Article

തദ്ദേശ ഭരണകൂടങ്ങളൊരുങ്ങി; ഇനിയെന്ത് ?

തദ്ദേശ ഭരണകൂടങ്ങളൊരുങ്ങി; ഇനിയെന്ത് ? 

കേരളത്തില്‍ തദ്ദേശ ഭരണ കൂടങ്ങള്‍ ഭരണ നിര്‍വ്വഹണത്തിന് ഒരുങ്ങിക്കഴിഞ്ഞു. 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികളും, 6 കോര്‍പ്പറേഷനുകളും പുതിയ ഭരണസംവിധാനങ്ങളുമായി ജനസേവനത്തിന് ഒരുങ്ങുകയാണ്.  ഭരണനിര്‍വ്വഹണത്തിലെ അപാകതകളും പദ്ധതി നിര്‍വഹണത്തിലെ പോരായ്മകളും പലപ്പോഴും പരാതികളായി ഉയരുമ്പോഴും ആരാണ് യഥാര്‍ത്ഥ നടത്തിപ്പുകാരെന്ന തിരിച്ചറിവ് ഉണ്ടായിട്ടുള്ള സ്ഥലങ്ങളിലൊക്കെ ഈ പരാതികള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെടുന്നുണ്ട്. തദ്ദേശ ഭരണകൂടങ്ങളില്‍ പ്രതിപക്ഷം ഇല്ല; പ്രതിപക്ഷനേതാവ് എന്ന പദവിയും ഇല്ല.  ഭരണം തുടങ്ങിയാല്‍ എല്ലാവരും ഒരേ പക്ഷം ആകണം- ജനപക്ഷം. ഗ്രാമസഭ/ വാര്‍ഡ് സഭ സംവിധാനങ്ങള്‍ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്ന നടപടികള്‍ക്കായിരിക്കണം ഇനി ജനശ്രദ്ധയും പ്രചരണവും.

പദ്ധതികളുടെ ഫലപ്രാപ്തി 
സംസ്ഥാനത്ത് തദ്ദേശഭരണകൂടങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ഫലപ്രാപ്തി അളക്കുന്നതിന് സര്‍വേ നടപടികള്‍ 'ഡീസെന്‍ട്റലൈസേഷന്‍ റൗണ്ട് സര്‍വ്വേ' ആരംഭിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഓരോ തദ്ദേശസ്ഥാപനവും പദ്ധതി നടത്തിപ്പില്‍ ചെലവഴിച്ച തുകയിലൂടെ ഉണ്ടായ ഭൗതികനേട്ടങ്ങള്‍ സര്‍വ്വേയില്‍ വിലയിരുത്തും. നിലവില്‍ തുകയുടെ കണക്കെടുപ്പ് മാത്രമാണ് നടക്കാറുള്ളത്. സര്‍വേയുടെ ആദ്യറൗണ്ടില്‍ 2015-16 മുതല്‍ 2019-20 വരെയുള്ള അഞ്ചുവര്‍ഷത്തെ സ്ഥിതിവിവരകണക്കുകള്‍ ശേഖരിക്കും. പിന്നീട് ഓരോ വര്‍ഷത്തെയും കണക്കുകള്‍ ശേഖരിച്ച് തദ്ദേശ ഭരണസമിതിയുടെ അവസാന വര്‍ഷത്തില്‍ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ ക്രോഡീകരിച്ച് അടുത്ത റൗണ്ട് സര്‍വ്വേ പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് വിവരശേഖരണം നടത്തുക എന്ന് സംസ്ഥാന  ആസൂത്രണബോര്‍ഡ് തത്വത്തില്‍ വെളിപ്പെടുത്തിക്കഴിഞ്ഞു.

സോഷ്യല്‍ ഓഡിറ്റിംഗ്  ഉണ്ടാവണം 
പദ്ധതിനിര്‍വഹണത്തിന് കണക്കെടുപ്പ് സാധാരണമാണ്. എന്നാല്‍ അതിനപ്പുറം സോഷ്യല്‍ ഓഡിറ്റിംഗ് സംവിധാനം ഉണ്ടാകണം. അവിടെ ഓരോ പൗരനും ഇടപെടാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ ഗ്രാമസഭ/ വാര്‍ഡ് സഭ തലങ്ങളില്‍ ഉണ്ടാകണം. ഓരോ വാര്‍ഡുകളിലും ലഭ്യമാകുന്ന വികസനപ്രവര്‍ത്തനങ്ങള്‍, അവയുടെ മുന്‍ഗണന, ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന കാര്യങ്ങള്‍ എന്നിവ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണം. തൊഴിലുറപ്പ്പദ്ധതികള്‍, സ്കൂളുകള്‍, ആശുപത്രികള്‍, പൊതു ആരോഗ്യ കേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍ എന്നിങ്ങനെ തദ്ദേശ ഭരണകൂടത്തിന്‍റെ എല്ലാ ഇടപെടലുകളും സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കി ഗ്രാമസഭകളില്‍ ചര്‍ച്ചയ്ക്ക് സാഹചര്യങ്ങള്‍ ഒരുക്കണം.  തദ്ദേശഭരണകൂടങ്ങളുടെ ഉദ്യോഗസ്ഥരുടെ സേവനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗ്രാമസഭകളില്‍ ചോദ്യങ്ങള്‍ക്ക് വിധേയമാക്കണം. വാര്‍ഡ് അടിസ്ഥാനത്തിലുള്ള പദ്ധതി തുക വീതം വെക്കലിനപ്പുറത്ത് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം.

ഗ്രാമസഭ - വാര്‍ഡ് സഭ 
ഓരോ വാര്‍ഡിന്‍റെയും വികസനപ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നത് ഗ്രാമസഭയാണ്. വാര്‍ഡ് മെമ്പര്‍മാര്‍ക്ക് തോന്നുന്നതുപോലെ നടത്താനുള്ളതല്ല ഗ്രാമസഭ. അറിവുകേടുകൊണ്ട് ആര്‍ക്കും അബദ്ധങ്ങള്‍ പറ്റാതിരിക്കാന്‍ എല്ലാ ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍ ചെലവില്‍ പരിശീലനം നല്‍കുന്നുണ്ട്. കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍). പുതിയ അംഗങ്ങള്‍ക്കും പരിചയസമ്പന്നരെന്ന പരിവേഷമുള്ളവര്‍ക്കും എല്ലാവര്‍ക്കും വേണ്ടിയാണ് പരിശീലനക്കളരി നടക്കുന്നത്. അതത് പ്രദേശത്തിന്‍റെ വികസനകാര്യത്തില്‍ ഏറ്റവും അടിസ്ഥാനപരമായ അധികാരവേദിയാണ് ഗ്രാമസഭകള്‍ എന്ന തിരിച്ചറിവോടുകൂടി വേണം ഗ്രാമസഭയില്‍ പങ്കെടുക്കാന്‍.

ഗ്രാമസഭയുടെ തീരുമാനങ്ങള്‍ നടപ്പിലായില്ലെങ്കില്‍ ?
വാര്‍ഡുകളില്‍ എന്തൊക്കെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്ന് ജനങ്ങള്‍ക്ക് ഗ്രാമ സഭയില്‍ തീരുമാനിക്കാം. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെയും തെരഞ്ഞെടുക്കാം. ഗ്രാമസഭയുടെ തീരുമനങ്ങള്‍ പരിഗണിക്കുകയെന്നത് തദ്ദേശ ഭരണസമിതിയുടെ നിയമപരമായ ബാധ്യതയാണ്. എന്തെങ്കിലും കാരണങ്ങളാല്‍ ഗ്രാമസഭയുടെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കഴിയാതെ വന്നാല്‍, അതിന്‍റെ കാര്യകാരണങ്ങള്‍ അടുത്ത ഗ്രാമസഭയില്‍ അറിയിക്കണം. നടപ്പാക്കാന്‍ കഴിയാതിരുന്നതെന്തന്ന കാര്യത്തില്‍ വിശദീകരണം നല്‍കാതിരുന്നാലും നല്‍കിയ വിശദീകരണം തൃപ്തികരമല്ലെങ്കിലും ഓംബുഡ്സ്മാന് പരാതി നല്‍കാം. അഴിമതി, കൃത്യവിലോപം, പാഴ്ചെലവ്, അധികാരദുവര്‍വിനിയോഗം, പെരുമാറ്റഭൂഷ്യം എന്നിവയ്ക്കെതിരെ ഓംബുഡ്സ്മാന് പരാതി കൊടുക്കാം. ഹൈക്കോടതി ജഡ്ജിയുടെ പദവിയിലുള്ള അധികാരസ്ഥാനമാണ് ഓംബുഡ്സ്മാനുള്ളത്. 

ആധുനിക സംവിധാനങ്ങളുടെ സാധ്യതകള്‍
ആവശ്യമെങ്കില്‍ ഗ്രാമസഭകളുടെ എക്സ്റ്റന്‍ഡഡ് പതിപ്പ് ഓണ്‍ലൈനായി ലഭ്യമാക്കാനുള്ള സൗകര്യമൊരുക്കണം. നേരിട്ടു പങ്കെടുക്കാന്‍ ആകാത്ത വര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ പങ്കെടുക്കാന്‍ സാധിക്കുന്നത് വഴി കൂടുതല്‍ ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കാം. വാസസ്ഥലം, ജലലഭ്യത, മാലിന്യനിര്‍മാര്‍ജനം മുതലായ കാര്യങ്ങള്‍ നിലവിലുള്ള നിയമത്തിനും നയങ്ങള്‍ക്കും വിധേയമായി കര്‍ക്കശമായ നടപ്പിലാക്കാനുള്ള സാധ്യതകള്‍ ഉണ്ടാകണം. ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് കാര്യങ്ങള്‍ നടപ്പാക്കാനുള്ള ചുമതല ഉണ്ട് എന്ന് ബോധത്തോടുകൂടി തെരഞ്ഞെടുക്കപ്പെടുന്ന ഓരോ അംഗവും പ്രവര്‍ത്തിക്കണം. നടപ്പിലാക്കാന്‍ പറ്റാതെ പോയ കാര്യങ്ങള്‍ അടുത്ത ഗ്രാമസഭയില്‍ വിശകലനം ചെയ്യാനുള്ള പ്രവണത സജീവമാകണം. പദ്ധതി വിഹിതം ചെലവഴിക്കുന്നതിനുള്ള മുന്‍ഗണനയും പരിഗണന വും ദീര്‍ഘകാല വീക്ഷണത്തോടെ കൂടി കൈക്കൊള്ളാന്‍ ഗ്രാമസഭകള്‍ കാകണം.

നിയന്ത്രണവും ഉത്തരവാദിത്വവും ഉണ്ടാകണം
തദ്ദേശഭരണകൂടങ്ങളില്‍ വിവിധ വകുപ്പുകളുടെ പേരില്‍ നടക്കുന്ന പദ്ധതികള്‍ക്കുമേല്‍ നിയന്ത്രണവും ഏകോപനവും ഉണ്ടാക്കാനുള്ള ഉത്തരവാദിത്വപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടങ്ങള്‍ ഏറ്റെടുക്കണം. കക്ഷിരാഷ്ട്രീയത്തിനതീതമായി തീരുമാനങ്ങളുണ്ടാകണം. ഗതാഗതം,  കുടിവെള്ളവിതരണം തുടങ്ങിയവയ്ക്കൊക്കെ പ്രത്യേക വകുപ്പുകള്‍ സംസ്ഥാനസര്‍ക്കാരിന് ഉണ്ടെങ്കിലും, അടിസ്ഥാന വികസന മേഖലകളിലള്‍പ്പെടെ ഓരോ തദ്ദേശഭരണകൂടത്തിലും നടന്നുവരുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കാന്‍ തദ്ദേശഭരണകൂടത്തിനാകണം. സര്‍ക്കാര്‍ നടപടികള്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കാനോ, തങ്ങള്‍ ഒന്നും അറിയുന്നില്ല എന്ന പരാതി പറയന്നതു കേള്‍ക്കാനോ അല്ല അവരെ ജനങ്ങള്‍ തെരഞ്ഞെടുത്തത്; പ്രത്യേകിച്ച് വ്യത്യസ്ത രാഷട്രീയകക്ഷികള്‍ തദ്ദേശഭരണത്തിലും സംസ്ഥാന ഭരണത്തിലും ഉള്ളപ്പോള്‍. തദ്ദേശ ഭരണകൂടങ്ങള്‍ക്കുള്ള അധികാരം ഫലപ്രദമായി വിനിയോഗിച്ച് നിയമപരമായ നിയന്ത്രണവും ഉത്തരവാദിത്വവും ഏറ്റെടുക്കാനുള്ള സാധ്യതകള്‍ കണ്ടെത്തണം.

സുതാര്യമാകണം, വ്യക്തിജീവിതത്തിലും മാതൃകയാകണം നേതൃത്വം
21893 പ്രാദേശിക നേതാക്കളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഘട്ടത്തില്‍ എത്തുന്നത്. പദ്ധതികള്‍ മുകളില്‍ നിന്ന് ഇറങ്ങി വരുന്നവയല്ല, താഴെത്തട്ടില്‍ നിന്ന് രൂപം കൊള്ളുന്നവയാണ് എന്നതാണ് തദ്ദേശ ഭരണകൂടങ്ങളുടെ പ്രത്യേകത. രണ്ടു പ്രളയവും കോവിഡും നിരവധി അനുഭവ പാഠങ്ങള്‍ നമുക്ക് നല്‍കി. ഹരിത സംരക്ഷണത്തില്‍ ഊന്നിയുള്ള പദ്ധതികള്‍, തൊഴിലിനായും മറ്റുകാര്യങ്ങള്‍ക്കായും  പല സ്ഥലങ്ങളില്‍ നിന്ന് എത്തിച്ചേരുന്നവര്‍ക്ക് പ്രാദേശികമായി പ്രാഥമിക കാര്യനിര്‍വ്വഹണത്തിനുള്ള സംവിധാനങ്ങള്‍ ഇവയൊക്കെ ഇന്നും വലിയ അപര്യാപ്തതയായി  തുടരുന്നു എന്നുള്ള സത്യം മറക്കരുത്.  പൊതുസമൂഹത്തിന് മുന്നില്‍ എന്നും ധാര്‍മികവും  മാതൃകാപരമായതുമായ  നിലപാടുകള്‍ ഏറ്റുപറയാന്‍ കര്‍മ്മ നൈരന്തര്യത്തിലൂടെ  അര്‍ഹതയുള്ള വരും  സുതാര്യവും നീതിനിഷ്ഠവുമായ വ്യക്തിജീവിതത്തിനുടമകളുമായിരിക്കണം നമ്മുടെ തദ്ദേശ ഭരണകൂട പാലകന്മാര്‍. ജനകീയമുന്നേത്തിനായി നമുക്ക് കാത്തിരിക്കാം. 

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *