Article

ഒരുമിച്ച് താമസിച്ചാല്‍... അവകാശങ്ങള്‍ ഒരുപാട് !- Protection of women from domestic violence - Article

ഒരുമിച്ച് താമസിച്ചാല്‍... അവകാശങ്ങള്‍ ഒരുപാട് !


ഒരുമിച്ച് ഒരു വീട്ടില്‍ താമസിച്ച്, സ്നേഹവും സമാധാനവും എന്നെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയാല്‍ പീഡനങ്ങള്‍ പുറത്തറിയിക്കാതെ സര്‍വ്വം സഹയായി ജീവിക്കുന്നവര്‍ക്കും തീരെ നിവൃത്തിയില്ലാതെ വന്നാല്‍ അവസാനനിമിഷം  ആശ്രയിക്കാവുന്ന നിയമപരിരക്ഷയാണ് ഗാര്‍ഹിക പീഡന നിയമം. ഭര്‍ത്താവില്‍ നിന്നും ഭര്‍തൃഗൃഹത്തില്‍ നിന്നുമുണ്ടാകുന്ന പീഡനങ്ങള്‍ക്കും പുറമെ സ്വന്തം വീട്ടില്‍ നിന്നായാലും ബന്ധുക്കളില്‍ നിന്നായാലും ഗാര്‍ഹിക പീഡന നിയമം സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കുന്നു. വിവാഹത്തിലൂടെയോ മറ്റ് ബന്ധങ്ങളിലൂടെയോ, രക്തബന്ധത്തിലൂടെയോ ഒരുമിച്ച് ഒരു വീട്ടില്‍ താമസിക്കാന്‍ ഇടവന്നിട്ടുള്ള ആളുകളില്‍ നിന്ന് പീഡനങ്ങളുണ്ടായാല്‍ ഈ നിയമത്തിലൂടെ പരിരക്ഷ ലഭിക്കും. നിയമനിര്‍മ്മാണത്തിന്‍റെ ഉദ്ദേശം സമയബന്ധിതമായി ഹര്‍ജികള്‍ക്ക് തീര്‍പ്പുണ്ടാക്കണമെന്നാണെങ്കിലും കേസുകളുടെ ബാഹുല്യവും കോടതികളുടെ തിരക്കുമൂലവും സമയപരിധി സംബന്ധിച്ച്  പ്രായോഗിക ബുദ്ധിമുട്ടു
കളുണ്ടായേക്കാമെങ്കിലും  സാധാരണ ഗതിയില്‍ കുടുംബത്തില്‍ നിന്നും ഒരു സ്ത്രീ നേരിടുന്ന എല്ലാ പീഡനങ്ങള്‍ക്കും നിയമപരമായി അറുതി വരുത്താന്‍ ഈ നിയമം മൂലം സാധിക്കും. 

എന്താണ് ഗാര്‍ഹിക പീഡനം ?
ശാരീരികവും മാനസികവുമായ ആരോഗ്യം, സുരക്ഷ, ജീവന്‍, സുഗമമായ ജീവിതം എന്നിവയ്ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളെല്ലാം പീഡനമാണ്. ശാരീരിക ചൂഷണം, ലൈംഗീക ചൂഷണം, ഭാഷാപരവും വൈകാരികവുമായ  ചൂഷണം, സാമ്പത്തിക ചൂഷണം എന്നിവയെല്ലാം ഗാര്‍ഹിക പീഡനത്തിന്‍റെ പരിധിയില്‍ വരും. നിയമപരമല്ലാത്ത ഏതെങ്കിലും കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിലേക്കായോ, സ്ത്രീധനത്തിനോ, വസ്തുവഹകള്‍ക്കായോ ഭീഷണിയോ സമ്മര്‍ദ്ദമോ ചെലുത്തുക മുതലായവയും പീഡനമാണ്. മറ്റുള്ളവരുടെ മുന്നില്‍ അപമാനിക്കുന്നതും പരിഹസിക്കുന്നതും  ചീത്ത വിളിക്കുന്നതും കുട്ടികളുണ്ടാകാത്തതിനോ ആണ്‍കുട്ടികളുണ്ടാകാത്തതിനോ അധിക്ഷേപിക്കുന്നതും പീഡനമാണ്. നിയമപ്രകാരമോ ആചാരപ്രകാരമോ ലഭിക്കേണ്ടതോ ഉപയോഗിക്കേണ്ടതോ ആയ അവകാശങ്ങളുടെ ധ്വംസനവും ഗാര്‍ഹിക പീഡനമാണ്. കൂട്ടവകാശമുള്ള വസ്തു സമ്മതമില്ലാതെ നല്‍കുക മുതലായവയും ഇതിന്‍റെ പരിധിയില്‍ വരും. 

ആര്‍ക്കാണ് സംരക്ഷണം ?
ഏതെങ്കിലും തരത്തിലുള്ള ഗാര്‍ഹിക പീഡനത്തിന് വിധേയയായിട്ടുള്ള ഏതൊരു സ്ത്രീക്കും സംരക്ഷണത്തിന് അര്‍ഹതയുണ്ട്. രക്തബന്ധത്തിന്‍റെയോ വൈവാഹിക ബന്ധത്തിന്‍റെയോ കൂട്ടുകുടുംബത്തിന്‍റെയോ മറ്റേതെങ്കിലും ബന്ധത്തിന്‍റെ പേരിലോ ഒരുമിച്ച് ഒരു വീട്ടില്‍ കഴിഞ്ഞിട്ടുള്ളവരില്‍ നിന്ന് നേരിടുന്ന പീഡനങ്ങള്‍ക്കിരയായവര്‍ക്കാണ് സംരക്ഷണം ലഭിക്കുക.

എങ്ങനെ പരാതി നല്‍കും ?
പീഡനത്തിനിരയായ സ്ത്രീയോ അവര്‍ക്കുവേണ്ടി മറ്റാരെങ്കിലുമോ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന സംരക്ഷണ ഉദ്യോഗസ്ഥനോ ഈ നിയമപ്രകാരം പരാതി നല്‍കാം. മജിസ്ട്രറ്റു കോടതിയിലാണ് പരാതി നല്‍കേണ്ടത്. നിയമം അനുശാസിക്കുന്ന മാതൃകയിലായിരിക്കണം പരാതി നല്‍കേണ്ടത്. പരാതി ലഭിച്ച് 3 ദിവസത്തുനുള്ളില്‍ വാദം കേള്‍ക്കേണ്ടതും കഴിവതും 60 ദിവസത്തിനുള്ളില്‍ പരാതി തീര്‍പ്പാക്കാന്‍ മജിസ്ട്രറ്റ് ശ്രമിക്കേണ്ടതുമാണ്. പീഡനത്തിനിരയായ വീട്ടില്‍ തുടര്‍ന്നും താമസിക്കുന്നനുള്ള അവകാശം നിലനിര്‍ത്തിക്കൊണ്ടുതന്നെ പരാതി നല്‍കാവുന്നതാണ്.

എന്ത് സംരക്ഷണം ലഭിക്കാം ?
എതിര്‍ കക്ഷിയെ ഗാര്‍ഹിക പീഡനത്തില്‍ നിന്നും വിലക്കുക, ഗാര്‍ഹിക പീഡനത്തിന് പ്രേരണയോ സഹായമോ നല്‍കാതിരിക്കുക, ജോലി സ്ഥലങ്ങളില്‍ പ്രവേശിക്കരുത്, കുട്ടകളുടെ കാര്യത്തിലാണെങ്കില്‍ സ്കൂളില്‍ പ്രവേശിക്കാതിരിക്കുക, വ്യക്തിപരമായതോ രേഖാമൂലമോ ഫോണിലൂടെയോ ആശയവിനിമയം പാടില്ല, ഇരു കൂട്ടരും ഉപയോഗിച്ചു വരുന്ന ഭൂമി, സ്വത്ത്, ബാങ്ക് ലോക്കര്‍ മുതലായവ എതിര്‍കക്ഷി അന്യാധീനപ്പെടുത്താതിരിക്കുക, സ്ത്രീധനം അന്യാധീനപ്പെടുത്താതിരിക്കുക, പീഡനത്തിനിരയായവരെ സഹായിക്കുന്നവരെ ഉപദ്രവിക്കാതിരിക്കുക എന്നിങ്ങനെയെല്ലാം സാഹചര്യങ്ങള്‍ക്കനുസരിച്ച് കോടതി ഉത്തരവിടാം.  അതോടൊപ്പം തന്നെ എതിര്‍കക്ഷി പീഡനത്തിനിരായ സ്ത്രീയെ താമസസ്ഥലത്തു നിന്നും ഇറക്കിവിടുന്നതിനെതിരെയും വേണ്ടിവന്നല്‍ എതിര്‍ കക്ഷിയോട് മാറി താമസിക്കാനും എതിര്‍കക്ഷിയുടെ ബന്ധുക്കളോട് ഹര്‍ജിക്കാരി താമസിക്കുന്ന സ്ഥലത്തു കയറരുതെന്നും കോടതിക്ക് ഉത്തരവിടാവുന്നതാണ്. ഇത്തരം ഉത്തരവുകളെല്ലാം നടപ്പാക്കാന്‍ പോലീസ് സംരക്ഷണം നല്‍കാനും കോടിക്ക് ഉത്തരവിറക്കാവുന്നതാണ്. ഇതൊടൊപ്പം പീഡനത്തിനിരയായ സ്ത്രീക്ക് സാമ്പത്തിക സഹായം നല്‍കാനും കുട്ടികളുടെ സംരക്ഷണം ഏല്‍പ്പിക്കാനും വേണ്ടിവന്നാല്‍ എതിര്‍കക്ഷിയെ കേള്‍ക്കാതെ  തന്നെ ഇടക്കാല ഉത്തരവിറക്കുകയും ചെയ്യാം.  

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *





A PHP Error was encountered

Severity: Core Warning

Message: PHP Startup: Unable to load dynamic library '/opt/alt/php56/usr/lib64/php/modules/imagick.so' - /opt/alt/php56/usr/lib64/php/modules/imagick.so: cannot open shared object file: No such file or directory

Filename: Unknown

Line Number: 0

Backtrace: