Article

Cemetery and burial ground.. sanction and permission- സെമിത്തേരിയും, ശ്മശാനവും

Cemetery and burial ground.. sanction and permission

സെമിത്തേരിയും, ശ്മശാനവും

  ജനിച്ചവരൊക്കെ ഒരിയ്ക്കല്‍ മരിക്കും.  ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പള്ളിസെമിത്തേരിയില്‍ ഭൗതികശരീരത്തിന്‍റെ അവസാനയാത്ര ചെന്നെത്തും. ഇതരമതവിഭാഗങ്ങള്‍ക്ക് ശവരശരീരം കുഴിച്ചിടുകയും, ഭഹിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ ആചാരങ്ങള്‍ ഉണ്ട്.  
  
കേരളത്തില്‍ സെമിത്തേരിയും, ശ്മശാനവും തോന്നുന്നപടി തുടങ്ങുവാനും, നടത്തിക്കൊണ്ടുപോകുവാനും സാധിക്കില്ല.  കേരള പഞ്ചായത്ത് രാജ് നിയമപ്രകാരമാണ് അതിനുള്ള ചട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. 
 1998-ലെ The Kerala Panchayath Raj (Burial and burning ground) അനുസരിച്ചാണ് സെമിത്തേരിയുടെയും, ശ്മശാനങ്ങളുടേയും, പ്രവര്‍ത്തനചട്ടങ്ങള്‍.
മതസംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്വമായി മൃതസംസ്കരണത്തെ കാണേണ്ട കാര്യമില്ല.  മൃതസംസ്കരണത്തിന്  ശ്മശാനങ്ങള്‍ ഒരുക്കുവാന്‍ ഗ്രാമപഞ്ചായത്തിന് ബാധ്യതയുണ്ട്.  കേരള പഞ്ചായത്ത് രാജ് നിയമത്തിലെ നിര്‍ദ്ദിഷ്ട  ഫോറത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം.  ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയോടെ ശ്മശാനം തുടങ്ങി അതിന് ഉപയോഗിക്കുന്നവരില്‍ നിന്ന് വാടകയും, ഫീസും ഈടാക്കാം.  ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ നിന്നുള്ള ലൈസന്‍സ് ലഭിക്കാതെ പുതിയ ശ്മശാനങ്ങളോ, സെമിത്തേരികളോ സ്ഥാപിക്കുവാനാകില്ല.  നിലവിലുള്ള സെമിത്തേരികള്‍ക്കോ, ശ്മശാനങ്ങള്‍ക്കോ, വിസ്തൃതി കൂട്ടണമെങ്കിലും, പുതിയവ ആരംഭിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പാലിയ്ക്കണം.
ഭൂമിയുടെ വിസ്തൃതി, അതിരുകള്‍, പരിസരം, എന്നിവയൊക്കെ കാണിക്കുന്ന പ്ലാന്‍  സഹിതമാണ് അപേക്ഷിക്കേണ്ടത്.  സെമിത്തേരി തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ /സമുദായത്തിന്‍റെ പേരും വ്യക്തമാക്കിയിരിക്കണം.  സ്വകാര്യ സെമിത്തേരികള്‍ക്കായി സമര്‍പ്പിക്കുന്ന അപേക്ഷകളിേډല്‍ 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് പഞ്ചായത്ത് ശുപാര്‍ശകളോടെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുഖാന്തിരം ജില്ലാ കളക്ടര്‍ക്ക് നല്‍കണം.  അപേക്ഷ ലഭിച്ച ഉടനെ തന്നെ ആവശ്യമായ അന്വേഷണങ്ങള്‍ നടത്തി അടുത്ത 30 ദിവസത്തിനുള്ളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കണം.  തനിക്ക് ലഭിക്കുന്ന അപേക്ഷകളില്‍  പത്ര പരസ്യത്തിലൂടെയും, വില്ലേജ്, പഞ്ചായത്ത് തലങ്ങളിലുള്ള പൊതുഅറിയിപ്പിലൂടെയും, ലൈസന്‍സ് നല്‍കുന്നതിനു മുന്നോടിയായുള്ള  എതിര്‍പ്പുകളും, പരാതികളും, ക്ഷണിയ്ക്കും.  ലഭിക്കാവുന്ന പരാതികളും, നിര്‍ദ്ദേശങ്ങളും, പരിഗണിച്ചശേഷം ജില്ലാ കളക്ടര്‍ക്ക് ലൈസന്‍സ് അപേക്ഷ സ്വീകരിച്ച് ലൈസന്‍സ് നല്‍കുകയോ, നിരസിക്കുകയോ ചെയ്യാം.  എന്തുതന്നെയായാലും അന്തിമതീരുമാനം 6 മാസത്തിനുള്ളില്‍ സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍ ബാദ്ധ്യസ്ഥനാണ്.  ജില്ലാ കളക്ടറുടെ തീരുമാനത്തിനെതിരെ 30 ദിവസത്തിനുള്ളില്‍ സര്‍ക്കാരിന് അപ്പീല്‍ സമര്‍പ്പിക്കാം. 

എന്തൊക്കെയാണ് നിയന്ത്രണങ്ങള്‍?

തുടങ്ങുവാന്‍ ഉദേശിക്കുന്ന സെമിത്തേരി/ശ്മശാനത്തിന് 50 മീറ്റര്‍ ദൂരപരിധിയില്‍ വീടുകള്‍ ഉണ്ടാകരുത്.  വൈദ്യുതി ഉപയോഗിക്കുന്ന സംസ്കരണകേന്ദ്രമോ, ഭൂമിയുമായി ബന്ധം വരാത്തവാള്‍ട്ടുകളോ, ആണെങ്കില്‍  25 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ വീടുകള്‍ ഉണ്ടാകരുത്.  ഇത് തീരുമാനിക്കുന്നതിന് ലൈസന്‍സ് നല്‍കുന്നതിന് സമര്‍പ്പിച്ച അപേക്ഷയുടെ തിയതിയാണ് പരിഗണിക്കുന്നത്. 

ലൈസന്‍സ് ലഭിക്കാതെ ഉപയോഗിക്കരുത്.

ശവക്കല്ലറകള്‍ ക്രമാതീതമായി തിങ്ങി നിറഞ്ഞ സെമിത്തേരികള്‍, പരിസരങ്ങള്‍ക്ക് ആരോഗ്യകരമായ പ്രശ്ങ്ങള്‍ ഉണ്ടാകുന്നുവെന്ന് പഞ്ചായത്തുകള്‍ക്ക് ബോധ്യപ്പെട്ടാല്‍ അത്തരം സെമിത്തേരികളില്‍  തുടര്‍ന്നും അടക്കം ചെയ്യുന്നത് നിരോധിക്കാം.  അത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന തീരുമാനം ജില്ലാ മെഡിക്കല്‍ ഓഫീസറിന് അയച്ചുകൊടുക്കണം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ശുപാര്‍ശകളോടെ ജില്ലാകളക്ടര്‍ക്ക് അയച്ചുകൊടുക്കണം. ഉചിതമായ തീരുമാനം എടുക്കുന്ന സമയം സെമിത്തേരി നടത്തിപ്പുകാരന് കേള്‍ക്കുകകൂടി വേണം. 
ശവങ്ങള്‍ മറവുചെയ്യുന്ന കാര്യത്തിലും നിയന്ത്രണങ്ങളുണ്ട്.  2 മീറ്റര്‍ കുറയാത്ത ആഴമുള്ള കുഴികളിലായിരിക്കണം (താഴ്ന്ന സ്ഥലങ്ങളില്‍ ഇളവുണ്ട്) മറവ് ചെയ്യേണ്ടത്.   അടുത്തടുത്ത്  മറവു ചെയ്യുമ്പോള്‍ തൊട്ടടുത്തുള്ള കല്ലറയുടെ അതിരില്‍ നിന്നും ചുരുങ്ങിയത് 75 സെ.മീ. എങ്കിലും അകലത്തിലായിരിക്കണം അടുത്തത്.  കേസു സംബന്ധമായും മറ്റും ഒരിയ്ക്കല്‍ മറവുചെയ്ത ശവശരീരം വീണ്ടും തുറന്നെടുക്കുന്നതിന് മജിസ്ട്രേറ്റിന്‍റെ രേഖാമൂലമുള്ള ഉത്തരവ് ഉണ്ടായിരിക്കണം. അതോടൊപ്പം ശവശരീരം മറവു ചെയ്യാന്‍/ദഹിപ്പിക്കാന്‍ കൊണ്ടുപോകുമ്പോള്‍ മാന്യമായി പൊതിയാതെയും/മറയ്ക്കാതെയും, കൊണ്ടുപോകുന്നതും നിയമവിരുദ്ധമാണ്.
© Sherry J Thomas
www.niyamadarsi.com

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *