Article

ക്രിസ്ത്യന്‍ വിവാഹത്തിന് പുതിയ നിയമം ?

ക്രിസ്ത്യന്‍ വിവാഹത്തിന് പുതിയ നിയമം ? 

കേരളത്തില്‍ ക്രൈസ്തവരുടെ വിവാഹം നിലവില്‍ മതാചാരപ്രകാരം നടക്കുന്നതിന് പിന്‍ബലം നല്‍കുന്ന രണ്ടു നിയമങ്ങളാണ് ഇന്ത്യന്‍ ക്രിസ്ത്യന്‍ മാരേജ് നിയമവും (1872 ), കൊച്ചിന്‍ ക്രിസ്ത്യന്‍ സിവില്‍ മാരേജ് (1920) നിയമവും. 2008 ല്‍ കേരള വിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ നിലവില്‍ വന്നതോടുകൂടി കേരളത്തില്‍ മതാചാരപ്രകാരം നടക്കുന്ന എല്ലാ വിവാഹങ്ങളും നിര്‍ബന്ധമായും തദ്ദേശ ഭരണകൂടങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ഈയൊരു നിര്‍ബന്ധിത നിയമമുള്ളതുകൊണ്ടുതന്നെ  തദ്ദേശ ഭരണകൂടങ്ങളിലോ, സര്‍ക്കാര്‍ തലത്തിലോ ക്രൈസ്തവ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിലവിലെ ക്രൈസ്തവ വിവാഹം സംബന്ധിച്ച നിയമങ്ങള്‍ പറയുന്നില്ലെങ്കിലും  ദേവാലയങ്ങളില്‍ വെച്ച് മതാചാരപ്രകാരം നടക്കുന്ന എല്ലാ ക്രൈസ്തവ വിവാഹങ്ങളും നിര്‍ബന്ധമായും  രജിസ്റ്റര്‍ ചെയ്യപ്പെട്ടു പോരുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്.

എന്തിനാണ് 2008-ലെ കേരള വിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ നിലവില്‍ വന്നത് ? 

വിവാഹങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടത് സ്ത്രീകളുടെയും കുട്ടികളുടെയും അവകാശസംരക്ഷണത്തിന്‍റെ  ഭാഗമായി ഉണ്ടകേണ്ട ഒരു കാര്യമാണെന്നും ശൈശവ വിവാഹങ്ങള്‍, ഇല്ലാതാക്കുന്നതിനും, ഉഭയപക്ഷസമ്മതപ്രകാരമാണ് വിവാഹങ്ങള്‍ നടക്കുന്നത് എന്ന് ഉറപ്പുവരുത്താനും, വിവാഹസംബന്ധിയായ അവകാശങ്ങള്‍ കോടതികളിലൂടെ സ്ഥാപിച്ചെടുക്കുന്നതിനുള്ള രേഖകള്‍ ഉണ്ടാകുന്നതിനും, പിന്തുടര്‍ച്ചാവകാശസംബന്ധമായ കാര്യങ്ങള്‍ നേടിയെടുക്കുന്നതിനും,  സര്‍ക്കാര്‍ തലത്തില്‍ രേഖകള്‍ ഉണ്ടാകുന്നതിനും, ലക്ഷ്യം വച്ചുകൊണ്ടാണ് ഈ നിയമം രൂപീകൃതമായത്. സീമ വേഴ്സസ് അശ്വനീകുമാര്‍ എന്ന കേസില്‍ 2006-ല്‍ സുപ്രീം കോടതി എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് 2008-ലെ കേരള വിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ നിലവില്‍ വന്നത്. 
സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാത്തരത്തിലുമുള്ള   വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടുള്ള ദി കണ്‍വെന്‍ഷന്‍ ഓണ്‍ ദി എലിമിനേഷന്‍ ഓഫ് ഓള്‍ ഫോംസ് ഓഫ് ഡിസ്ക്രിമിനേഷന്‍ എഗെയിന്‍സ്റ്റ് വുമണ്‍ (സി.ഇ.ഡി.എ.ഡബ്ല്യൂ) എന്ന ഐക്യരാഷ്ട്ര സഭയുടെ കണ്‍വെന്‍ഷനില്‍ (1979) ഇന്ത്യ 1980 ജൂലൈ മാസം ഒപ്പുവച്ചിരുന്നു.  അന്നുമുതല്‍ തന്നെ വിവാഹം സംബന്ധിച്ച് ഇത്തരത്തിലുള്ള നിര്‍ബന്ധിത രജിസ്ട്രേഷന്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നുവെങ്കിലും വിവിധ മതവിഭാഗങ്ങള്‍ ഒരുമിച്ചു താമസിക്കുന്ന ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് മതാചാരങ്ങള്‍ പ്രകാരം നടക്കുന്ന എല്ലാ വിവാഹങ്ങളും നിര്‍ബന്ധമായും റജിസ്റ്റര്‍ ചെയ്യുന്നത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന് പരാമര്‍ശിക്കപ്പെട്ടിരുന്നു. മതാചാര പ്രകാരമുള്ള വിവാഹങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമല്ലാത്തതുകൊണ്ട് പല വിദേശരാജ്യങ്ങളിലും അക്കാര്യങ്ങള്‍ ഹാജരാക്കുന്നതിന് സാങ്കേതികമായ പ്രശ്നങ്ങളുമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മതാചാരപ്രകാരമുള്ള വിവാഹങ്ങള്‍ നടക്കവേ തന്നെ, അതിനുശേഷം അത്തരത്തിലുള്ള എല്ലാ വിവാഹങ്ങളും സരക്കാര്‍ തലത്തിലും രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യം ഉണ്ടായത്.  

2008 ലെ നിയമത്തില്‍ ഭേദഗതി

2008-ലെ നിയമത്തില്‍ 2015 ഫെബ്രുവരി 16-ന് സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തുകയുണ്ടായി. ജി.ഒ. 2/2015 എന്ന നമ്പറായി ഇറക്കിയ ഉത്തരവിലൂടെ ഭേദഗതി നടപ്പിലാക്കുകയും, അതുപ്രകാരം ഭാരതത്തില്‍ നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരമോ മതാചാരപ്രകാരമോ നടത്തുന്ന വിവാഹങ്ങള്‍ അല്ലാതെ, വിവാഹമെന്ന പേരില്‍ ഏതെങ്കിലും കരാര്‍  പകാരമോ മറ്റേതെങ്കിലും വിധത്തില്‍ ഉണ്ടാക്കുന്ന യാതൊരു ബന്ധവും 2008 ലെ ചട്ടങ്ങള്‍ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതല്ല എന്ന നിബന്ധന ഉള്‍പ്പെടുത്തി.   എന്നാല്‍, ഈ ഭേദഗതി പല തദ്ദേശഭരണകൂടങ്ങളിലും, വിവാഹത്തിലെ കക്ഷികളുടെ മതം പരിഗണിച്ച രജിസ്ട്രാര്‍മാര്‍ വ്യത്യസ്ത സമീപനം കൈക്കൊള്ളുന്നതായി പരാതി ഉയര്‍ന്ന  സാഹചര്യത്തില്‍ 2021 നവംബര്‍ 23-ന് സര്‍ക്കാര്‍, സര്‍ക്കുലര്‍ പുറത്തിറക്കി. സീമ വെര്‍സസ് അശ്വനികുമാര്‍ കേസില്‍ പരാമര്‍ശിച്ച പ്രകാരം, വിവാഹം രജിസ്റ്റര്‍ ചെയ്തു എന്നതുകൊണ്ടു മാത്രം അതൊരു സാധുതയുള്ള വിവാഹത്തിന്‍റെ തെളിവാകുന്നതല്ല. അതേ സമയം ആ വിവാഹത്തില്‍ ജനിക്കുന്ന കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിവാഹിതരാകുന്നവരുടെ പ്രായം മുതലായ കാര്യങ്ങള്‍ക്ക് മുഖ്യ തെളിവായിരിക്കുന്നമെന്നും സൂചിപ്പച്ചിരുന്നു. ഇതിന്‍റെയടിസ്ഥാനത്തില്‍ വിവാഹത്തിലെ കക്ഷികളുടെ മതമേതെന്ന രേഖയോ, മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യപ്പെടേണ്ടതില്ല എന്നാണ് പുതിയ സര്‍ക്കുലര്‍. മെമ്മോറാണ്ടത്തോടൊപ്പം കക്ഷികളുടെ ജനന തിയതി തെളിയിക്കുന്നതിനള്ള അംഗീകൃത രേഖകളും വിവാഹം നടന്നതിനു തെളിവായി മതാധികാരസ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രം അല്ലെങ്കില്‍ ഗസറ്റഡ് ഉദ്ദ്യോസ്ഥരുടേയോ, ജനപ്രതിനിധികളുടെയോ, ഫോം (2) രണ്ടിലൂടെ നല്‍കുന്ന പ്രസ്താവനയും, ഏതെങ്കിലും നിയമപ്രകാരം നടന്ന വിവാഹങ്ങള്‍ക്ക് വിവാഹ ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രവും ഉണ്ടെങ്കില്‍ ചട്ടങ്ങളിലെ മറ്റ് വ്യവസ്ഥകള്‍ പാലിച്ച് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് സര്‍ക്കുലറില്‍ നിഷ്ക്കര്‍ഷച്ചു.   
 
പുതിയ ബില്ലിന്‍റെ പ്രത്യേകതകള്‍ എന്താണ് ?

 നിലവില്‍ ക്രൈസ്തവ വിവാഹങ്ങള്‍ നടക്കുന്നത,് നിയമപരമായി സാംഗത്വം ലഭിക്കുന്നത് ഇന്ത്യന്‍ ക്രിസ്ത്യന്‍ നിയമം 1872 / കൊച്ചിന്‍ ക്രിസ്റ്റ്യന്‍ സിവില്‍ മാര്യേജ് നിയമം 1920 എന്നിവ പ്രകാരമാണ്.  ഇത് നിലനില്‍ക്കേയാണ് 2 നിയമങ്ങളുണ്ട് എന്നതുകൊണ്ടും, അവ ഏകീകരിക്കണം എന്ന ഉദ്ദേശത്തോടുകൂടിയും അതോടൊപ്പം ക്രൈസ്തവ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് നിലവിലെ നിയമങ്ങള്‍ പറയുന്നില്ല എന്നതുകൊണ്ടും പുതിയ ഒരു വിവാഹനിയമ രജിസ്ട്രേഷന്‍ ബില്‍ 2020-ല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് ഒരുങ്ങുന്നത്.  
 പുതിയ ബില്‍ നടപ്പില്‍ വരുന്നതോടുകൂടി നിലവിലുള്ള ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹനിയമം 1872-ഉം, കൊച്ചിന്‍ ക്രിസ്ത്യന്‍ സിവില്‍ മാര്യേജ് നിയമവും ഇല്ലാതാകും.  നിലവിലുള്ള നിയമങ്ങളില്‍ ക്രിസ്ത്യന്‍ എന്ന പദം നിര്‍വ്വചിച്ചിരിക്കുന്നത് ക്രിസ്ത്യന്‍ മതവിശ്വാസം അനുസരിച്ച് ജീവിക്കുന്നവരെയാണ്.  പുതിയ ബില്ലില്‍ ക്രിസ്ത്യന്‍ എന്നതിന്‍റെ നിര്‍വ്വചനത്തിന് നല്കിയിരിക്കുന്നത് - ബൈബിളില്‍ വിശ്വസിക്കുന്നതവരും, യേശുക്രിസ്തുവിനെ ദൈവത്തിന്‍റെ ഏക പുത്രനായി സ്വീകരിക്കുന്നവനും, മാമോദീസ മുങ്ങിയവരും എന്നുമാണ് നിര്‍വ്വചിച്ചിരിക്കുന്നത്.  
 വിവാഹം സംബന്ധിച്ച നോട്ടീസ് സംബന്ധമായ കാര്യങ്ങളിലുമൊക്കെ, പൊതുവെ ലഘൂകരിക്കപ്പെട്ട രീതിയില്‍, നോട്ടീസ് നടപടികള്‍ കര്‍ശനമായി പാലിക്കണമെന്നതിന് നിലവിലെ നിയമത്തെയപേക്ഷിച്ച് വലിയ പ്രാധാന്യമില്ലാത്ത രീതിയില്‍ പുതിയ നിയമത്തില്‍ വ്യത്യാസങ്ങളുണ്ട്. അതൊക്കെ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതാണ്.  എന്നിരിക്കിലും, കാതലായ പ്രശ്നങ്ങള്‍ വരുന്നത് വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന സ്ഥലവും, തീയതിയും സംബന്ധിച്ചും, അതിനു വിസമ്മതിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ സംബന്ധിച്ചുമാണ്.  വകുപ്പ് 9 പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ട സമയവും, തീയതിയും, വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്ന വ്യക്തികളുടെ സൗകര്യത്തിന് അനുസൃതമായിട്ടായിരിക്കണം എന്നതാണ് പുതിയ ബില്ലില്‍ പറയുന്നത്.  അതോടൊപ്പം വിവാഹങ്ങള്‍ 2 മാസത്തിനുള്ളില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം എന്നും പറയുന്നു.  

വിവാഹം രജിസ്റ്റര്‍ ചെയ്തു കൊടുത്തില്ലെങ്കില്‍ ക്രിമിനല്‍ കുറ്റം

 വിവാഹം  രജിസ്റ്റര്‍ ചെയ്യാന്‍ ചുമതലപ്പെട്ട ആളുകള്‍ അക്കാര്യം  ചെയ്തില്ലെങ്കില്‍ പോലീസിന് നേരിട്ട് കേസെടുക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കി എന്നതാണ് പുതിയ നിയമത്തിലെ വ്യവസ്ഥ.  പുതിയ നിയമത്തിലെ വകുപ്പ് 14 അനുസരിച്ച് അധികാരം ഇല്ലാത്ത ആള്‍ അന്യായമായി വിവാഹം ചെവ്തു കൊടുത്താല്‍ 3 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്.  നിലവിലുള്ള നിയമങ്ങളിലും അധികാരമില്ലാതെ വിവാഹം ചെയ്തുകൊടുക്കുന്നത് ക്രിമിനല്‍ കുറ്റം തന്നെ.  അതേസമയം വകുപ്പ് 14 (2) ല്‍ പറയുന്നത് മതിയായ കാരണം ഇല്ലാതെ ചുമതലപ്പെട്ടയാളുകള്‍ ഈ നിയമപ്രകാരമുള്ള ചുമതലകള്‍ നിര്‍വ്വഹിച്ചില്ലെങ്കില്‍ അത് 3 മാസം വരെ തടവോ, 10000/-(പതിനായിരം) രൂപ പിഴയോ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി മാറും എന്നതാണ് വ്യവസ്ഥ.  പോലീസിനു നേരിട്ടു കേസെടുക്കാവുന്ന കോഗ്നൈസബിള്‍ കുറ്റമാണ് എന്നും പറയുന്നു.  ഏത് സാഹചര്യത്തിലാണ് ഇത്തരം ഒരു വകുപ്പ് വിവാഹരജിസ്ട്രേഷന്‍ സംബന്ധിച്ച്  നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല.  
 മതിയായ അന്വേഷണം നടത്തേണ്ട സാഹചര്യം കൊണ്ട് വിവാഹത്തിന് കാലതാമസം വരികയൊ, വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലമോ, സമയവും ചേരാതെ വരികയോ മറ്റു കാരണങ്ങള്‍ കൊണ്ടോ, കാലതാമസം ഉണ്ടായാലും, വിവാഹം നടത്തിക്കൊടുക്കുന്നതിന് അലംഭാവം വരുത്തിയെന്ന കേസും ചുമതലക്കാരായിട്ടുള്ള മാര്യേജ് ഓഫീസര്‍മാരുടെ പരിധിയില്‍ വരുന്ന വൈദികരുടെ മേല്‍ ആരോപിക്കപ്പെടാം. പുതിയ ക്രിസ്ത്യന്‍ വിവാഹ രജിസ്ട്രേഷന്‍ ബില്ലിലല്ലാതെ രാജ്യത്തെവിടെയെങ്കിലും ഇത്തരത്തില്‍, വിവാഹം നടത്തിക്കൊടുത്തില്ലെങ്കില്‍ കാര്‍മ്മികര്‍ക്കെതിരെ പോലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാവുന്ന കേസെടുക്കുന്ന തരത്തില്‍ നിയമുണ്ടെന്ന് കേള്‍വിയില്ല, കൂടുതലായി അന്വേഷിക്കേണ്ടിയിരിക്കുന്നു. ഏതു വിഭാഗത്തിനെ ബാധിക്കുന്നതിനാണോ നിയമം കൊണ്ടുവരുന്നത്, അവരുടെ അഭിപ്രായങ്ങള്‍ കൂടുതലായി കേള്‍ക്കുകയും വിശ്വാസത്തിലെടുക്കുകയും ചെയ്തുവേണം പുതിയ നിയമനിര്‍മ്മാണങ്ങള്‍ കൊണ്ടുവരേണ്ടത്; പ്രത്യേകിച്ച് വ്യക്തിനിയമങ്ങളെ ബാധിക്കുന്നത് !
Kerala Christian Marriage Registration Bill 2020

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *





A PHP Error was encountered

Severity: Core Warning

Message: PHP Startup: Unable to load dynamic library '/opt/alt/php56/usr/lib64/php/modules/imagick.so' - /opt/alt/php56/usr/lib64/php/modules/imagick.so: cannot open shared object file: No such file or directory

Filename: Unknown

Line Number: 0

Backtrace: