Article
Article on Euthanasia - മരണഭയം ഇല്ലാത്തവരുണ്ടോ ?
മരണഭയം ഇല്ലാത്തവരുണ്ടോ ?
അഡ്വ. ഷെറി ജെ തോമസ്
പരമാവധി കാലം ആരോഗ്യവാനായി അല്ലലില്ലാതെ ജീവിക്കാന്‍ ആഗ്രഹം ഇല്ലാത്തവര്‍ ഉണ്ടോ എന്നു ചോദിച്ചാല്‍ എന്തായിരിക്കും മറുപടി? ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍ആരോഗ്യം നശിച്ച് മരിച്ചതിനു തുല്യം കിടപ്പിലായാവരോട് എപ്പോഴെങ്കിലും ഉണ്ടാകുന്ന ബോധാവസ്ഥയില്‍, ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം ഉണ്ടോ എന്ന് ചോദിച്ചാല്‍ ജീവിതത്തിലേക്ക് തിരിച്ചു വരേണ്ട മരണത്തെ പുല്‍കിയാല്‍ മതി എന്ന് ആരെങ്കിലും പറയുമോ? ഇതുതന്നെയാണ് ദയാവധത്തിനുള്ള മറുപടി; അത് നിഷ്ക്രിയ വധമാണെങ്കിലും ക്രിയാ വധമാണെങ്കിലും ഫലം ഒന്നുതന്നെ- മരണം. വരാന്‍ പോകുന്ന അബോധാവസ്ഥാകാലത്ത് ജീവന് എന്തു സംഭവിക്കണമെന്ന് സുബോധം ഉള്ളപ്പോള്‍ എന്തു തന്നെ നിശ്ചയിച്ചുറപ്പിച്ചാലും അവസാന തുടിപ്പും ജീവന്‍ നിലക്കുമ്പോഴുണ്ടാകുന്ന പെടപ്പും രണ്ടും മനുഷ്യനില്‍ ഭയമുണ്ടാക്കുന്നതുതന്നെയാണ്.
നല്ല മരണം
യുത്തനേസിയ എന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ത്ഥം നല്ല മരണം എന്നാണ്. വേദനയില്‍ നിന്നും കഷ്ടപ്പാടുകളില്‍നിന്നും രക്ഷനേടാന്‍ മനപ്പൂര്‍വ്വം ജീവിതം അവസാനിപ്പിക്കുന്ന രീതി. പല രാജ്യങ്ങളിലും പല രീതിയിലാണ് അതിനെ കാണുന്നത്. ബ്രിട്ടണില്‍ അതിനെ കണക്കാക്കുന്നത് ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ മനപ്പൂര്‍വം ജീവിതം അവസാനിപ്പിക്കാന്‍ എടുക്കുന്ന തീരുമാനം എന്നാണ്. നെതര്‍ലാന്‍ഡിലും ബെല്‍ജിയത്തിലും രോഗിയുടെ അപേക്ഷാനുസരണം ഡോക്ടര്‍ അവസാനിപ്പിക്കുന്ന ജീവിതം എന്നാണതിനെ പറയുന്നത്. നിയമം അതിന് ദയാവധം എന്ന് പറയുന്നില്ല പക്ഷെ സഹായത്തോടെയുള്ള ആത്മഹത്യയും അപേക്ഷപ്രകാരമുള്ള ജീവിതം അവസാനിപ്പിക്കല്‍ എന്നുമാണ്.
മാന്യമായ ജീവിതവും മാന്യമായ മരണവും
1973 നവംബര്‍ 27. മുംബൈയിലെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ രാത്രിയില്‍ ജോലികഴിഞ്ഞ് വസ്ത്രം മാറുന്നതിനിടയില്‍ നഴ്സായ അരുണ ഷാന്‍ബാഗ് നെ അതേ ആശുപത്രിയിലെ തന്നെ ഒരു തൊഴിലാളി ലൈംഗികമായി കീഴ്പ്പെടുത്തുന്നതിനടയില്‍ കഴുത്തില്‍ മാല മുറുകി അബോധാവസ്ഥയിലായ അരുണ 2015 മെയ് 18 വരെ (42 വര്‍ഷം) അബോധാവസ്ഥയില്‍ തന്നെയായിരുന്നു. മാന്യമായി ജീവിക്കാന്‍ അവകാശമുള്ള രാജ്യത്ത് അബോധാവസ്ഥയിലുള്ള അരുണയുടെ ജീവിതം മാന്യമല്ല എന്ന കാരണമുന്നയിച്ച് അരുണയുടെ സുഹൃത്ത് പിങ്കി വിരാനി അവര്‍ക്ക് ദയാവധം നല്‍കാന്‍ അനുവാദത്തിനായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
മാന്യമായി ജീവിക്കുക എന്നുള്ളത് ഇന്ത്യയില്‍ മൗലിക അവകാശമാണ്. അതുപോലെ മാന്യമായി മരിക്കുക എന്നുള്ളതും മൗലിക അവകാശമാണ് എന്നാണ് സുപ്രീം കോടതി പറഞ്ഞത്. അരുണയെ ശുശ്രൂഷിക്കുന്ന ആശുപത്രിയധികൃതര്‍ അവര്‍ക്ക് ദയാവധ നല്‍കണമെന്നാവശ്യത്തെ അംഗീകരിക്കാതിരുന്നത് കൊണ്ട് കോടതി ദയാവധം അനുവദിച്ചില്ലെങ്കിലും നിഷ്ക്രിയ ദയാവധത്തിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് കൊണ്ട് ഉത്തരവായി. അതേസമയം ആത്മഹത്യ എന്നുള്ളത് ഇന്ന് ഒരു കുറ്റമായി തന്നെ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ നിലനില്‍ക്കുന്നു. ആത്മഹത്യാശ്രമവും ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ നിലനില്‍ക്കുന്നുവെങ്കിലും 2016 ഓഗസ്റ്റ് 8-ന് അംഗീകരിച്ച മാനസിക ആരോഗ്യ സംരക്ഷണ ബില്ലിലെ വകുപ്പ് 124 പ്രകാരം ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ആളുകളുടെ മാനസികാവസ്ഥ ആരോഗ്യകരമല്ലാത്തതാണ് എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്ന് ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവായിവരുന്നുണ്ട്.
ഇനി ഇതാണ് നിയമം
രാജ്യത്ത് നിയമം ഉണ്ടാക്കേണ്ടത് നിയമനിര്‍മാണ സഭകള്‍ ആണ്. പക്ഷേ ചില ഘട്ടങ്ങളില്‍, നിയമം ഇല്ലാത്ത അവസ്ഥയില്‍ നീതിന്യായ പീഠങ്ങള്‍ക്ക് നിയമനിര്‍മ്മാണത്തിന്‍റെ വിടവ് നികത്താം. നിഷ്ക്രിയ ദയാവധം സംബന്ധിച്ച സുപ്രീംകോടതി അഞ്ചംഗ ബെഞ്ച്പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ ഇനി നിയമമായി നിലനില്‍ക്കും; പാര്‍ലമെന്‍റില്‍ ഇതു സംബന്ധിച്ച പുതിയ നിയമം വരുന്നത് വരെയും.
ഇതേ കോടതിയുടെ തന്നെ 1994 ലെ ഒരു അഞ്ചംഗ ബെഞ്ച് പറഞ്ഞത് ജീവിക്കാനുള്ള അവകാശം മരിക്കാനുള്ള അവകാശമായി ബന്ധപ്പെടുത്താന്‍ ആവില്ല എന്നതാണ്. ആത്മഹത്യാശ്രമം കുറ്റമല്ല എന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 309 റദ്ദ് ചെയ്തു കൊണ്ടുള്ള രണ്ടംഗ ബെഞ്ചിന്‍റെ വിധിയെ മറികടന്ന് കൊണ്ടാണ് അന്ന് സുപ്രീംകോടതി ഇങ്ങനെ പറഞ്ഞത്.
അന്നത്തെ അഞ്ചംഗബെഞ്ച് അങ്ങനെ ഇന്നത്തെ അഞ്ചംഗബെഞ്ച് ഇങ്ങനെ
സീനിയര്‍ അഭിഭാഷകരായ ഫാലി എസ് നരിമാനും, സോളി സൊറാബ്ജിയും അമിക്കസ് ക്യൂറികളായി കോടതിയെ സഹായിച്ച കേസില്‍ ആണ് മരിക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമല്ല എന്ന് 1996 ല്‍ സുപ്രീം കോടതിയുടെ തന്നെ അഞ്ചംഗബെഞ്ച് പറഞ്ഞത്. (ജിയാന്‍ കൗര്‍ - വെ.- സ്റ്റേറ്റ് ഓഫ് പഞ്ചാബ് ). ആത്മഹത്യാശ്രമം കുറ്റകരമാക്കരുത് എന്നും അതേസമയം ആത്മഹത്യാപ്രേരണ കുറ്റമായി തന്നെ നിലനിര്‍ത്തണമെന്നും അവര്‍ വാദിച്ചു. സംസാരിക്കാനുള്ള മൗലികാവകാശം സംസാരിക്കാതിരിക്കാന്‍ ഉള്ള അവകാശം നല്‍കുന്നതുപോലെ, ജോലിചെയ്യാനുള്ള മൗലികാവകാശം ജോലി ചെയ്യാതിരിക്കാനുള്ള അവകാശം നല്‍കുന്നത് പോലെ, ജീവിക്കാനുള്ള അവകാശം ജീവിക്കാതിരിക്കാനുള്ള അവകാശമായും കണക്കാക്കണമെന്ന വാദം കോടതി നിരാകരിച്ചിരുന്നു. ആത്മഹത്യാ ശ്രമം കുറ്റകരമല്ലാതാക്കിയ രണ്ടംഗബെഞ്ചിന്‍റെ (രതിനാം -വെ- യൂണിയന്‍ ഓഫ് ഇന്ത്യ) വിധിയും 96 ല്‍ റദ്ദാക്കിയിരുന്നു.
ജീവനെടുക്കാന്‍ ആര്‍ക്കുണ്ട് അധികാരം ?
നിഷ്ക്രിയ ദയാവധത്തിന് കോടതി തന്നെ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കള്‍ തീരുമാനമെടുക്കണം അതും രോഗിയുടെ ഉത്തമ താല്പര്യം മുന്‍നിര്‍ത്തി ആയിരിക്കണം; അടുത്ത ബന്ധുക്കളോ ഡോക്ടറോ തീരുമാനമെടുത്താല്‍ പോലും അത് രണ്ട് സാക്ഷികളുടെ സാന്നിദ്ധ്യത്തിലും ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്‍റെ ഒപ്പോടുകൂടിയുമായിരിക്കണം; കൂടാതെ മെഡിക്കല്‍ ബോര്‍ഡിന്‍റെ അംഗീകാരവും വേണം. വേണമെങ്കില്‍ ജീവിച്ചിരിക്കെ തന്നെ നിഷ്ക്രിയ ദയാവധത്തെക്കുറിച്ച് വില്‍പ്പത്രം എഴുതാം.
എന്തു നിയമങ്ങള്‍ ഉണ്ടെങ്കിലും തീരുമാനിച്ചുറപ്പിച്ചവര്‍ അത് മറികടക്കാനുള്ള സാധ്യതകളും കണ്ടെത്തും. ജീവന്‍റെ അവസാന തുടിപ്പും ജീവന്‍ നഷ്ടമാകുമ്പോള്‍ ഉണ്ടാകുന്ന പെടപ്പും രണ്ടും ദൈവനിശ്ചയം പ്രകാരം നടക്കുന്നതാണ് എന്നാണ് ഭൂരിഭാഗവും വിശ്വസിക്കുന്നത്. അത് മനുഷ്യന്‍ നിശ്ചയിക്കാന്‍ തുടങ്ങിയാല്‍ അതിന് എന്ത് പേരിട്ടുവിളിച്ചാലും ജീവന്‍റെ കണികയോടുള്ള വെല്ലുവിളിതന്നെയാണ്.
നിയമങ്ങള്‍ അനുസരിക്കണമെന്നുണ്ടോ ?
ചോദ്യം ഗൗരവമേറിയതാണ്. നിയമം ലംഘിക്കാന്‍ പ്രേരിപ്പിക്കുയാണോ എന്നും തേന്നും. നിയമങ്ങള്‍ എല്ലാം അനുസരിക്കണം അത് ആരാണെങ്കിലും. സുപ്രീം കോടതിയുടെ വിധി രാജ്യത്തെ എല്ലാ നിയമസംവിധാനങ്ങളും പാലിക്കുകതന്നെ വേണം; അതാണ് ഭരണഘടനയുടെ അനുചേദനം 141 പറയുന്നത്. പക്ഷെ ചില നിയമങ്ങളെ അനുസരിച്ച് തന്നെ ചെറുത്തു തോല്‍പ്പിക്കാം. ദയാവധം തേടി ഒരാളും ജീവനുള്ള വില്‍പ്പത്രം എഴുതില്ല എന്നും അബോധാവസ്ഥയിലുള്ള ഉറ്റവരുടെ ജീവനെ മരുന്നു-യന്ത്രങ്ങളുടെ പ്രവൃത്തിയാലും ഉപേക്ഷയാലും ഇല്ലാതാക്കില്ലയെന്നും ബോധാവസ്ഥവയിലുള്ളവര്‍ തീരുമൊനമെടുത്താല്‍ മതിയാകും. ഒരാളുടെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നത് അയാളുടെ ജീവന്‍ ഇല്ലാതാകുന്നതുനുള്ള സാഹചര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് സമമാണ്. ഒരാള്‍ക്കെങ്കിലും ജീവനുണ്ടാക്കി കൊടുക്കാന്‍ കഴിയാത്ത മനുഷ്യന്‍ എന്തിന് ഉള്ള ജീവന്‍ എടുക്കാന്‍ ധാര്‍മ്മിക ന്യായങ്ങള്‍ തെരയണം ?
0 Comments
Leave a Reply