Article

കേവലം അശ്രദ്ധയോ, അപകട സാധ്യതയുണ്ട് എന്ന അറിവോടെയുളള കുറ്റകൃത്യമോ ?

കേവലം അശ്രദ്ധയോ, അപകട സാധ്യതയുണ്ട് എന്ന അറിവോടെയുളള കുറ്റകൃത്യമോ ? 

അനന്തു അന്നും അമ്മയ്ക്ക് ചുംബനം നൽകിയാണ് രാവിലെ യാത്രയായത്. ഇരുചക്ര വാഹനത്തിൽ പഠിക്കാൻ പോയ വിദ്യാർത്ഥിയുടെ നെഞ്ചിലേക്ക് വലിയ കരിങ്കല്ല് ടിപ്പർ ലോറിയിൽ നിന്നും തെറിച്ചുവീണു ഉണ്ടായ മരണം ദാരുണമായിരുന്നു. 

വിഴിഞ്ഞം തുറമുഖത്ത് ഇറക്കേണ്ട വലിയ കല്ല് വന്നു പതിച്ചത് കേവലം അശ്രദ്ധ അല്ലെന്നും, അത്തരത്തിൽ നിറച്ച് കല്ല് കൊണ്ടുപോയാൽ അപകട സാധ്യത ഉണ്ട് എന്ന അറിവ് സ്ഥിരമായി വാഹനത്തിൽ ഇതുപോലെ കല്ല് കയറ്റി കൊണ്ടുപോകുന്ന ഡ്രൈവർക്കും ചുമതലപ്പെട്ടവർക്കും ഉണ്ട് എന്നും പറയേണ്ടി വരില്ലേ എന്നത് ന്യായമായ ചോദ്യമാണ്. ഈ പ്രദേശത്ത് അമിത ലോഡുമായി  ടിപ്പർ ലോറികൾ ഇത്തരത്തിൽ പോകുന്നത് ഇതിനുമുമ്പും പരാതിക്ക് ഇടയായിട്ടുള്ളതാണ്. മരണപ്പെട്ട അനന്തു എന്ന ചെറുപ്പക്കാരന് പുറമേ നിരവധി ആളുകൾ ഇവിടെ അപകടങ്ങൾക്ക് ഇരയായിട്ടുണ്ട്. അപകടങ്ങളുടെ രക്തസാക്ഷികളായി ഇപ്പോഴും ജീവിക്കുന്നവരുണ്ട്. 

കോൺട്രാക്ട് പ്രകാരം നിശ്ചിത തുകയ്ക്ക് ലോഡ് എത്തിക്കുന്ന ടിപ്പർ ലോറികൾ നിയമാനുസൃതം വാഹനത്തിൽ കയറ്റാവുന്ന ഭാരത്തിൽ അധികം കയറ്റി പോകുന്നു എന്ന് കൃത്യമായ പരാതികളും തെളിവുകളും നൽകിയിട്ടും നടപടികൾ ഉണ്ടായിട്ടില്ല എന്ന് പരിസരവാസികൾ പറയുന്നു. ലാഭം മുന്നിൽക്കണ്ട് കൂടുതൽ ഭാരം കയറ്റി  അമിതവേഗത്തിൽ ടിപ്പറുകൾ പറയുന്നത് സ്ഥിരം കാഴ്ചയാണത്രേ.

ഇതിനുമുമ്പും ഇതേ പ്രദേശത്ത് തന്നെ കല്ലുകൾ ഇങ്ങനെ തെറിച്ചു വീണ് തലനാരിഴക്ക് പലരും രക്ഷപ്പെട്ടിട്ടുണ്ട്. ഒരുതവണ ഇത്തരം സംഭവമുണ്ടായപ്പോൾ അതിന് പുറകെ ഇരുചക്ര വാഹനത്തിൽ ചെന്ന് അധികാരികളെ കാര്യം ബോധിപ്പിച്ച് മേലിൽ ആവർത്തിക്കില്ല എന്ന് ഉറപ്പുവാങ്ങിയതായും ഒരു നാട്ടുകാരൻ നേരിട്ട് പറയുന്നത് കേട്ടു. 

തീരം സംരക്ഷിക്കുന്നതിന് കല്ല് ലഭ്യമല്ലാത്തതുകൊണ്ട് ടെട്രാപ്പൊട് പരീക്ഷിക്കുന്ന നാടാണ് നമ്മുടേത്. പക്ഷേ വിഴിഞ്ഞം തുറമുഖത്തേക്ക് നൂറുകണക്കിന് ഫുൾ ലോഡ് കല്ലാണ് എത്തുന്നത്. 

എടുത്ത കേസ് എന്താണ് ?

അനന്തുവിൻറെ മരണത്തെ തുടർന്ന് എടുത്തിരിക്കുന്ന കേസ് ഐപിസി വകുപ്പ് 304A ആണ് എന്നാണ് അറിഞ്ഞത്. 

304A യും 304 II കുറ്റങ്ങളുടെ വ്യത്യാസം എന്താണ് ? 

അശ്രദ്ധ മൂലം ഉണ്ടാവുന്ന സാധാരണ വാഹന അപകടങ്ങളിൽ ആരോപിക്കുന്ന കുറ്റമാണ് 304A. അത് ജാമ്യം കിട്ടാവുന്ന കുറ്റവും മജിസ്ട്രേറ്റ് കോടതിയിൽ തന്നെ വിചാരണ നടത്താവുന്ന ചെറിയ തരം കുറ്റവുമാണ്. രണ്ടുവർഷം ആണ് പരമാവധി ശിക്ഷ.

അതേ സമയം 304 II ആണ് ആരോപിക്കുന്നതെങ്കിൽ ജാമ്യം ലഭിക്കാത്തതും പത്തുവർഷം വരെ ശിക്ഷ കിട്ടാവുന്നതും സെഷൻസ് കോടതിയിൽ വിചാരണ നടത്തേണ്ടതുമായ ഗൗരവമേറിയ കുറ്റമാണ്. തന്റെ പ്രവർത്തി മൂലം മരണസാധ്യത ഉണ്ട് എന്ന തിരിച്ചറിവ് 304 II വകുപ്പിന് കാരണമാകാം.  അപകടം സംഭവിക്കാൻ സാധ്യതയുണ്ട് എന്ന് അറിവോടെയുളള നരഹത്യ എന്ന കുറ്റമാണത്. 

ഇതിനുമുമ്പും ഇതേ പ്രദേശത്ത് വാഹനങ്ങളിൽ അമിത ലോഡ് കയറ്റി അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലത്ത്, അമിത ലോഡ് കയറ്റി സുരക്ഷ ലംഘിച്ച് വാഹനമോടിക്കുന്നത് ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് എന്ന് സ്ഥിരമായി വാഹനം ഓടിക്കുന്ന ഡ്രൈവർ എന്ന നിലയിൽ ഈ വാഹനം ഉപയോഗിച്ച ആൾക്ക് അറിവുണ്ടാകേണ്ടതാണ്. അമിതമായ ലോഡ് കയറ്റി ഇത്തരത്തിൽ വരുന്നത് അപകടകരമാണ് എന്ന് അറിവുള്ള മറ്റു ചുമതലപ്പെട്ടവരും ഇവിടെ പരാമർശ വിധേയമാകാം. അത്തരത്തിൽ അറിവ് ഉണ്ടായി സംഭവിക്കുന്ന അപകടം, അശ്രദ്ധയും ഉദാസീനതയും മൂലം ഉണ്ടാകുന്ന അപകടത്തെക്കാൾ  ഗൗരവമേറിയതാണ്. 

ഐപിസി 304A ചരിത്രം 

1860 ൽ ഇന്ത്യൻ ശിക്ഷാ നിയമം ഉണ്ടാക്കിയ സമയത്ത് 304A എന്ന വകുപ്പ് ഉണ്ടായിരുന്നില്ല. പിന്നീട് ഭേദഗതിയിലൂടെ 1870 ലാണ് അത് കൂട്ടിച്ചേർത്തത്. ഏതൊക്കെ ഘട്ടങ്ങളിൽ അപകടമരണങ്ങൾ പോലും 304 II എന്ന വകുപ്പിൻറെ പരിധിയിൽ വരും എന്ന് നിരവധി കോടതിവിധികളും ഉണ്ട്. 

വിഴിഞ്ഞത്തേക്ക് അളവിൽ അധികം കരിങ്കല്ല് കയറ്റി പോയ ലോറിയിൽ നിന്ന് കരിങ്കല്ല് വീണ് ഉണ്ടായ മരണം ഇത്തരത്തിൽ അമിതമായി കല്ല് കയറ്റി വാഹനം ഓടിച്ചു പോകുമ്പോൾ അതിൻറെ ചുമതലപ്പെട്ടവർക്ക് ഇങ്ങനെയുള്ള അപകടം ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന അറിവ് ഉണ്ട് എന്ന് വേണം അനുമാനിക്കാൻ. 

ക്രിമിനൽ കേസ് വിചാരണ സമയത്തും,  അപകടമരണ ഇൻഷുറൻസ് ക്ലെയിം ഉണ്ടാകുമ്പോഴും 304A വകുപ്പ് പ്രകാരമുള്ള കുറ്റവും  304 II വകുപ്പ് പ്രകാരമുള്ള കുറ്റവും സംബന്ധിച്ച് വ്യത്യസ്തമായ രീതിയിലായിരിക്കും പ്രോസിക്യൂഷനും പ്രതിഭാഗവും സമീപിക്കുക.  എന്നിരുന്നാലും മോട്ടോർ വാഹന അപകട നഷ്ടപരിഹാര ട്രൈബ്യൂണൽ ക്ലെയിം പരിശോധിക്കുമ്പോൾ വാഹന അപകടം ഉണ്ടാക്കിയ ആളുടെ ഉദ്ദേശം പ്രസക്തമല്ല.

304A and 304 II IPC 

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *