Article

ഗവർണറുടെ അവകാശ അധികാരങ്ങൾ- ഭരണഘടനയിൽ

ആരാണ് അധികാരി? 

തങ്ങളിൽ ആരാണ് കേമൻ എന്ന ചോദ്യം മനുഷ്യനുള്ള കാലം മുതലേ ഉള്ളതാണ്. ഏതു മേഖലയിലും ഇത്തരം അധികാര ഉന്നതിയെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ ഉയരാം. കേരളത്തിൽ ഇപ്പോൾ ഗവർണർ ആണോ മുഖ്യമന്ത്രിയാണോ സർവ്വാധികാരി എന്ന തലത്തിലേക്ക് ചിലരുടെയെങ്കിലും ചോദ്യങ്ങൾ മാറിയിരിക്കുന്നു. യഥാർത്ഥത്തിൽ, രാജ്യത്തിൻറെ ഭരണഘടന മനസ്സിരുത്തി  വായിച്ചാൽ  ഈ ചോദ്യത്തിനുള്ള ഉത്തരം ലളിതവും എളുപ്പവുമാണ്. പക്ഷേ തർക്കം രൂക്ഷമാകുമ്പോൾ, രാഷ്ട്രീയമാകുമ്പോൾ, ഉത്തരത്തിന് വിലയും നിലയും കൂടും. നമ്മുടെ രാജ്യത്തിൻറെ ഭരണഘടനയിൽ ഏകദേശം 274 തവണ ഗവർണർ എന്ന പദം, അടിക്കുറിപ്പുകളിൽ ഉൾപ്പെടെ ഉപയോഗിച്ചിട്ടുണ്ട്. 

ഭരണഘടന പറയുന്നതെന്ത്?

അക്ഷരീയ വായനയിൽ (Literal reading) പ്രസിഡൻറ്, ഗവർണർ എന്നീ പദവികൾ സർവ്വവിധ അധികാരങ്ങളും കയ്യാളുന്നതായി തോന്നാം. ഇന്ത്യൻ ഭരണഘടനയുടെ 74 മുതൽ 163 വരെയുള്ള അനുഛേദങ്ങളിൽ, ചുരുങ്ങിയ ചില മേഖലകളിൽ ഒഴികെ മറ്റുകാര്യങ്ങളിൽ ഒക്കെ മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവർത്തിക്കുന്ന പദവിയാണിത്. നിലവിലെ ബ്രിട്ടൻ രാജാവിന് സമാനമായ രീതിയിൽ ഉള്ള അധികാരം ആയിട്ടാണ് ഭരണഘടനയിൽ ഈ ഭാഗങ്ങളെ വ്യാഖ്യാനിച്ചാൽ കാണാവുന്നത്.

മുഖ്യമന്ത്രിയെ നിയമിക്കുക, ഭൂരിപക്ഷം നഷ്ടപ്പെടുകയും രാജിവെക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ സർക്കാരിനെ പിരിച്ചുവിടുക, സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധി ഉണ്ടായി എന്ന്  അനുച്ഛേദം 356 പ്രകാരമുള്ള ഗവർണറുടെ റിപ്പോർട്ട്  എന്നിങ്ങനെയുള്ള കാര്യങ്ങളിൽ മാത്രമാണ് ഭരണഘടനാപരമായ വിവേചന അധികാരം ഉപയോഗിക്കാനുള്ള അവകാശം ഉള്ളത്. മുമ്പും ഇത്തരം സാഹചര്യങ്ങളിൽ  പ്രസിഡൻറ്/ഗവർണർ ഭരണഘടനാപരമായ തലവനാണെന്നും മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവർത്തിക്കേണ്ടതാണെന്നും വിലയിരുത്തപ്പെട്ടിട്ടുള്ളതാണ്. ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റർ മാതൃകയിലുള്ള സർക്കാർ സംവിധാനമാണ് ഭരണഘടന വിവക്ഷിക്കുന്നത്. 
(Shamser Sing Case AIR 1974 SC 2192). 

അതേസമയം  അവരുടെ യുക്തിയും ബുദ്ധിയും അനുഭവവും അനുസരിച്ച് പൊതു വിഷയങ്ങളിൽ ഇടപെടാൻ പ്രസിഡണ്ടിനും ഗവർണർക്കും ഭരണഘടനാപരമായ അവകാശവും കടമയും ഉണ്ട്. അവിടെ സംവാദത്തിനുള്ള സാധ്യത ഭരണഘടനാപരമായ ധാർമികതയും കീഴ്വഴക്കങ്ങളും പാലിച്ചുകൊണ്ട് ആകണം. ഭരണഘടനാപരമായ അവകാശ അധികാരമല്ലാത്തതിനാൽ അത് നടപ്പിലാക്കാൻ നിർദ്ദേശം നൽകാനും ആവില്ല. [Har Sharan Verma v. Charan Singh (1985) 1 SCC 62]. 

ഗവർണറുടെ അധികാരങ്ങൾ

ഭരണഘടനയുടെ അനുഛേദം 154, 163, 164 എന്നിവ പരാമർശിക്കാതെ ഗവർണറുടെ അധികാരങ്ങളെ പറ്റി പറയാൻ ആവില്ല. സഭകളിൽ (State legislature) ഗവർണർ അംഗമല്ല എങ്കിലും സവിശേഷമായ അധികാരങ്ങൾ ഉണ്ട്. സഭയെ അഭിസംബോധന ചെയ്യാൻ അധികാരമുണ്ട്. നിയമസഭ പാസാക്കുന്ന ബില്ലുകൾ നിയമമാകാൻ ഗവർണറുടെ അനുമതി ആവശ്യമാണ്. ധനകാര്യബിൽ ഒഴികെ മറ്റു ബില്ലുകൾ, എത്രയും പെട്ടെന്ന് പുന പരിശോധനയ്ക്കായി തിരികെ അയക്കാൻ ഗവർണർക്ക് അധികാരമുണ്ട്. ഭേദഗതികൾ ഉണ്ടായാലും ഇല്ലെങ്കിലും സഭ അവസാനിക്കുമ്പോൾ ബില്ലുകൾക്ക് അനുവാദം കൊടുക്കേണ്ടി വരും. വിവേചന അധികാരം ഉപയോഗിച്ച് ചില ബില്ലുകൾ പ്രസിഡന്റിന്റെ സമ്മതത്തിനായി അയക്കാൻ ഗവർണർക്കാകും. 

നിയമസഭയിൽ നിന്ന് ചർച്ചയിൽ ഇരിക്കുന്ന ബില്ലുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെടാം. സംസ്ഥാന ഭരണം പ്രസിഡണ്ടിനോട് ഏറ്റെടുക്കാൻ ആവശ്യപ്പെടാൻ (ഭരണഘടനാപരമായ മറ്റു  സാഹചര്യങ്ങൾ ഉണ്ടായാൽ)   അധികാരമുണ്ട്.  

ശിക്ഷ ഇളവ് ചെയ്യാനും മാപ്പു നൽകാനും, ഗവർണർക്ക് അധികാരം ഉണ്ട്. കൺട്രോളർ & ഓഡിറ്റർ ജനറൽ റിപ്പോർട്ടുകൾ സമർപ്പിക്കപ്പെടുന്നതും ഗവർണറുടെ മുന്നിലാണ്, അദ്ദേഹം അത് നിയമസഭ മുമ്പാകെ നൽകും. 

സർക്കാർ ചെയ്യേണ്ടതായ എല്ലാ എക്സിക്യൂട്ടീവ് പ്രവർത്തനങ്ങളും ഗവർണറുടെ പേരിലാണ് ഉണ്ടാവേണ്ടത്. ഭരണഘടനയുടെ അനുഛേദം 167 പ്രകാരം സംസ്ഥാന ഭരണം സംബന്ധിച്ച മന്ത്രിസഭാ തീരുമാനങ്ങൾ ഗവർണറെ അറിയിക്കാനുള്ള ചുമതല മുഖ്യമന്ത്രിക്ക് ഉണ്ട്. നിയമനിർമ്മാണ ശുപാർശകർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഗവർണർക്ക് വിളിച്ചുവരുത്താം. സഭയിലെ അംഗങ്ങളെ അയോഗ്യത സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഗവർണർ ആണ്. അത്തരത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ അഭിപ്രായം തരേണ്ടതും അത് പ്രകാരം ഗവർണർ പ്രവർത്തിക്കേണ്ടതുമാണ്. 

സഭ ചേരാത്ത സാഹചര്യങ്ങളിൽ ഗവർണർക്ക് ഓർഡിനൻസുകൾ പുറത്തിറക്കാനുള്ള അധികാരം ഉണ്ട്. ഹൈക്കോടതിയിലെ ജഡ്ജിമാരുടെ നിയമനത്തിൽ പ്രസിഡൻറ് ഗവർണറുമായും കൂടിയാലോചന നടത്തും. ജില്ലാ ജഡ്ജിമാരുടെ നിയമനവും പോസ്റ്റിംഗും പ്രമോഷനും ഹൈക്കോടതിയുമായി കൂടി ആലോചിച്ച ഗവർണർ ആണ് നടത്തുന്നത്. ഇതു പോലെ ഔപചാരികമായി ഗവർണറുടെ ഓഫീസ് ഭരണഘടനാപരമായ പ്രവർത്തനങ്ങൾ കാണാനാകും. 

ആരുടെ "പ്രീതി"

മന്ത്രിമാർ ഗവർണറുടെ പ്രീതിക്ക് അനുസരിച്ച് അധികാര പ്രവർത്തനങ്ങൾ നടത്തണമെന്ന് അനുഛേദനം 164(1) വായിച്ച് നിഗമനത്തിലെത്താൻ ആവില്ല. 163(1) ൽ ഗവർണർ അദ്ദേഹത്തിൻറെ ചുമതലകൾ  മന്ത്രിസഭയുടെയും മുഖ്യമന്ത്രിയുടെയും സഹായവും ഉപദേശവും പാലിച്ചാണ് നിർവ്വഹിക്കേണ്ടത്. അതുകൊണ്ടുതന്നെ ഗവർണറുടെ വ്യക്തിപരമായ പ്രീതി എന്ന തീരുമാനം അനുസരിച്ച് നടപടികൾക്ക് മുതിർന്നാൽ ഭരണഘടനാപരമായ പ്രതിസന്ധി ഉണ്ടാകും എന്നാണ് നിയമപരമായ പൊതുഅഭിപ്രായം.  

ഗവർണർക്ക് ഉണ്ടാകേണ്ട പ്രീതി വ്യക്തിപരമായ പ്രീതി അല്ല അത് ഭരണഘടനാപരമായ അർത്ഥത്തിലുള്ള പ്രീതിയായി കണക്കാക്കണം. ആരെയാണ് മന്ത്രിമാരായി നിയമിക്കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അധികാരം പ്രധാനമന്ത്രിക്ക് ആണ് എന്ന് ഭരണഘടനാ ബഞ്ച് കൃത്യമായി തന്നെ പറഞ്ഞിട്ടുള്ളതാണ്. [Manoj Narula (2014)9 SCC 1]. 

പ്രീതി സിദ്ധാന്തം (Doctrine of pleasure) ഉൽഭവിച്ചത് ബ്രിട്ടനിലാണ്. പൂർവ്വകാലങ്ങളിൽ രാജഭരണത്തിന്റെ പ്രീതിക്കെതിരാകുന്ന മന്ത്രിമാരെ പുറത്താക്കാൻ ആകുമായിരുന്നു. പിന്നീട് ജനാധിപത്യ ഭരണകൂടങ്ങൾ നിലവിൽ വന്നപ്പോൾ അധികാര കേന്ദ്രം പാർലമെൻറ് ആയി മാറി. അതേസമയം രാജഭരണാധികാരം പേരിന് നിലനിർത്തി. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായ വ്യാഖ്യാനം, ഗവർണർക്ക് എക്സിക്യൂട്ടീവ് അധികാരങ്ങൾ മന്ത്രിസഭയുടെ ഉപദേശാനുസരണം അല്ലാതെ ഉപയോഗിക്കാനാവില്ല എന്ന് പറയേണ്ടിവരും. 
#powers_of_governer_article_malayalam_sherry

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *