Article

പൊതു തെരുവ് തോന്നിയ പോലെ ഉപയോഗിക്കാമോ ? Nuisance in Street- Kerala Municipality Act.

പൊതു തെരുവ്  തോന്നിയ പോലെ ഉപയോഗിക്കാമോ ?


ഔസേപ്പച്ചന് പരാതി പറഞ്ഞു മടുത്തു. തന്‍റെ വീട്ടിലേക്കുള്ള വഴിയില്‍ തന്നെ തുടങ്ങിയ പുതിയ കാര്‍ പോളിഷിംഗ് കമ്പനിക്കാരനോട് പല തവണ പറഞ്ഞതാണ്, വഴിയില്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്തു മറ്റു വണ്ടികള്‍ക്ക് സുഗമമായി പോകുന്നതിനു തടസ്സം ഉണ്ടാക്കരുതെന്ന്. ഔസേപ്പച്ചനാണെങ്കില്‍ വയസാന്കാലത്ത് കാര്‍ ഓടിക്കാന്‍ പഠിച്ചത് കാരണം ചെറിയ സ്ഥലത്ത് കൂടിയൊന്നും എളുപ്പം ഓടിക്കനുമാകില്ല. അത് തന്നെയാണ് കാറ് കടക്കരനുമായുള്ള തര്‍ക്കം. സ്ഥലമുണ്ടല്ലോ കാര്‍ പോകാന്‍ .. എന്നാണ് അയാളുടെ വാദം. സര്‍ക്കാര്‍ റോഡില്‍, അയാളുടെ ഔദാര്യത്തില്‍ വേണോ താന്‍ കാര്‍ ഓടിക്കാന്‍ ? അതാണ് ഔസേപ്പച്ചന്‍റെ ചിന്ത. 

എന്ത് ചെയ്യും ?
കേരള മുനിസിപാലിറ്റി നിയമം വകുപ്പ് 370 പ്രകാരം സെക്രട്ടറിയുടെ അനുവാദം ഇല്ലാതെ മുനിസിപ്പല്‍ പ്രദേശത്ത് റോഡില്‍ സാധനങ്ങള്‍ നിക്ഷേപിക്കുന്നത് നിയമ വിരുദ്ധമാണ്. (പഞ്ചായത്തുകളിലും അതിനനുസരിച്ചുള്ള നിയമമുണ്ട്). 
ഏതെങ്കിലും പൊതു തെരുവിലോ തെരുവിലെ തുറന്ന ചാലിന് മുകളിലോ അഴുക്കു ചാലിലോ കിണറിലോ അല്ലെങ്കില്‍ എതെങ്കിലും പൊതുസ്ഥലത്തോ തടസ്സമോ കടന്നുകയറ്റ്മോ ആകുന്ന രീതിയില്‍ സ്റ്റൂള്‍, കസേര, ബെഞ്ച്, പെട്ടി, ഏണി, കെട്ട്,  മുതലായ സാധനങ്ങള്‍ വയ്ക്കുകയോ ഇടുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.
മോട്ടോര്‍ വാഹനം, വാഹന ഭാഗങ്ങള്‍, മുതലായവ അറ്റകുറ്റപ്പണി നടത്തുന്നവര്‍, വര്‍ക്ക് ഷോപ്പുകള്‍, എന്നിവ അവയുടെ പരിസരത്തുള്ള തെരുവുകളില്‍ അറ്റകുറ്റപ്പണി നടത്തുകയോ, പണി നടത്തുന്നതിനായോ, നടത്തിയതിനു ശേഷമോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും നിയമവിരുദ്ധമാണ്.

നഗരസഭാ സെക്രട്ടറിക്ക് പരാതി 
ഔസേപ്പച്ചന്‍ നഗരസഭാ സെക്ക്രട്ടരിക്ക് ഇക്കാര്യത്തില്‍ പരാതി നല്‍കി നടപടിക്കായി കാത്തിരിക്കുകയാണ്. സ്ഥലം കൌന്സിലരോടും ഔസേപ്പച്ചന്‍ കാര്യം പറഞ്ഞിട്ടുണ്ട്. പരാതി നല്‍കിയതിനു രസീതും കിട്ടി. ഇനി നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയില്‍ പോകാനും ഔസേപ്പച്ചന്‍ തയ്യാറാണ്. കോടതിയും കേസുമൊക്കെ അവസാനഘട്ടത്തില്‍ മാത്രമേ ഔസേപ്പച്ചന്‍ പ്രയോഗിക്കൂ. ഇപ്പോള്‍ ഉദ്ദേശിച്ചിരിക്കുന്നത് തന്‍റെ പരാതിയില്‍ നടപടി വൈകിയാല്‍ എന്തുകൊണ്ടാണ് എന്നും മറ്റും ചോദിച്ച് വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍  ഉന്നയി്ച്ച് പരാതിയില്‍ നടപടിയെടുപ്പിക്കാമെന്നാണ് ഔസേച്ചന്‍റെ ചിന്ത. 


Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *