ട്. 2013 ഫെബ്രുവരി 3ന് ഡല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗത്തെത്തുടര്‍ന്ന് രാജ്യത്താകമാനം ഉയര്‍ന്നുവന്ന ആവശ്യത്തെതുടര്‍ന്ന് ഇരയുടെ മരണത്തില്‍ കലാശിക്കുന്നതൊ മരണതുല്യമായ ജീവിതത്തില്‍ എത്തിക്കുന്നതുമായ സാഹചര്യങ്ങളില്‍ കുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്ന് നിയമഭേദഗതി വരുത്തുകയുണ്ടായി. അതേസമയം 2014 ജനുവരിയില്‍ സുപ്രീംകോടതിതന്നെ 15 വധശിക്ഷ തടവുകാരെ ശിക്ഷ നടപ്പിലാക്കാന്‍ കാലതാമസമുണ്ടായി എന്ന കാരണത്താല്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചിരുന്നു. 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസിലെ കുറ്റവാളികള്‍ക്കും വധശിക്ഷ ഉണ്ടാകുന്ന രീതിയില്‍ നിയമ ഭേദഗതി സമീപ കാലയളവില്‍ (2018 ഏപ്രില്‍ 21) വരുത്തിയിരുന്നു.   2018 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക കണക്കുകള്‍ പ്രകാരം 371 തടവുകാര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നു. എന്നാല്‍ കഴിഞ്ഞ 13 വര്‍ഷത്തിനിടെ നാല് കുറ്റവാളികളെ മാത്രമാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. അതിലൊന്ന് കുട്ടിയെ ബലാത്സംഗം ചെയ്ത കേസും  മറ്റു മൂന്നുപേര്‍ തീവ്രവാദ കേസുകളിലും പെട്ടവരായിരുന്നു. 

മരണഭയം പോലുമില്ലാതെ കൊടുംകുറ്റവാളികള്‍

2013 ല്‍ നടപ്പിലാക്കിയ ക്രിമിനല്‍ നിയമ ഭേദഗതി പ്രകാരം ചിലബലാല്‍സംഗ കേസുകളില്‍ വധശിക്ഷ നടപ്പിലാക്കി എങ്കില്‍പോലും ഹീനമായ രീതിയില്‍ ഉള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കുറവുണ്ടായിട്ടില്ല. നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 1992 ല്‍  4.6% ഉണ്ടായിരുന്ന (100000 ജനസംഖ്യയുടെ കണക്കില്‍) കൊലപാതകങ്ങള്‍ 2013 2.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്.  അത്തരമൊരു കണക്ക് വന്നത് ഇന്ത്യയില്‍ വധശിക്ഷ നടപ്പിലാക്കുന്നതിന് എണ്ണം കുറഞ്ഞു വന്നിട്ടുള്ള സാഹചര്യത്തില്‍ തന്നെയാണ്. ഈ സാഹചര്യത്തില്‍ വരുന്ന ചോദ്യം വധശിക്ഷ ജീവപര്യന്തത്തെക്കാള്‍  വലുതായ ഒരു ശിക്ഷാ ഭയം ഉണ്ടാക്കിയിട്ടുണ്ടോ എന്നുള്ളതാണ്. 

ഇംഗ്ലണ്ടില്‍ മുമ്പുകാലത്ത് ഭയം ഉണ്ടാക്കി ആളുകളെ കുറ്റങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്ന തിനുവേണ്ടി പൊതുവായി വധശിക്ഷ നടപ്പിലാക്കുന്നതിന് പൊതുവേദികള്‍ ഒരുക്കിയിരുന്നു. ധാരാളം ആളുകള്‍ അവിടെ തടിച്ചു കൂടുന്ന സാഹചര്യം ഉണ്ടാവുകയും വധശിക്ഷ കണ്ട് ഭയന്ന് കുറ്റകൃത്യത്തില്‍ നിന്ന് പിന്മാറുകയും ചെയ്യുമെന്ന കാരണ ഉണ്ടായിരുന്നത്രെ. ആളുകളുടെ പണം അന്യായമായി അപഹരിക്കുന്നതും മോഷണം നടത്തുന്നതും പോലും വധശിക്ഷ നല്‍കുന്ന കുറ്റമായി ചില കാലത്ത് കണ്ടിരുന്നു. എന്നാല്‍ അത്തരം കുറ്റവാളികളുടെ വധശിക്ഷ കാണാന്‍ തടിച്ചു കൂടുന്ന ആളുകളുടെ പോക്കറ്റടിക്കുന്ന കുറ്റവാളികള്‍ ഉണ്ടായിരുന്നത്രേ. എത്രതന്നെ ഭയം ഉണ്ടാക്കിയാലും കുറ്റകൃത്യങ്ങള്‍ കുറയുന്നു സാഹചര്യം ഉണ്ടാകണമെന്നില്ല എന്നാണ് വിമര്‍ശകര്‍ ഈ അനുഭവം ചൂണ്ടിക്കാട്ടി പറഞ്ഞിരുന്നത്. 

ശിക്ഷയുടെ മാനുഷികമുഖം

ഭയം ഉണ്ടാക്കുന്നത് പോലെ തന്നെ പ്രായശ്ചിത്തം ഉണ്ടാക്കുക എന്നതും തുല്യപ്രാധാന്യമുള്ള ശിക്ഷാ രീതിയാണ്. വധശിക്ഷകള്‍ സംബന്ധിച്ചിടത്തോളം പിന്നീട് ഒരു പ്രായശ്ചിത്തവും തിരിച്ചുവരവിനും സാധ്യതയില്ല. ഫ്രാന്‍സിസ് പാപ്പയുടെ നിലപാടുകള്‍ സൂചിപ്പിക്കുന്നത് ഇക്കാലത്ത് വധശിക്ഷ പ്രസക്തമല്ല എന്നാണ് കാരണം ആധുനിക ജയിലുകള്‍ കുറ്റവാളികള്‍ വീണ്ടും കുറ്റം ചെയ്യുന്നത് തടയാന്‍ കെല്‍പ്പുള്ളവയാണ് എന്നതുകൊണ്ടുതന്നെ.  മനുഷ്യന്‍റെ അലംഘനീയമായ അന്തസ്സിന് മേലുള്ള കടന്നാക്രമണമാണ് വധശിക്ഷ എന്നാണ് ക്രൈസ്തയ ദര്‍ശനങ്ങളെ അധിഷ്ഠിതമാക്കി പാപ്പ പ്രസ്താവിക്കുന്നത്. 

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *